പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ 2 പേർ പിടിയിൽ

Mail This Article
തളിപ്പറമ്പ്∙ പതിനേഴുകാരിയെ കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വയനാട് സ്വദേശികളായ സഹോദരങ്ങളെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കോറോം തൊണ്ടർനാട് പാലേരി കൊയിറ്റിക്കണ്ടി കെ.വിജേഷ്(22), സഹോദരൻ പുൽപ്പള്ളി പെരിക്കല്ലൂർ കുന്നത്ത് ചാലിൽ കെ.കെ.മനോജ്(30) എന്നിവരെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി.ദിനേശൻ, എസ്ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ പിന്തുടർന്ന് പേരാവൂർ തുണ്ടിയിൽ പിടികൂടിയത്.
കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഒരു പെൺകുട്ടിയുമായി അമിത വേഗതയിൽ എത്തിയ കാർ മന്നക്ക് സമീപം വ്യാപാരിയായ അബ്ദുൽ ലത്തീഫ് എന്നയാളെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം നിർത്താതെ പോയതായി വിവരം ലഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോൾ ഈ കാർ കണ്ണപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇവിടെ നിന്നു വിജേഷ് പെൺകുട്ടിയുമായി ഓട്ടോയിൽ പയ്യാവൂരിൽ എത്തുകയും ഇവിടെ എത്തിയ ജ്യേഷ്ഠൻ മനോജ് ഓട്ടോ ടാക്സിയിൽ ഇരുവരുമായി വയനാട്ടിലേക്ക് പോവുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുമായി എത്തിയ വിജേഷിനെ വീട്ടുകാർ സ്വീകരിക്കാത്തതിനാൽ സമീപത്തെ ബന്ധുവീട്ടിൽ താമസിക്കുകയും അടുത്ത ദിവസം മനോജ് പെയിന്റിങ് ജോലി നടത്തുന്ന പേരാവൂർ തുണ്ടിയിലേക്ക് കൂട്ടി കൊണ്ട് വരികയും ചെയ്തു. ഇവരുടെ മൊബൈൽ പിന്തുടർന്ന് എത്തിയ തളിപ്പറമ്പ് പൊലീസ് പേരാവൂർ പൊലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടുകയായിരുന്നു.