തലമുടി കൊഴിഞ്ഞതിലെ ദുരൂഹത മാറിയില്ല; വസ്ത്രങ്ങൾ ഇല്ലാതിരുന്നതിലും ...
![roopasree roopasree](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/1/24/roopasree.jpg?w=1120&h=583)
Mail This Article
കാസർകോട്∙ മീയ്യപദവ് സ്കൂളിലെ അധ്യാപിക ബി.കെ.രൂപശ്രീയുടെ കൊലപാതകത്തിൽ ദുരൂഹത നീങ്ങുന്നില്ല. പ്രതികളായ സഹ അധ്യാപകൻ കെ.വെങ്കിട്ടരമണ(41), കെ.നിരഞ്ജൻകുമാർ (23) എന്നിവരുമായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സതീഷ്കുമാറിന്റെ നേതൃത്വത്തിൽ രണ്ടാം ദിവസത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയെങ്കിലും, മൃതദേഹത്തിൽ തലമുടിയും വസ്ത്രങ്ങളും ഇല്ലാതിരുന്നത് എന്തു കൊണ്ടെന്നതിന് ഇതുവരെ വ്യക്തമായ ഉത്തരമായില്ല.
കടലിൽ 32 മണിക്കൂറോളം മാത്രം കിടന്ന മൃതദേഹത്തിൽ നിന്നു തലമുടി പൂർണമായും കൊഴിയാനും വസ്ത്രങ്ങൾ മുഴുവനായി അഴിയാനും സാധ്യത കുറവാണെന്നാണു ബന്ധുക്കളുടെയും നാട്ടുകാരുടെയും വാദം. എന്നാൽ രാസവസ്തു ചേർത്ത വെള്ളത്തിൽ തല മുക്കിയതിനാലും കടലിൽ മണിക്കൂറുകളോളം മുങ്ങിക്കിടന്നതിനാലുമാണ് അങ്ങനെ സംഭവിച്ചതെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ 16നു വൈകിട്ട് 3നും 5നും ഇടയിലാണ് രൂപശ്രീ കൊലപ്പെട്ടത്. സാമ്പത്തിക ഇടപാടുമായും സൗഹൃദവുമായും ബന്ധപ്പെട്ട തർക്കത്തെ തുടർന്നു സഹഅധ്യാപകൻ വെങ്കിട്ടരമണ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നാണു കേസ്.
![](https://img-mm.manoramaonline.com/content/dam/mm/mo/district-news/kasargod/images/2020/1/29/kasargod-roopasree-murder.jpg)
പ്രതികളെ കയറ്റിയത് വെവ്വേറെ വാഹനങ്ങളിൽ
കഴിഞ്ഞ 28നായിരുന്നു ഇരുപ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എ.സതീഷ്കുമാറിന്റെ നേതൃത്വത്തിൽ ആദ്യം ദിവസം പൊലീസ് ആസ്ഥാനത്ത് വച്ച് ചോദ്യം ചെയ്തു വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ അധ്യാപകന്റെയും വീട്ടിലും മൃതദേഹവുമായി പോയ വഴികളും കടലോരത്തുമെത്തി തെളിവെടുപ്പ് നടത്തി.
പ്രതികളായ രണ്ടു പേരെയും വെവ്വേറെ വാഹനങ്ങളിലാണ് കയറ്റിയത്. കെ.വെങ്കിട്ടരമണയെ ഡിവൈഎസ്പി എ.സതീഷ്കുമാർ സഞ്ചരിച്ച ജീപ്പിലും കെ.നിരഞ്ജൻകുമാറിനെ പൊലീസ് വാനിലുമാണ് കയറ്റിയത്. ഇരുവരെയും ഒരുമിച്ചിരുത്തിയാൽ പ്രതിഷേധം ശക്തമാകുന്നതിനു പുറമെ മൊഴികളിലും വൈരുധ്യം ഉണ്ടാകുമെന്നറിഞ്ഞതോടെയാണ് ഇരു വാഹനങ്ങളിലായി കയറ്റിയത്.