അമൃത് സരോവർ പദ്ധതി: കറുവളപ്പ് പള്ളത്തിൽ വെള്ളം വെട്ടിത്തിളങ്ങും

Mail This Article
നീലേശ്വരം ∙ അമൃത് സരോവർ പദ്ധതിയിൽ മടിക്കൈ പഞ്ചായത്തിലെ കറുവളപ്പ് പള്ളത്തിനു പുതുജീവൻ. പദ്ധതിയിൽ മടിക്കൈ പഞ്ചായത്തിൽ ഏറ്റെടുത്തു നവീകരിക്കുന്ന 6 കുളങ്ങളിൽ ഒന്നാണിത്. കക്കാട്ട്, കാരാക്കോട്, മുങ്ങത്ത് കുളം എന്നിവയുടെ നവീകരണവും ഇതിനകം തുടങ്ങി. പച്ചക്കുണ്ട്, കറുവളപ്പ് പുതിയ കുളം എന്നിവയുടെ നവീകരണം വൈകാതെ തുടങ്ങും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലാണ് കറുവളപ്പ് പള്ളം നവീകരിച്ചത്. കുളത്തിന്റെ ആഴം കൂട്ടി. കുഴിച്ചെടുത്ത മണ്ണു കൊണ്ട് വശങ്ങൾ ബലപ്പെടുത്തി. വശങ്ങളുടെ മോടികൂട്ടുന്നതിന്റെ ഭാഗമായി മുളംതൈകളും നട്ടു. 1.71 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചത്. പദ്ധതിയുടെ സ്റ്റേറ്റ് മോണിറ്ററിങ് ടീം പള്ളം സന്ദർശിച്ചു. സ്റ്റേറ്റ് ക്വാളിറ്റി കൺട്രോളർ പണി വിലയിരുത്തി.

ഉദിനൂർ കുളത്തിനും പുനർജനി
തൃക്കരിപ്പൂർ ∙ കൽപടവുകൾ തകർന്നും ചെളി നിറഞ്ഞും നാശം നേരിട്ട ഉദിനൂർ ക്ഷേത്രപാലകാ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ കുളത്തിനു അമൃത സരോവർ പദ്ധതിയിൽ പുനർജനി.രാജ്യത്ത് അരലക്ഷത്തിലേറെ കുളങ്ങൾ നിർമിക്കാനും പുനരുദ്ധരിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. നിർമാണം അവസാന ഘട്ടത്തിലെത്തി. ഏതാനും നാൾക്കകം ഉപയോഗിക്കാനാകുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. പടന്ന പഞ്ചായത്തിനു കീഴിൽ തൊഴിലുറപ്പ് പദ്ധതിയിലാണ് നിർമാണം. 1.09 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. 90 ലക്ഷം രൂപയ്ക്ക് പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുമെന്നു അധികൃതർ അറിയിച്ചു. ഒരു നൂറ്റാണ്ട് പഴക്കമേറിയ ജലസമൃദ്ധമായ കുളം ക്ഷേത്രത്തിലെ ചടങ്ങുകൾക്കും പരിസരദേശങ്ങളിലെ നെൽക്കൃഷിക്കു വേണ്ടിയും ഉപയോഗിച്ചിരുന്നു.
ഉദിനൂർ ഗ്രാമത്തിന്റെ കായിക മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ച കുളത്തിന്റെ പാർശ്വഭിത്തികൾ തകർന്ന് മഴക്കാലത്ത് വെള്ളവും മണ്ണും ഒഴുകിയെത്തി മൺതിട്ട രൂപപ്പെടുന്ന സാഹചര്യമുണ്ടായി. നാട്ടുകാരുടെ നേതൃത്വത്തിൽ പലതവണ കമ്മിറ്റികൾ രൂപീകരിക്കുകയും നവീകരണ പ്രവൃത്തികൾ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ആവശ്യമായ സാമ്പത്തിക സൗകര്യം ലഭ്യമല്ലാത്തതിനാൽ ഒന്നും നടന്നിരുന്നില്ല.ആസാദി കാ അമൃത് മഹോതസവത്തിൽ ജലാശയങ്ങൾ വികസിപ്പിച്ചു പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് സരോവർ പദ്ധതി നടപ്പാക്കുന്നത്.