വ്യാജ ഡിഡി നൽകി 38,000 രൂപ തട്ടിയെടുക്കാൻ ശ്രമം; പ്രതികൾക്ക് 9 വർഷം കഠിന തടവ്

Mail This Article
കാസർകോട് ∙ വ്യാജ ഡിഡി ഉണ്ടാക്കി ബാങ്കിൽനിന്ന് 38,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 9 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ബാങ്ക് ജീവനക്കാരനായിരുന്ന തലശ്ശേരി പാറാൽ കോടിയേരി പുതിയപുരയിൽ പി.സി.പ്രേമചന്ദ്രൻ (63), കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം നെച്ചിക്കാട്ട് സുബീഷ് (41) എന്നിവർക്കാണ് കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (1) ജഡ്ജി എ.മനോജ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 3 വർഷംകൂടി തടവ് അനുഭവിക്കണം.
കാസർകോട് ജില്ലാ ബാങ്കിന്റെ ചെറുവത്തൂർ ശാഖാ മാനേജർ എം.പ്രഭാകരൻ നൽകിയ പരാതിയിൽ ചന്തേര പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ എടപ്പാൾ ശാഖയുടെ വ്യാജ ഡിഡി നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ചെറുവത്തൂർ ശാഖയിൽ രണ്ടാം പ്രതി സുബീഷാണ് 2004 ഡിസംബർ 31ന് നൽകിയത്. ഇത് ഇവിടെനിന്ന് കാസർകോട് ജില്ലാ സഹകരണ ബാങ്കിന്റെ ചെറുവത്തൂർ ശാഖയിൽ എത്തി.
നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ശാഖയിലേക്ക് പണം അയച്ചെങ്കിലും മാനേജർക്കു സംശയം തോന്നിയതിനാൽ പണം കൈമാറിയില്ല. ഒന്നാം പ്രതി പ്രേമചന്ദ്രൻ രണ്ടാം പ്രതിക്കു നൽകിയതാണ് വ്യാജ ഡിഡി. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ജ്വല്ലറിയിൽ നൽകുന്നതിനു മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എടപ്പാൾ ശാഖയിൽ നിന്ന് 38,000 രൂപ ഡിഡി പ്രേമചന്ദ്രൻ എടുത്തിരുന്നു. അതിന്റെ മാതൃകയിലാണ് ഇതേ തുകയ്ക്കുള്ള വ്യാജ ഡിഡി ഉണ്ടാക്കിയത്. പ്രോസിക്യൂഷനു വേണ്ടി ഇ.ലോഹിതാക്ഷൻ ഹാജരായി.