ഇളക്കി മാറ്റിയ ട്രോളി പാത്ത് പുനർനിർമാണം നടത്തിയില്ല; കാണണം, ഈ ദുരിതം !

Mail This Article
ചെറുവത്തൂർ ∙ റെയിൽവേ സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമിന്റെയും തെക്കും വടക്കും ഭാഗത്തു റെയിൽവേ ട്രാക്കിൽ നിർമിച്ചിരുന്ന ട്രോളി പാത്ത് ഇളക്കി മാറ്റിയതു ട്രെയിൻ യാത്രയ്ക്കായി സ്റ്റേഷനിലെത്തുന്ന രോഗികൾക്കും അംഗപരിമിതർക്കും ദുരിതമാകുന്നു. യാത്രയ്ക്കായി ട്രെയിൻ കയറാനും യാത്ര കഴിഞ്ഞു ട്രെയിനിറങ്ങിയ ശേഷം വീൽചെയർ വഴി റോഡിലേക്കും മറ്റും എത്താനുമാണു ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് ഇരു ഭാഗങ്ങളിലും റെയിൽവേ ട്രാക്കിൽ ട്രോളി പാത്ത് ഒരുക്കിയത്.
ഇപ്പോൾ ഇവിടെ ട്രോളി പാത്ത് ഇല്ലാത്തതിനാൽ, സ്റ്റേഷനിലെത്തുന്ന രോഗികളെയും അംഗപരിമിതരെയും ബന്ധുക്കളും സഹായികളും ചുമന്നു കൊണ്ടുപോകുന്നത് സങ്കട കാഴ്ചയാണ്. ഇവിടുത്തെ ട്രോളി പാത്ത് ഇളക്കി മാറ്റിയത് ഇതുവരെ പുനർനിർമാണം നടത്താൻ അധികