കോട്ടിക്കുളം മേൽപാലം: പുതുക്കിയ രൂപരേഖയ്ക്ക് അംഗീകാരം

Mail This Article
പാലക്കുന്ന് ∙ കോട്ടിക്കുളം റെയിൽവേ മേൽപാലത്തിന്റെ പുതുക്കിയ രൂപരേഖയ്ക്കു റെയിൽവേ അനുമതി നൽകി. എന്നാൽ റെയിൽവേ ഏറ്റെടുത്ത സ്ഥലം സംസ്ഥാന സർക്കാരിനു കൈമാറാൻ വൈകുന്നതിനാൽ മേൽപാലത്തിന്റെ നിർമാണ പ്രവൃത്തികൾ എപ്പോൾ തുടങ്ങുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.
നിലവിൽ 3 റെയിൽവേ ലൈൻ ആണ് കോട്ടിക്കുളത്തുള്ളത്. ഈ നിലയിൽ റെയിൽവേ മേൽപാലം നിർമിക്കുന്നതിനു നേരത്തേ അനുമതി ലഭിച്ചിരുന്നു. എന്നാൽ ഒരു ലൈൻ കൂടി സ്ഥാപിക്കാൻ സാധ്യതയുള്ളതിനാൽ അതും കൂടി ഉൾപ്പെടുത്തിയുള്ള രൂപരേഖ നൽകാൻ റെയിൽവേ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ തയാറാക്കിയ സമർപ്പിച്ച പുതുക്കിയ രൂപരേഖയ്ക്കാണ് കഴിഞ്ഞ ദിവസം റെയിൽവേ അനുമതി നൽകിയത്.
റെയിൽവേ പ്ലാറ്റ് ഫോം രണ്ടായി മുറിച്ചു കടന്നു പോകുന്ന റോഡുള്ള സംസ്ഥാനത്തെ ഏക റെയിൽവേ ക്രോസിങ്ങാണിത്. ഇവിടെ റെയിൽവേ മേൽപാലം നിർമിക്കുന്നതിന് കിഫ്ബി 7 വർഷങ്ങൾക്കു 20 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഡിപിആർ തയാറാക്കാൻ ആർബിഡിസികെയെ ചുമതലപ്പെടുത്തി.
വർഷങ്ങൾക്കു മുൻപേ ഇതിന്റെ സമീപത്തുള്ള ഭൂമി റെയിൽവേ ഏറ്റെടുത്തിരുന്നു. ഈ സ്ഥലത്തിന്റെ തുക നൽകിയാൽ ഭൂമി വിട്ടു നൽകാമെന്നു റെയിൽവേ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പണം നൽകാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ റെയിൽവേ അറിയിച്ചു. പുതുക്കിയ രൂപരേഖയ്ക്കുള്ള അനുമതി ലഭിച്ചാൽ സ്ഥലം വിട്ടു നൽകാമെന്ന് റെയിൽവേ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ ഈ കാര്യത്തിൽ അന്തിമ തീരുമാനം റെയിൽവേ എടുത്തിട്ടില്ല. അതിനാൽ നിർമാണ പ്രവൃത്തി വൈകാനിടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. റെയിൽവേ മേൽപാലത്തിനായി വിവിധ സംഘടനകളും ജനപ്രതിനിധികളും ഒട്ടേറെ സമരങ്ങൾ നടത്തിയിരുന്നു.