ADVERTISEMENT

ചെറുപുഴ ∙ കാട്ടാനക്കൂട്ടം അതിർത്തി ഗ്രാമങ്ങളിൽ തമ്പടിക്കുന്നതു ജനജീവിതത്തിനു ഭീഷണിയായി മാറി. കർണാടക വനാതിർത്തിയോടു ചേർന്നുകിടക്കുന്ന കോഴിച്ചാൽ ഐഎച്ച്ഡിപി കോളനി, ചേനാട്ടുക്കൊല്ലി ഭാഗങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനുമാണു കാട്ടാനകൾ ഭീഷണിയായി മാറിയത്. രാത്രിയാകുമ്പോൾ കാട്ടാനകൾ കൂട്ടമായി കൃഷിയിടങ്ങളിൽ എത്തും ഇതോടെ വീട്ടുകാർ ഭയപ്പാടിലാകും. ഒട്ടുമിക്കവരും  കാട്ടാനകളെ പേടിച്ചു പുറത്തിറങ്ങാറില്ല. പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമാണു കാട്ടാനകളെ കൃഷിയിടങ്ങളിൽ നിന്നു തുരത്തിയോടിക്കുന്നത്. ഇതിനിടെ കൃഷികൾ കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ടാകും. 

അതിർത്തിയിൽ സ്ഥാപിച്ച വൈദ്യുത വേലി പ്രവർത്തനക്ഷമമല്ലാത്തതാണു കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ എത്താൻ കാരണം. വൈദ്യുത വേലി കൃത്യമായി പരിപാലിക്കാത്തതാണു തകർച്ചയ്ക്ക് കാരണമാകുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി കോഴിച്ചാൽ ഐഎച്ച്ഡിപി കോളനിയിലും, ചേനാട്ടുക്കൊല്ലിയിലും താമസിക്കുന്നവരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. കാട്ടാനകൾക്ക് പുറമെ പ്രദേശത്ത് എത്തുന്ന ഒറ്റയാനും നാട്ടുകാരെ ഭയപ്പാടിലാക്കുന്നു. ഈ ആനയാണു കഴിഞ്ഞദിവസം ചേനാട്ടുക്കൊല്ലിയിലെ തേക്കുംകാട്ടിൽ ടോമിയുടെ വീടിനു സമീപം വരെ എത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ ഒറ്റയാൻ തിരിച്ചു പോയി. അപകടകാരിയായ ഒറ്റയാൻ രാത്രിയായാൽ കാനംവയൽ-ചേനാട്ടുകൊല്ലി റോഡിനു സമീപത്തു തമ്പടിക്കും. ഇതോടെ ഇതുവഴി യാത്ര ചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയാണ്. 

കാട്ടാനകളെ ഭയന്നു ഈ ഭാഗത്തുനിന്ന് ഒട്ടേറെ കുടുംബങ്ങൾ താമസം മാറി. പ്രദേശത്ത് താമസക്കാരുടെ എണ്ണം കുറയുന്നതിനുസരിച്ച് കാട്ടാന ശല്യം വർധിച്ചു വരികയാണ്. അതിർത്തിയിൽ സ്ഥാപിച്ച വൈദ്യുത വേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും, നാട്ടുകാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്താൽ കുടിയിറക്കം ഒരു പരിധി വരെ നിയന്ത്രിക്കാനാകും. ഇതിന് അധികാരികൾ ഉണർന്നു പ്രവർത്തിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com