കുറുന്തോട്ടിക്കും വാതം; വാഹന ഇൻഷുറൻസ് തുക അടച്ചില്ല, മോട്ടർ വാഹന വകുപ്പ് വാഹനങ്ങൾ റോഡിലിറക്കാനാവുന്നില്ല
Mail This Article
മട്ടന്നൂർ∙ വാഹന ഇൻഷുറൻസ് തുക അടക്കാത്തതിനെ തുടർന്നു മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനങ്ങൾ റോഡിലിറക്കാനാതെ വിഷമത്തിൽ. വാഹനങ്ങൾ ഓഫിസ് വളപ്പിൽ കയറ്റിയിട്ടു. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന 4 ഇലക്ട്രിക് കാറുകളാണ് ഓടിക്കാൻ കഴിയാതെ ഉള്ളത്.
തലശ്ശേരി, പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിൽ സർവീസ് വാഹന പരിശോധന നടത്താനും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങൾ കയറ്റിയിട്ടതോടെ എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെടുന്ന സ്ഥിതിയാണ്. കണ്ണൂർ താലൂക്കിൽ ഉൾപ്പെടെ 5 ഇലക്ട്രിക് വാഹനങ്ങൾ എൻഫോഴ്സ്മെന്റിന് അനുവദിച്ചിരുന്നു. ഇതിൽ 4 വാഹനങ്ങളുടെ ഇൻഷുറൻസ് കാലാവധി അവസാനിച്ചു. ഒരു വാഹനത്തിന്റെ കാലാവധി 6ന് അവസാനിക്കും. ഒക്ടോബർ 31 നാണ് ഇലക്ട്രിക് വാഹനത്തിന്റെ കാലാവധി കഴിഞ്ഞത്. ഇതിനു പുറമെ 2 ഡീസൽ ജീപ്പുകളും മട്ടന്നൂർ ആർടിഒ ഓഫിസ് പരിസരത്ത് കട്ടപ്പുറത്താണ്. ജീപ്പുകൾക്കുണ്ടായ തകരാർ പരിഹരിക്കാതെയിട്ടതോടെയാണ് കട്ടപ്പുറത്തായത്.