സീബ്രാലൈനിൽ വീണ്ടും അപകടം; ബസിന് അടിയിൽപെടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Mail This Article
തളിപ്പറമ്പ് ∙ ബസ് സ്റ്റാൻഡിനു മുൻപിൽ ദേശീയപാതയിലെ സീബ്രാലൈനിൽ വീണ്ടും ബൈക്കിടിച്ചു വഴിയാത്രക്കാരനു പരുക്കേറ്റു. കൂവോട് സ്വദേശിയായ കെ.അശോകനെയാണ്(62) ഇന്നലെ രാവിലെ സീബ്രാലൈനിലൂടെ റോഡ് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചു വീഴ്ത്തിയത്. ഇതേതുടർന്ന്, ബൈക്കോടിച്ച കുറ്റിക്കോൽ സ്വദേശി ഷമിലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ നിർദേശം നൽകി. ഇന്നലെ രാവിലെ 9.10നാണ് അപകടം നടന്നത്.
ബൈക്കിടിച്ചു സീബ്രാലൈനിൽ തന്നെ അശോകൻ തെറിച്ചു വീണപ്പോൾ തൊട്ടടുത്തുകൂടി ഒരു സ്കൂൾ ബസും കടന്നുപോയിരുന്നു. ഭാഗ്യം കൊണ്ടാണ് അശോകൻ ബസിന് അടിയിൽപെടാതെ രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായ അശോകന് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. അടുത്തകാലത്തായി ഒട്ടേറെപേർക്ക് ഈ സീബ്രാലൈനിൽ വാഹനമിടിച്ച് അപകടം സംഭവിച്ചിട്ടുണ്ട്.
ഇവിടെ ട്രാഫിക് പൊലീസ് ഇല്ലാത്തതും അപകടത്തിന് ഇടയാക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി ഒരു വിദ്യാർഥിനിക്കും ബൈക്കിടിച്ചു പരുക്കേറ്റിരുന്നു. എന്നാൽ പലരും പരാതിയുമായി മുന്നോട്ടുപോകാൻ തയാറാകാത്തതിനാൽ കേസെടുക്കാൻ സാധിക്കുന്നില്ലെന്നു പൊലീസ് പറയുന്നു. ഇന്നലെ സീബ്രാലൈനിൽ അപകടം നടന്നതിന്റെ വീഡിയോ പുറത്തു വന്നതിനെതുടർന്ന് മോട്ടർ വാഹന വകുപ്പ് തളിപ്പറമ്പ് സ്കോഡ് എഎംവിഐ കെ.പി.ജോജു, സുമോദ് മോഹൻ എന്നിവർ സിസിടിവി ദൃശ്യങ്ങൾ ആസ്പദമാക്കി അന്വേഷണം നടത്തിയിരുന്നു.
ഇതേ തുടർന്ന്, റോഡിൽ യാതൊരു സുരക്ഷാകരുതലുകളുമില്ലാതെ ബൈക്കോടിച്ചു വന്ന കുറ്റിക്കോൽ സ്വദേശി ഷമിലിനെതിരെ നടപടിക്കു ശുപാർശയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ സി.യു.മുജീബ് അറിയിച്ചു. സംഭവത്തിൽ കേസെടുക്കുമെന്നു പൊലീസും അറിയിച്ചു.