രാജ്യത്ത് പുതുതായി കണ്ടെത്തിയ കടന്നലുകൾക്ക് കണ്ണപുരം സ്വദേശിയുടെ പേര്

Mail This Article
കണ്ണപുരം ∙ രാജ്യത്ത് പുതുതായി കണ്ടെത്തിയ കടന്നലുകളുടെ ഒരിനം കണ്ണപുരം സ്വദേശിയുടെ പേരിൽ അറിയപ്പെടും. ടിഫിയ ചരേഷി എന്ന പുതിയ ഇനം കടന്നലിനു കണ്ണപുരം സ്വദേശി സി.ചരേഷിന്റെ പേര് നൽകി ആദരിച്ചു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ.പി.ഗിരീഷ്കുമാർ, ഗവേഷണ വിദ്യാർഥി ഹണിമ രവീന്ദ്രൻ എന്നിവരാണ് പുതിയ ഇനം കടന്നലുകളെ കണ്ടെത്തിയത്. ടിഫിഡേ കുടുംബത്തിൽ ടിഫിയ ജനുസ്സിൽപെടുന്ന 10 പുതിയ ഇനം കടന്നലുകളാണു ശാസ്ത്ര ഗവേഷകർ വിവിധ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു. രാജ്യാന്തര ശാസ്ത്ര മാസിക സൂടാക്സയിൽ ഇവരുടെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ സി.ചരേഷ് ജോലി ചെയ്യുന്നതിനിടെ നടത്തിയ ഗവേഷണങ്ങൾക്കുള്ള ആദര സൂചകമായാണ് പേര് നൽകിയത്. കണ്ണപുരത്തെ കണ്ടൽക്കാടുകളിൽ 2018 ൽ നടത്തിയ പഠനങ്ങളിൽ പുതിയ ഇനം കടന്നൽ, തുമ്പി എന്നിവയെ കണ്ടെത്തിയിരുന്നു. ഈ ഗവേഷണങ്ങളിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു. കണ്ണപുരത്ത് കണ്ടെത്തിയ കടന്നലിനെ സ്ഥലനാമം ഉൾപ്പെടുത്തി മെഗാചാൾസിസ് കണ്ണപുരമെൻസിസ് എന്ന് പേര് കൂടി നൽകിയിരുന്നു. 2020 ൽ കണ്ണപുരം ഇടക്കേപ്പുറത്ത് നിന്നും പുതിയ ഇനം തുമ്പിയെ കണ്ടെത്തിയിരുന്നു. തുമ്പി ഗവേഷകനായ സി.ജി.കിരണിനോടുള്ള ആദരസൂചകമായി പ്ലാറ്റിലെസ്റ്റസ് കിരണി എന്ന പേരാണ് തുമ്പിക്കു നൽകിയത്.