പ്രത്യാശയുടെ ഒത്തിരിവെട്ടം

Mail This Article
കണ്ണൂർ∙ ജീവിതം തന്നെ അവസാനിച്ചെന്നു കരുതുന്നിടത്ത് പ്രതീക്ഷയുടെ വെളിച്ചം തെളിഞ്ഞാലോ. തൃശൂരിലെ ആശുപത്രിയിൽ തളർന്നുകിടന്ന കുമാർ എന്ന ചെറുപ്പക്കാരനു മുന്നിൽ ഒരു വെളിച്ചം തെളിഞ്ഞു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്ന 22 വയസ്സുകാരനു മുന്നിലും ആ വെളിച്ചക്കീറുണ്ട്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു കാൽ മുറിച്ചു കളയേണ്ടി വന്ന യുവാവിനെ ജീവിതത്തിലേക്ക് നടത്തിയതും അതേ പ്രതീക്ഷയുടെ വെളിച്ചമാണ്. രോഗികൾക്കും അനാഥർക്കും എന്നും പ്രതീക്ഷയുടെ കരങ്ങൾ നീട്ടി പിലാത്തറയിലെ ഹോപ് ചാരിറ്റബിൾ ട്രസ്റ്റുണ്ട്.
ഹോപ്പിന്റെ തുടക്കം
ഇരുപത്തിയൊന്നു വർഷം മുൻപ് 17 പേർ ചേർന്നു നട്ട പ്രതീക്ഷയുടെ വിത്താണ് ‘ഹോപ്’ ചാരിറ്റബിൾ ട്രസ്റ്റ്. രോഗത്തോടു പൊരുതി ജീവിതത്തിലേക്കു തിരിച്ചുകയറിയ കെ.എസ്.ജയമോഹനാണ് ഈ ‘പ്രതീക്ഷ’യുടെ കാവൽക്കാരൻ. അഡ്വ.ശശിധരൻ നമ്പ്യാർ, എൻജിനീയർ ഇ.കുഞ്ഞിരാമൻ, അധ്യാപിക ജാക്വിലിൻ ബിന സ്റ്റാൻലി, കെ.പി.മുഹമ്മദ് റിയാസ്, പ്രിയേഷ് എന്നിവരുൾപ്പെടുന്ന സുമനസ്സുകളുടെ വലിയ സംഘമാണ് ഹോപ്പിനൊപ്പമുള്ളത്.ഭിന്നശേഷിക്കാർ, സെറിബ്രൽ പാഴ്സി ബൈപോളാർ ഡിസോർഡർ ബാധിതർ, മറവിരോഗമുള്ളവർ തുടങ്ങി കരുതലും കനിവും വേണ്ടവരാണ് ഹോപ്പിലെ അന്തേവാസികൾ. സ്പൈനൽ മസ്കുലർ അട്രോഫി(എസ്എംഎ) ബാധിതരായ ആറു പേരും ഇവിടെയുണ്ട്.
ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ
രണ്ടുലക്ഷം രോഗികളുടെ ചികിത്സയാണ് ഹോപ് വഴി ഇതിനകം പൂർത്തിയായത്. 1780 കാൻസർ രോഗികളുടെ ചികിത്സ പൂർണമായും ട്രസ്റ്റ് ഏറ്റെടുത്തു. കാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി 69 ക്യാംപുകൾ സംഘടിപ്പിച്ചു. 352 ഹൃദയ ശസ്ത്രക്രിയകളും നടത്തി.ഫ്രീ വീൽചെയർ യുഎസ്എയും സത്യം സർവീസ് ട്രസ്റ്റിയും ചേർന്ന് 34,099 പേർക്ക് വീൽചെയറും 2031 പേർക്ക് കൃത്രിമക്കാലും നൽകി. സൗജന്യ ആംബുലൻസ് സേവനവും ലഭ്യമാണ്. 42 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, 12 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, 8 കോക്ലിയർ ശസ്ത്രക്രിയ, 7 ബോൺമാരോ ശസ്ത്രക്രിയ എന്നിവയും നടത്തി. ജയമോഹന്റെ നേതൃത്വത്തിൽ സർക്കാർ കൊണ്ടു വന്നതാണ് ഭിന്നശേഷിക്കാർക്കായി ഡിസബിലിറ്റി ബയോമെട്രിക് കാർഡ്. ഇന്ന് സംസ്ഥാനത്തെ 7.5 ലക്ഷം ആളുകൾ അതിന്റെ ഗുണഭോക്താക്കളാണ്.രോഗികളുടെ സംരക്ഷണം മാത്രമല്ല അവരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താം എന്നുകൂടി ട്രസ്റ്റിന്റെ പ്രവർത്തകർ ആലോചിക്കുന്നു. അവർക്കാവശ്യമുള്ള പുതിയ ഉപകരണങ്ങളുടെ ഗവേഷണവും ശാസ്ത്രീയമായ റീഹാബിലിറ്റേഷൻ പ്രവർത്തനങ്ങളുമാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
