ചീമേനി എസ്റ്റേറ്റിൽ 475 ഏക്കർ ഭൂമി സോളർ പാർക്കിന്; പുതിയ വിവാദം

Mail This Article
ചീമേനി ∙ പ്ലാന്റേഷൻ കോർപറേഷനു കീഴിലുള്ള ചീമേനി എസ്റ്റേറ്റിൽ സോളർ പാർക്കിന്റെ നിർമാണത്തിനു വേണ്ടി 475 ഏക്കർ സ്ഥലം മുൻകൂർ കൈവശമായി നൽകിയതിനെച്ചൊല്ലി പുതിയ വിവാദം. വൈദ്യുതി സബ് സ്റ്റേഷന് പ്ലാന്റേഷൻ കോർപറേഷന്റെ 100 ഏക്കർ ഭൂമി നൽകുന്നതിനുള്ള സർവേ നടപടികൾ നിർത്തിവയ്ക്കാൻ റവന്യുമന്ത്രി നിർദേശിച്ചിരിക്കെയാണ് ഭൂമി കൈമാറ്റത്തിന്റെ മറ്റൊരു വിവരം പുറത്തുവരുന്നത്.പ്ലാന്റേഷൻ കോർപറേഷന്റെ നെല്ലൂർ ഡിവിഷനിലെ ഭൂമിയാണ് നിർമാണത്തിനായി കൈമാറിയത്. മഹാശിലാ കാലഘട്ടത്തിലെ അപൂർവ പാറ ചിത്രങ്ങളടക്കമുള്ള സ്ഥലം അടങ്ങുന്ന ഭൂമി കൂടിയാണ് സോളർ പന്തലൊരുക്കാൻ വിട്ട് കൊടുത്തത്.
ഭൂമി കൈമാറ്റം സംബന്ധിച്ച സർക്കാർ ഉത്തരവ് വരുന്നതോടെ ഭൂമിയുടെ രേഖകൾ പ്ലാന്റേഷൻ കോർപറേഷൻ ബന്ധപ്പെട്ട സർക്കാർ കമ്പനിക്ക് കൈമാറും. 475 ഏക്കർ ഭൂമിയിൽ സ്ഥാപിക്കുന്ന സോളർ പാർക്കിനൊപ്പമാണ് വൈദ്യുതി സബ് സ്റ്റേഷനും സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി 100 ഏക്കർ ഭൂമി വിട്ട് കൊടുക്കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി സർവേ നടപടികൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. എന്നാൽ ചീമേനി എസ്റ്റേറ്റിനെ ഇല്ലാതാക്കുന്ന തരത്തിൽ ഭൂമി കൈമാറുന്നതിനെതിരെ പ്ലാന്റേഷൻ കോർപറേഷനിലെ തൊഴിലാളി സംഘടനകൾ രംഗത്തു വന്നിരുന്നു. തുടർന്ന് മന്ത്രി ഇടപെട്ട് ഭൂമിയുടെ സർവേ നിർത്താൻ നിർദേശം നൽകി. എന്നാൽ 100 ഏക്കർ ഭൂമിയിലെ നടപടികൾ നിർത്തിയപ്പോൾ 475 ഏക്കർ ഭൂമി സോളർ പാർക്കിനു വേണ്ടി നൽകിയ വിവരമാണ് തൊഴിലാളികൾ അറിഞ്ഞത്.