യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭാര്യാപിതാവിന് തടവും പിഴയും

Mail This Article
തലശ്ശേരി ∙ ചിറക്കര ചന്ദ്രവില്ലയിൽ സന്ദീപിനെ (27) കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യാപിതാവ് കോഴിക്കോട് പന്തീരങ്കാവ് പന്നിയൂർകുളം രോഹിണി നിവാസിൽ കെ. പ്രേമരാജനെ (63) ജീവപര്യന്തം കഠിന തടവിനും 2.50 ലക്ഷം രൂപ പിഴ അടക്കാനും അഡീഷണൽ സെഷൻസ് കോടതി (4) ജഡ്ജി ജെ. വിമൽ ശിക്ഷിച്ചു.
വധശ്രമത്തിന് 10 വർഷം കഠിന തടവ് വേറെയും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടച്ചാൽ സന്ദീപിന്റെ ഭാര്യ നിനുഷയ്ക്ക് നൽകാനും കോടതി ഉത്തരവായി. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണം. സന്ദീപിന്റെ ആശ്രിതയായ നിനുഷയ്ക്ക് അർഹമായ സാമ്പത്തിക സഹായം സർക്കാരിൽ നിന്ന് ലഭ്യമാക്കാൻ കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകി.

2017 മേയ് 14ന് രാവിലെ 9 നായിരുന്നു സംഭവം. വീട്ടിൽ നിന്ന് വിളിച്ചിറക്കി വീടിന് മുൻപിൽ റോഡിൽ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. നിനുഷയുടെയും സന്ദീപിന്റെയും പ്രേമവിവാഹമായിരുന്നു. പ്രേമരാജനും കുടുംബവും ആദ്യം എതിർത്തെങ്കിലും വിവാഹം നടത്തി. എന്നാൽ പിന്നീട് കുടുംബപരമായ പ്രശ്നങ്ങൾ ഉടലെടുത്തു. ഇവർക്ക് ജനിച്ച കുഞ്ഞിന് സെറിബ്രൽ പാൾസി അസുഖമുണ്ടായിരുന്നു. മകളുടെ ഭർത്താവിന്റെ കുടുംബത്തിന് തങ്ങളെക്കാൾ സാമ്പത്തികം കുറവാണെന്ന് പറഞ്ഞു സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കിയിരുന്നതിനാൽ സന്ദീപ് ഭാര്യയെ അവരുടെ വീട്ടിലേക്ക് അയച്ചിരുന്നില്ല.
സംഭവത്തിന് തലേ ദിവസം പ്രേമരാജന്റെ ഭാര്യ ചിറക്കരയിലെ വീട്ടിലെത്തി മകളുമായി വാക്കേറ്റമുണ്ടാവുകയും മകളെ അടിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സന്ദീപ് പ്രേമരാജനെ ഫോണിൽ വിളിച്ചറിയിച്ചപ്പോൾ ഞാൻ അങ്ങോട്ടു വരുന്നുണ്ട്. നിന്റെ പ്രശ്നങ്ങളെല്ലാം തീർത്തു തരാമെന്ന് പറഞ്ഞിരുന്നു.
പിറ്റേന്ന് ഇരുചക്ര വാഹനത്തിൽ കോഴിക്കോട് നിന്ന് എത്തി കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവ സ്ഥലത്ത് വച്ചു തന്നെ അന്നത്തെ സിഐ: എം.അനിൽ പ്രേമരാജനെ അറസ്റ്റ് ചെയ്തിരുന്നു. സിഐ: കെ.ഇ. പ്രേമചന്ദ്രനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
സന്ദീപിന്റെ സഹോദരി ഭർത്താവ് ദേവദാസിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സന്ദിപിന്റെ സഹോദരി ഷംന, സമീപത്തെ മരക്കടയിലെ ഫൈജാസ് നവനീത് തുടങ്ങി 27 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എ.രേഷ്മ ഹാജരായി.
സ്വന്തം പിതാവിനാൽ കൊലചെയ്യപ്പെട്ട ഭർത്താവിന്റെ കേസിൽ വിധി പ്രസ്താവിക്കുന്നത് കേൾക്കാൻ മകളെയും ഒക്കത്തെടുത്താണ് നിനുഷ കോടതി മുറിയിൽ എത്തിയത്. ഭർത്തൃബന്ധുക്കൾക്കൊപ്പമായിരുന്നു അവർ എത്തിയത്. വിധി പ്രസ്താവത്തിന് ശേഷവും നിസംഗനായിരിക്കുന്ന പ്രതി പ്രേമരാജന്റെ മുൻപിലത്തെ ബെഞ്ചിൽ വയ്യാത്ത മകളുമായി ഇരിക്കുന്ന നിനുഷ സങ്കടക്കാഴ്ചയായി.