ADVERTISEMENT

കണ്ണൂർ∙ ജില്ലയിലെങ്ങും പ്രൗഢഗംഭീരമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടന്നു. പൊലീസ് പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ്‍ സല്യൂട്ട് സ്വീകരിച്ചു. വിവിധ സംഘടനകളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും രാഷ്ട്രീയ പാർട്ടികളും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന പരേഡിൽ പൊലീസ്, എക്സൈസ്, ജയിൽ, ഫോറസ്റ്റ്, എൻസിസി സീനിയർ, ജൂനിയർ, എസ്പിസി, സ്കൗട്ട്, ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് ആൺകുട്ടികൾ, ജൂനിയർ റെഡ് ക്രോസ് പെൺകുട്ടികൾ എന്നിവർ അണിനിരന്നു.

കണ്ണൂർ ഡിഎസ്‌സി സെന്ററിന്റെ നേതൃത്വത്തിൽ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ്, കടമ്പൂർ എച്ച്എസ്എസ് എന്നിവർ ബാൻഡ് മേളവുമായി പരേഡിന് താളം പകർന്നു. ഇരിക്കൂർ പൊലീസ് ഇൻസ്‌പെക്ടർ രാജേഷ് അയോടൻ പരേഡ് കമൻഡാന്റും കണ്ണൂർ സിറ്റി ഹെഡ് ക്വാർട്ടേഴ്‌സ് എസ്‌ഐ ധന്യ കൃഷ്ണൻ പരേഡ് അസി. കമൻഡാന്റുമായി. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, കണ്ണൂർ റൂറൽ പൊലീസ് മേധാവി ഹേമലത, സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ എന്നിവരും അഭിവാദ്യം സ്വീകരിച്ചു.

കോർപറേഷൻ മേയർ ടി.ഒ.മോഹനൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി.മോഹനൻ, കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കോർപറേഷൻ ഡപ്യൂട്ടി മേയർ കെ.ഷബീന, അസി. കലക്ടർ അനൂപ് ഗാർഗ്, എഡിഎം കെ.കെ.ദിവാകരൻ എന്നിവർ പങ്കെടുത്തു.

വൈവിധ്യങ്ങളില്ലെങ്കിൽ ഇന്ത്യയില്ല: മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ∙ വൈവിധ്യങ്ങളില്ലെങ്കിൽ ഇന്ത്യയില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തി വിവിധ സേനാവിഭാഗങ്ങളുടെ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് നാം ഉയർത്തിപ്പിടിക്കുന്ന മൂല്യം. ജാതി, മത, വർഗ, വർണ, ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യൻ പൗരനായി നില കൊള്ളുക എന്നതാണ് നമ്മുടെ ദേശീയതയുടെ അടിത്തറ.

സഹിഷ്ണുതയും സഹവർത്തിത്വവും പുലരുമെന്നാണു നാം എടുക്കുന്ന പ്രതിജ്ഞ. ആ മൂല്യങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് ഈ സ്വാതന്ത്ര്യദിനത്തിൽ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം. ഇന്ത്യ നമ്മുടെ ഇന്ത്യയായി നിലനിർത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. നമ്മുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു

മികച്ച പ്ലാറ്റൂണുകൾക്കുള്ള ട്രോഫി നേടി ഇവർ

പരേഡിൽ സേനാ വിഭാഗത്തിൽ കണ്ണൂർ റൂറൽ, എൻസിസി സീനിയർ വിഭാഗത്തിൽ കണ്ണൂർ ഗവ. പോളിടെക്‌നിക് കോളജ്, എൻസിസി ജൂനിയർ വിഭാഗത്തിൽ ആർമി പബ്ലിക് സ്‌കൂൾ എന്നിവ ട്രോഫി കരസ്ഥമാക്കി. മികച്ച പ്ലാറ്റൂണുകൾക്ക് ട്രോഫി നേടിയ മറ്റു വിഭാഗങ്ങൾ: എസ്പിസി –കൂടാളി എച്ച്എസ്എസ്, സകൗട് –സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ്, ഗൈഡ്‌സ്– എസ്എൻ ട്രസ്റ്റ് എച്ച്എസ്എസ് തോട്ടട.

ജൂനിയർ റെഡ് ക്രോസ് ബോയ്‌സ് –കാടാച്ചിറ എച്ച്എസ്എസ്, ജൂനിയർ റെഡ് ക്രോസ് ഗേൾസ് –ജിവിഎച്ച്എസ്എസ് പയ്യാമ്പലം. മികച്ച പ്ലാറ്റൂണുകൾക്കും മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവച്ചവർക്കും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉപഹാരം നൽകി. ജില്ലയിലെ സംഗീത അധ്യാപകർ അവതരിപ്പിച്ച ദേശഭക്തി ഗാനാലാപനവും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com