കൊടുംചൂടിൽ വരണ്ടുണങ്ങി മലയോരം; പഴശ്ശി ജലസംഭരണിയിലും ജലനിരപ്പ് താഴ്ന്നു
Mail This Article
ഇരിട്ടി∙ കൊടുംചൂടിൽ മലയോരവും ചുട്ടുപൊള്ളുന്നു. മിക്കയിടത്തും കിണറുകൾ വറ്റിത്തുടങ്ങി. കുടിവെള്ളക്ഷാമം നേരിടുമെന്ന ഭീഷണിയിലാണ് ഗ്രാമങ്ങൾ. കൃഷിവിളകളും കരിഞ്ഞുണങ്ങുകയാണ്. കുഴൽ കിണറുകളിൽ പോലും വെള്ളം ഇല്ലാതായി. ജലസേചനത്തിനായി സ്ഥാപിച്ച കുളങ്ങളും വറ്റിയതിനാൽ കാർഷിക മേഖല കടുത്ത പ്രതിസന്ധിയുടെ നിഴലിലാണ്. ഇത്രയും നേരത്തേ വരൾച്ച പ്രതീക്ഷിക്കാത്തതിനാൽ റവന്യു വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കുടിവെള്ളം ടാങ്കറുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയും ആരംഭിച്ചിട്ടില്ല.
പ്രളയകാലത്ത് കരകവിഞ്ഞൊഴുകിയ പുഴകളും തോടുകളും ഇക്കുറി വറ്റി വരണ്ട് നീരൊഴുക്ക് കൂടി മുറിഞ്ഞ നിലയിലാണ്. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജൈവ തടയണകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ മാത്രമാണ് നേരിയ നിലയിലെങ്കിലും വെള്ളം കാണാനുള്ളത്. മേഖലയിൽ ആറളം പഞ്ചായത്തിൽ മാത്രമാണ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജലനിധി പദ്ധതി ഉള്ളത്. അയ്യൻകുന്ന്, പായം, മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കുന്ന ജൽ ജീവൻ പദ്ധതി പ്രവൃത്തികൾ പൂർത്തീകരിക്കാത്തതിനാൽ ഈ വഴിയിലും രക്ഷയായില്ല.
ഇരിട്ടി നഗരസഭാ സമ്പൂർണ കുടിവെള്ള പദ്ധതി നിർമാണവും കമ്മിഷൻ ഘട്ടത്തിൽ എത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ശക്തമായ വേനൽ മഴ കിട്ടിയില്ലെങ്കിൽ കുടിവെള്ള ക്ഷാമം എങ്ങനെ പരിഹരിക്കുമെന്നാണു എങ്ങും ചർച്ചകൾ. കുടക് വനത്തിൽ നിന്ന് ഉൽഭവിച്ചെത്തുന്ന ബാരാപ്പുഴയും വയനാടൻ ചുരങ്ങളിൽ നിന്നെത്തുന്ന ബാവലി പുഴയും ഇതോടൊപ്പം ചേരുന്ന ചെറുതും വലുതുമായ പുഴകളും തോടുകളും അസംഖ്യം നിരുറവകളും ചേരുന്നതാണ് മലയോരത്തിന്റെ ജലധന്യത. ഇവയെല്ലാം വരണ്ടുണങ്ങിയതാണു ജനങ്ങളെ ഭയപ്പെടുത്തുന്നത്. 200 അടി താഴ്ചയിൽ വരെ സ്ഥാപിച്ച കുഴൽ കിണറുകൾ വറ്റിയതു ഭൂഗർഭ ജലം താഴുന്നതിന്റെ ആശങ്കയും ഉയർത്തിയിട്ടുണ്ട്. കമുക്, കുരുമുളക്, തെങ്ങ് തുടങ്ങിയവ ഉണങ്ങി നിൽക്കുന്നത് മേഖലയിലെ ഏതു റോഡുകളിലൂടെ യാത്ര ചെയ്താലും കാണാവുന്ന സ്ഥിതിയാണ്.
പഴശ്ശിയിൽ
ജലനിരപ്പ്
താഴുന്നതിൽ ആശങ്ക
അത്യുഷ്ണത്തിൽ പഴശ്ശി ജലസംഭരണിയിലെ ജലനിരപ്പും ക്രമാതീതമായി താഴുന്നതിൽ വൻ ആശങ്ക. 15 ദിവസത്തിനിടെ 57 സെന്റീമീറ്ററാണു ജലനിരപ്പ് താഴ്ന്നത്. ഈ മാസം 1 ന് 25.31 മീറ്റർ സംഭരണ ശേഷിയിൽ വെള്ളം ഉണ്ടായിരുന്നിടത്തു ഇന്നലെ 24.74 മീറ്ററിലേക്ക് താഴ്ന്ന നിലയിലാണ്. ഈ വിധം ജലനിരപ്പ് താഴുന്നതു കുടിവെള്ള വിതരണത്തെ ബാധിക്കുമോ എന്നതാണു ആശങ്ക ശക്തമാക്കുന്നത്.
