അഞ്ചു നിലയിൽ ഉയരേണ്ടത് സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്; ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാൻ ആരോഗ്യമന്ത്രി വിലയിരുത്തും

Mail This Article
കണ്ണൂർ ∙ ജില്ലാ ആശുപത്രിയുടെ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് നിർമാണം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ പ്രവൃത്തി വിലയിരുത്താൻ ആരോഗ്യമന്ത്രി വീണ ജോർജ് നേരിട്ടെത്തും. രണ്ടു വർഷംകൊണ്ടു പൂർത്തിയാക്കണമെന്ന വ്യവസ്ഥയോടെ 2019 ജൂൺ അഞ്ചിനായിരുന്നു 61.72 കോടി രൂപയുടെ പ്രവൃത്തി തുടങ്ങിയത്. ബിഎസ്എൻഎലിന്റെ മേൽനോട്ടത്തിൽ ഈറോഡ് ആസ്ഥാനമായ പി ആൻഡ് സി പ്രോജക്ട്സ് ആണ് പ്രവൃത്തി കരാറെടുത്തത്.

നിർമാണ കാലാവധി ജൂൺ 4ന് അവസാനിക്കേണ്ടതായിരുന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തിൽ ആറു മാസംകൂടി നീട്ടിക്കൊടുത്തിട്ടുണ്ട്. കെട്ടിടം ഏതാണ്ടു പൂർത്തിയായെങ്കിലും കൂടുതൽ സമയം വേണ്ടിവരുന്ന അകത്തെ പ്രവൃത്തികൾ ബാക്കിയാണ്. വയറിങ്, താഴത്തെ നിലയിലെ ടൈലിങ് പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ലിഫ്റ്റ്, വാട്ടർ ടാങ്ക്, പൈപ്പ് ലൈനുകൾ, ശുചിമുറികൾ, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈനുകൾ തുടങ്ങി ഒട്ടേറെ പ്രവൃത്തികൾ ബാക്കിയുണ്ട്.
നാമമാത്രമായ തൊഴിലാളികൾ മാത്രമാണ് നിലവിൽ നിർമാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. ഇങ്ങനെ തുടർന്നാൽ നീട്ടിക്കിട്ടിയ സമയത്തും പൂർത്തിയാവില്ല. ഫെബ്രുവരി 22നായിരുന്നു ജില്ലാ ആശുപത്രിയിൽ അഞ്ചുനില സൂപ്പർ സ്‌പെഷ്യൽറ്റി കെട്ടിട സമുച്ചയത്തിന്റെ നിർമാണം അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്‌ഘാടനം ചെയ്‌തത്. പ്രവൃത്തി തുടങ്ങാൻ വൈകിയതിനെത്തുടർന്ന് കെ.കെ.ശൈലജ ഇടപെട്ട് നിർമാണ പുരോഗതി വിലയിരുത്താൻ ഉപസമിതിയുണ്ടാക്കി തുടർച്ചയായി അവലോകനയോഗങ്ങൾ നടത്തിയിരുന്നു. കോവിഡ് രൂക്ഷമായതോടെ ഇതു മുടങ്ങുകയും പ്രവൃത്തി മന്ദഗതിയിലാകുകയും ചെയ്തു.
ഇതുവരെ ചെയ്ത പ്രവൃത്തിയുടെ തുക ലഭിക്കാത്തതാണ് നിർമാണം വൈകാൻ കാരണമെന്നു പി ആൻഡ് സി പ്രോജക്ട്സും കൃത്യസമയത്തു ബിൽ നൽകാത്തതാണ് തുക നൽകാൻ തടസ്സമെന്നു ബിഎസ്എൻഎലും കിഫ്‌ബിയും വാദിക്കുന്നു. ഇങ്ങനെ തുടരുന്നത് അവസാനിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പ്രവൃത്തി വിലയിരുത്താൻ ആരോഗ്യമന്ത്രി നേരിട്ടെത്തി യോഗം വിളിക്കാമെന്ന് അറിയിച്ചത്.
അഞ്ചു നിലയിൽ ഉയരേണ്ടത് സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്
സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രി, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, സർജിക്കൽ ബ്ലോക്ക് എന്നിവയാണ് മാസ്റ്റർ പ്ലാൻ അനുസരിച്ച് നിർമിക്കുന്നത്. അഞ്ചു നില സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയുടെ താഴത്തെ നിലയിൽ എൻട്രൻസ് ലോബി, മെഡിക്കൽ ഗ്യാസ് കൺട്രോൾ റൂം, ഇലക്ട്രിക്കൽ റൂം, സെർവർ റൂം, സബ് സ്‌റ്റേഷൻ, പമ്പ് ഹൗസ് ആൻഡ് ഫയർ കൺട്രോൾ, പാർക്കിങ് ഏരിയ എന്നിവയുണ്ടാവും. 24 കാറുകൾക്ക് പാർക്കിങ് സൗകര്യവും ഉണ്ടാകും.
ഒന്നാം നിലയിൽ 10 കൺസൽറ്റിങ് മുറികൾ, 22 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റ്, കാത് ലാബ്, ഡോക്ടർമാരുടെ വിശ്രമ മുറി, വെയ്റ്റിങ് ലോഞ്ച്, ഫാർമസി, സ്‌റ്റോർ, പിആർഒ, ശുചിമുറികൾ എന്നിവയുണ്ടാകും.രണ്ടാം നിലയിൽ 3 ഓപ്പറേഷൻ തിയറ്ററുകൾ, 22 കിടക്കകളുള്ള പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, 22 കിടക്കകളുള്ള കാർഡിയാക് ഐസിയു, 11 കിടക്കകളുള്ള ന്യൂറോളജി ഐസിയു, 11 കിടക്കകളുള്ള യൂറോളജി ഐസിയു, പ്രിപറേഷൻ ആൻഡ് അനസ്തീഷ്യ, നഴ്‌സസ് സ്‌റ്റേഷൻ, ഡോക്ടർമാരുടെയും സ്ത്രീകളുടെയും വിശ്രമമുറി, ഓട്ടോക്ലേവ് ആൻഡ് സ്‌റ്റെറൈൽ സ്‌റ്റോർ, ശുചിമുറികൾ.മൂന്നാംനിലയിൽ 32 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്, പോസിറ്റീവ് ഡയാലിസിസ്, 30 കിടക്കകളുള്ള ജനറൽ വാർഡ്, 7 സ്‌പെഷ്യൽറ്റി വാർഡുകൾ, വെയ്റ്റിങ് ഏരിയ, ആർഒ പ്ലാന്റ്, നഴ്‌സസ് സ്‌റ്റേഷൻ, സ്‌റ്റോർ, ശുചിമുറികൾ.
നാലാം നിലയിൽ 30 കിടക്കകളുള്ള ജനറൽ വാർഡുകൾ, 18 സ്‌പെഷൽ വാർഡുകൾ, നഴ്‌സസ് സ്‌റ്റേഷൻ, സ്‌റ്റോർ, ശുചിമുറികൾ. ജലവിതരണ സംവിധാനം, റോഡുകൾ എന്നിവയും പ്രതിദിനം 30 കിലോ ലീറ്റർ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റും പദ്ധതിയുടെ ഭാഗമാണ്.