മനസ്സ് നിറഞ്ഞ് അനുഗ്രഹിക്കാം ഈ നവദമ്പതികളെ

Mail This Article
കുനിത്തല∙ചിൽഡ്രൻസ് ഹോമിന്റെ മതിൽ കെട്ടിന് പുറത്ത് ആര്യയും ബിജുവും താലി ചാർത്തി. ആര്യയ്ക്ക് ജീവിതത്തിൽ കൈപിടിച്ചു നടക്കാൻ ഇനി ബിജുവും ബിജുവിന് ജീവിതത്തിൽ സ്വന്തമായി ചേർത്ത് പിടിക്കാൻ ആര്യയും ഉണ്ട്. എല്ലാം കണ്ടറിഞ്ഞ് നാട്ടുകാരും സുഹൃത്തുക്കളും കല്യാണം ആഘോഷമാക്കി. എറണാകുളത്തെ സർക്കാർ ചിൽഡ്രൻസ് ഹോമിലെ അംഗമായിരുന്നു ആര്യ. ബിജു കോഴിക്കോട് ചിൽഡ്രൻസ് ഹോമിലാണ് വളർന്നത്. 18 വയസു ആയപ്പോൾ നിയമ പ്രകാരം ബിജു ചിൽഡ്രൻസ് ഹോം വിട്ടു.
കഴിഞ്ഞ നാല് വർഷമായി പേരാവൂരിലെ കുനിത്തലയിൽ താമസിച്ച് നിർമാണ മേഖലയിൽ തൊഴിൽ ചെയ്തു വരികയായിരുന്നു. 21 വയസ്സ് പൂർത്തി ആയപ്പോൾ ആര്യയും ചിൽഡ്രൻസ് ഹോം വിട്ടു. ഇരുവരും തമ്മിൽ മുൻപ് കോഴിക്കോട് വച്ച് പരിചയപ്പെട്ടിരുന്നു. ഈ പരിചയമാണ് ഇപ്പോൾ വിവാഹിതരാകാനുള്ള തീരുമാനം എടുക്കുന്നതിന് കാരണമായത്.
ബിജുവിന്റെ സുഹൃത്തുക്കൾ ഇക്കാര്യം അറിഞ്ഞതോടെ പിന്തുണയുമായി രംഗത്ത് വന്നു. അയൽക്കാരും സഹപ്രവർത്തകരും ആഘോഷമായി ഇന്നലെ പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ച് ഇരുവരും തമ്മിലുള്ള വിവാഹം ആഘോഷമായി നടത്തി കൊടുത്തു. അയൽക്കാരായ സി.സനീഷ്, സുനീഷ് നന്ത്യത്ത്, ബിനു മങ്ങംമുണ്ട, കെ.സനൽ എന്നിവരാണ് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.