മറ്റ് പ്രവർത്തനങ്ങൾ
വിദ്യാജ്യോതി എന്ന പേരിൽ വിദ്യാഭ്യാസ രംഗത്തും ട്രസ്റ്റ് സജീവമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോർത്ത് 750 കുട്ടികൾക്കാണ് ഉപരിപഠനത്തിന് അവസരമൊരുക്കിയത്. പ്രകൃതിയിലെ നഷ്ടപ്പെട്ട പച്ചപ്പുകളുടെ വീണ്ടെടുപ്പിനായി ഹരിത സാന്ത്വനം എന്ന കൂട്ടായ്മയും 2015 മുതൽ പ്രവർത്തിക്കുന്നു. യുവതയെ അണിനിരത്തി 6 ജില്ലകളിലായി 3 ലക്ഷത്തിൽ കൂടുതൽ തൈകൾ സൗജന്യമായി വിതരണം ചെയ്തു.ഹോപ്പിന്റെ നേതൃത്വത്തിൽ ഭവന നിർമാണ പദ്ധതിയുമുണ്ട്. 47 വീടുകൾ ഇതിനകം പൂർത്തീകരിച്ചു നൽകി. 3 വീടുകളുടെ പണി പുരോഗമിക്കുന്നു. ഒപ്പം എന്നപേരിൽ വിവാഹ സഹായ പദ്ധതിയിലൂടെ 45 പേരുടെ വിവാഹം നടത്തി. യുവാക്കളെ പ്രവർത്തനത്തിൽ സജീവമാക്കാൻ 2017ൽ ഹോപ് യുവ എന്ന പേരിൽ കൂട്ടായ്മ ആരംഭിച്ചു.
നവീകരണം
നിലവിൽ 110 പേരാണ് ഇവിടെയുള്ളത്. കൂടുതൽ പേരെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ നവീകരണത്തിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. 38,000 സ്ക്വയർ ഫീറ്റിൽ പുതിയ കെട്ടിടം ഒരുങ്ങുന്നതോടെ 380 പേരെക്കൂടി ഏറ്റെടുക്കാൻ ഹോപ്പിനു കഴിയും. 66 മുറികളും 10 ഡോർമെട്രികളുമാണ് പുതിയ കെട്ടിടത്തിൽ. 700 പേരെ കൊള്ളുന്ന ഓഡിറ്റോറിയവും ജലസംഭരണിയും പദ്ധതിയിലുണ്ട്. 25 പേരെ ഉൾക്കൊള്ളുന്ന മനോരോഗ കേന്ദ്രവും നിർമിക്കും. 10.5 കോടിയുടെ പദ്ധതി ഡിസംബറിൽ പൂർത്തീകരിക്കാനാകുമെന്നാണു കരുതുന്നതെന്ന് ജയമോഹൻ പറഞ്ഞു. വ്യക്തികളുടെയോ കമ്പനികളുടെയോ സഹായത്തോട 50 ശതമാനം പണി പൂർത്തീകരിക്കാമെന്നാണു പ്രതീക്ഷ. നിർമാണ സാധനങ്ങളോ മുറികളോ കെട്ടിടത്തിനായി ആളുകൾക്കു നിർമിച്ചു നൽകാമെന്നും അദ്ദേഹം അറിയിച്ചു.സൈക്കോ തെറപ്പി, ഹിയറിങ് ആൻഡ് സ്പീക്കിങ് തെറപ്പി, കൗൺസലിങ് സെന്റർ എന്നിവയും കെട്ടിടത്തിൽ ഒരുങ്ങും. ഹോപ്പിലെ രോഗികളെ സംരക്ഷിക്കാനുള്ള ആളുകളെ പരിശീലിപ്പിക്കാൻ ട്രെയ്നിങ് സെന്റർ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുള്ളവർക്കായി ആധുനിക രീതിയിലുള്ള വീൽ ചെയറുകളുടെ നിർമാണത്തിനുള്ള ഗവേഷണ യൂണിറ്റും പുതിയ കെട്ടിടത്തിൽ ഒരുങ്ങും.