ADVERTISEMENT

ഇരിട്ടി∙ ആറളം ഫാമിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തിൽ 13 എണ്ണത്തെ 5 കിലോമീറ്റർ ദൂരം തുരത്തി. ഫാം മധ്യ ഭാഗത്ത് നില ഉറപ്പിച്ച ഇവയെ ഇന്നു തുരത്തി ആറളം വന്യജീവി സങ്കേതത്തിൽ എത്തിക്കാൻ ശ്രമം തുടരും. ഒന്നാം ഘട്ടത്തിൽ പുനരധിവാസ മേഖലയിൽ നിന്നു 5 ആനകളെ ആറളം വന്യജീവി സങ്കേതത്തിൽ എത്തിക്കാൻ സാധിച്ചെങ്കിലും ഇന്നലെ ആരംഭിച്ച 2–ാം ഘട്ടത്തിൽ 2 സമയങ്ങളിലായി 10 മണിക്കൂറോളം ശ്രമിച്ചെങ്കിലും കാട്ടിൽ എത്തിക്കാനായില്ല.

ഇന്നലെ രാവിലെ 7.30 ഓടെ ഫാം കൃഷിയിടം വരുന്ന ബ്ലോക്ക് 1, 2, 3, 5 എന്നിവിടങ്ങളിൽ നിന്നാണു 13 കാട്ടാനകളെ കണ്ടെത്തി ഓടിക്കാൻ തുടങ്ങിയത്. ഉച്ചയോടെ ബ്ലോക്ക് 8 ൽ എത്തിച്ചെങ്കിലും ചൂട് കൂടിയതോടെ ശ്രമം നിർത്തി. 3 ന് വീണ്ടും ആരംഭിച്ചു ബ്ലോക്ക് 4 വരെ എത്തിച്ചെങ്കിലും ഓടംതോട് – കീഴ്പ്പള്ളി റോഡ് മുറിച്ചു കടക്കാൻ തയാറാകാതെ കാട്ടാനകൾ നിലയുറപ്പിച്ചു. അപകടകരം ആകുമെന്നതിനാൽ 5.30 ഓടെ ആദ്യ ദിവസം ദൗത്യം അവസാനിപ്പിച്ചു. ഇവിടെ വരെ എത്തിയ ആനകൾ മറ്റു എവിടേക്കും മാറാതിരിക്കാൻ വനപാലകർ കാവൽ ഏർപ്പെടുത്തി. ഇനി 4 കിലോമീറ്റർ ആനകളെ തുരത്തിയാൽ മാത്രമേ ആറളം വന്യജീവി സങ്കേതത്തിൽ എത്തിക്കാൻ സാധിക്കുകയുള്ളൂ

വനം കൊട്ടിയൂർ റേഞ്ച്, ആറളം വന്യജീവി സങ്കേതം, വനം ദ്രുത പ്രതികരണ സേന, ആറളം ഫാം സുരക്ഷാ വിഭാഗം, പ്രാദേശികമായി തിരഞ്ഞെടുക്കപ്പെട്ടവർ എന്നിവിടങ്ങളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 70 അംഗ സംഘമാണ് ആറളം പൊലീസിന്റെയും ആദിവാസി പുനരധിവാസ മിഷന്റെയും ആരോഗ്യ വകുപ്പിന്റെ പിന്തുണയിൽ കാട്ടാന തുരത്തൽ നടത്തുന്നത്. ഫാമിൽ കണ്ടെത്തിയതിൽ ഇനിയും അവശേഷിച്ച ആനകളെ തുരത്തുന്നതിനുള്ള ശ്രമം തുടരും.

ആനകളെ ഓടിക്കുന്നതിനിടെ തിരിഞ്ഞു നിന്നതും വന്ന ഭാഗത്തേക്ക് തിരിഞ്ഞോടിയതും മിക്കപ്പോഴും വൻ പ്രതിസന്ധിയും ഭീഷണിയും തീർത്തു. ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, ഇരിട്ടി തഹസിൽദാർ (എൽആർ) എം.ലക്ഷ്മണൻ, കൊട്ടിയൂർ റേഞ്ചർ സുധീർ നേരത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.പ്രസാദ്, വനം ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം.ഷൈനി കുമാർ, ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, ഫോറസ്റ്റർ സി.കെ.മഹേഷ് എന്നിവർ നേതൃത്വം നൽകി.

നിരോധനാജ്ഞ
∙ ഫാം മേഖലയിൽ ആനതുരത്തൽ നടത്തുന്ന 10 വരെ സബ് കലക്ടർ സിആർപിസി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരും.

അവധി നൽകി
∙ ആറളം വന്യജീവി സങ്കേതം അടച്ചു. ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിസഡൻഷ്യൽ ക്യാംപുകളും പകൽ ക്യാംപുകളും ആന 3 ദിവസത്തേക്ക് മാറ്റി.

റോഡ്  അടച്ചു
∙ പാലപ്പുഴ – കക്കുവ, ഓടൻതോട് – വളയംചാൽ ഉൾപ്പെടെ ഫാമിലേക്കു വരുന്ന പ്രധാന റോഡുകളും ഇടറോഡുകളും അടച്ചാണു ആന തുരത്തൽ തുടങ്ങിയത്. ജനങ്ങളോടും വീടുകൾക്കു ഉള്ളിൽ നിന്നു പുറത്തിറങ്ങരുതെന്നും നിർദേശിച്ചു. ഫാമിൽ ഫീൽഡ് ജോലികൾക്കു നിയന്ത്രണം ഏർപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com