വേദനിക്കുന്നവർക്കായി പുഞ്ചിരിക്കുന്ന പൂക്കൾ

Mail This Article
മാതമംഗലം ∙ വേദനിക്കുന്നവർക്ക് കൈത്താങ്ങേകാൻ പണം കണ്ടെത്താൻ മാതമംഗലം കൂട്ടായ്മ നടത്തിയ പച്ചക്കറിയും പൂ കൃഷിയും ഓണത്തിനു വിളവെടുക്കും. കൈതപ്രത്ത് താമസിക്കുന്ന മാതമംഗലത്തെ പച്ചക്കറി വ്യാപാരി രമേശൻ ഹരിതയുടെ നേതൃത്വത്തിലാണു കൂട്ടായ്മ രൂപീകരിച്ചത്. 2018ലെ പ്രളയകാലത്ത് ദുരിതത്തിലായവരെ സഹായിക്കാൻ രൂപപ്പെട്ട കൂട്ടായ്മ അന്ന് വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സഹായം നൽകി. ഭക്ഷണം, വസ്ത്രം, കുടിവെള്ളം, മരുന്ന് തുടങ്ങിയവ എത്തിച്ചു നൽകുകയും തകർന്ന വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് സഹായിക്കുകയും ചെയ്തു.
പ്രളയത്തിനുശേഷം സ്വന്തം നാട്ടിൽ സന്നദ്ധ പ്രവർത്തനങ്ങൾ തുടരാൻ മാതമംഗലം കൂട്ടായ്മ തീരുമാനിച്ചു. നിർധന രോഗികൾക്ക് ചികിത്സാ സഹായമെത്തിക്കാൻ തുടങ്ങി. 2019 മുതൽ ഇന്നുവരെ രോഗികളും ഭിന്നശേഷിയുള്ളവരുമായ 7 പേരുടെ കുടുംബങ്ങൾക്ക് പ്രതിമാസം നിശ്ചിത തുക മരുന്നിനും മറ്റും ഇവർ നൽകുന്നുണ്ട്.
ഒട്ടേറെ വിദ്യാർഥികൾക്ക് പഠനോപകരണം എത്തിച്ചു. കോവിഡിനെത്തുടർന്ന് പഠനം ഓൺലൈനായപ്പോൾ മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റുകളും നൽകി. ലോക്ഡൗണിൽ ദുരിതത്തിലായവർക്ക് ഭക്ഷണസാധനങ്ങളും പച്ചക്കറി കിറ്റുകളും നൽകി. മാതമംഗലത്തു മാത്രമല്ല, എരമം കുറ്റൂർ, പെരിങ്ങോം വയക്കര, കാങ്കോൽ ആലപ്പടമ്പ്, ചെറുപുഴ പഞ്ചായത്തുകളിലെ രോഗികളും നിർധനരുമായവർക്കും വിദ്യാർഥികൾക്കും ഇവരുടെ കൈത്താങ്ങ് ലഭിക്കുന്നു. ഭിന്നശേഷിയുള്ളവരുടെ അഭയ കേന്ദ്രത്തിലും സാമ്പത്തികസഹായം, ഭക്ഷ്യധാന്യങ്ങൾ, ചികിത്സാ സഹായം എന്നിവ ലഭ്യമാക്കാൻ മാതമംഗലം കൂട്ടായ്മ പ്രവർത്തിക്കുന്നു.