ബാരാപ്പുഴയും ബാവലിപ്പുഴയും ഇരിട്ടി പൊലീസ് സ്റ്റേഷന് മുൻവശത്ത് സംഗമിച്ചു ഒന്നായി ഒഴുകിയാണു പഴശ്ശി അണക്കെട്ടിൽ എത്തുന്നത്. ഈ 2 പുഴകളിലും നീരൊഴുക്ക് കുറഞ്ഞതും ചൂടും ആണു അണക്കെട്ടിലെ ജലനിരപ്പ് താഴാൻ കാരണമെന്നാണ് നിരീക്ഷണം.
പ്രതിസന്ധിയിൽ
ശുദ്ധജല
പദ്ധതികൾ
2 ആഴ്ചകൾക്കിടെ ഉണ്ടായ വിധം ജലനിരപ്പ് താഴ്ന്നാൽ പഴശ്ശി പദ്ധതിയെ ആശ്രയിക്കുന്ന 8 കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാകും പദ്ധതിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ നാലിരട്ടിയിലധികം കുടിവെള്ളത്തിനായി വിവിധ പമ്പിങ് സ്റ്റേഷനുകൾ വഴി സംഭരണിയിൽ നിന്നു എടുക്കുന്നുണ്ട്. ജില്ലയിലെ മൂന്നിൽ രണ്ട് ഭാഗങ്ങളിലും കുടിവെള്ളം എത്തുന്നത് പഴശ്ശിയിൽ നിന്നാണ്. 300 ദശലക്ഷം ലീറ്റർ വെള്ളമാണ് പഴശ്ശി പദ്ധതിയിൽ നിന്നും ദിനം പ്രതി കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത്. കണ്ണൂർ കോർപറേഷൻ, 1 നഗരസഭ, 36 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിയിൽ നിന്നാണ്. 8 വലിയ കുടിവെള്ള പദ്ധതികൾക്ക് പുറമേ 5 ചെറുകിട കുടിവെള്ള പദ്ധതികളും പഴശ്ശിയെ ആശ്രയിച്ചു പ്രവർത്തിക്കുന്നുണ്ട്.
90 ദശലക്ഷം ലീറ്റർ വെള്ളമാണ് ജപ്പാൻ കുടിവെള്ള പദ്ധതിക്കായി മാത്രം പഴശ്ശിയിൽ നിന്ന് ദിനംപ്രതി പമ്പ് ചെയ്യുന്നത്. ആന്തൂർ, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, പയ്യന്നൂർ എന്നീ 4 നഗരസഭകൾക്കും ഇരിക്കൂർ, പട്ടവം, മലപ്പട്ടം, കുറുമാത്തൂർ, ചപ്പാരപ്പടവ്, പരിയാരം, കടന്നപ്പള്ളി- പണപ്പുഴ, കണ്ണപുരം, കല്യാശ്ശേരി, ചെറുകുന്ന്്്്, മാട്ടൂൽ, പാപ്പിനിശേരി, ഏഴോം, മാടായി എന്നീ 14 പഞ്ചായത്തുകളിലും ആയി 40000 ത്തോളം കുടുംബങ്ങൾക്കാണ് ഈ പദ്ധതി വഴി പഴശ്ശി ദാഹജലം നൽകുന്നത്.
ഇക്കുറി ട്രയൽ റൺ
നേരത്തെ നടത്തും
അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്ന സാഹചര്യത്തിൽ മെയിൻ കനാൽ വഴി 15 കിലോമീറ്റർ ദൂരത്തിലും മാഹി ശാഖാ കനാൽ വഴി 8 കിലോമീറ്ററിലും വെള്ളം ഒഴുക്കുന്നതിനുള്ള ട്രയൽ റൺ 20 ന് രാവിലെ 8 ന് നടത്താൻ തീരുമാനം. ഏപ്രിൽ 2–ാം വാരം മുതൽ കനാൽ വഴി വെള്ളം ഒഴുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നിരുന്നത്. ജലനിരപ്പ് 24 മീറ്ററിലും താഴ്ന്നാൽ കനാൽ വഴിയുള്ള ജല വിതരണം പ്രതിസന്ധിയിലാകുമെന്നതിനാലാണു യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ട്രയൽ റൺ നേരത്തേയാക്കുന്നത്. ട്രയൽ റൺ നടക്കുന്നതിനാൽ ഇരിട്ടി, മട്ടന്നൂർ നഗരസഭകളിലെയും, കീഴല്ലൂർ, മാങ്ങാട്ടിടം, വേങ്ങാട് പഞ്ചായത്തുകളിലെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലസേചന വിഭാഗം അറിയിച്ചു.