കുത്തിമറിച്ചു, അധ്വാനമത്രയും; വിദ്യാർഥികളുടെ മരച്ചീനിക്കൃഷി കാട്ടുപന്നി നശിപ്പിച്ചു
Mail This Article
ചെറുപുഴ∙ കന്നിക്കളം നവജ്യോതി കോളജിലെ ഡിഗ്രി വിദ്യാർഥികളായ ചൂരപ്പടവിലെ മഠത്തുംപടിക്കൽ അർജുനും സഹപാഠിയായ തേർത്തല്ലിയിലെ അമലും ചേർന്നു ചൂരപ്പടവ ്തട്ടിൽ കൃഷി ചെയ്ത കപ്പ കാട്ടുപന്നികൾ നശിച്ചു.കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ 150 മൂട് കപ്പയാണു നശിപ്പിച്ചത്. കോളജിലെ പഠനത്തിനു ശേഷവും അവധി ദിനങ്ങളിലുമാണു സഹപാഠികളായ അർജുനും അമലും ചേർന്നു കൃഷി ചെയ്തത്.ഏതാനും മാസത്തിനുള്ളിൽ വിളവെടുപ്പ് നടത്താറായ കപ്പയാണു പന്നിക്കൂട്ടം നശിപ്പിച്ചത്.ചെറുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികളും കാട്ടാനകളും കൃഷി നശിപ്പിക്കുന്നത് പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്നു നടപടികളൊന്നും ഉണ്ടാകാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കുളത്തുവായി, ചൂരപ്പടവ്, ചപ്പാരംതട്ട്, കോറാളി, മുതുവം, തിരുമേനി, താബോർ പ്രദേശങ്ങളിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുമ്പോൾ കർണാടക വനാതിർത്തിയോടു ചേർന്ന തിരുനെറ്റി, ചേനാട്ടുകൊല്ലി, കാനംവയൽ, രാജഗിരി നഗർ, മീന്തുള്ളി, കോഴിച്ചാൽ, ആറാട്ടുകടവ് ഭാഗങ്ങളിൽ കാട്ടാനകളാണു കൃഷി നശിപ്പിക്കുന്നത്. കേരള- കർണാടക അതിർത്തിയിൽ സ്ഥാപിച്ച വൈദ്യുത വേലി കാര്യക്ഷമമല്ലാത്തതാണു കാട്ടാനകൾ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കാൻ പ്രധാന കാരണം.കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി ലഭിച്ചിട്ടും പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല.ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധമാണു കർഷകർക്കിടയിൽ നിന്നുയരുന്നത്.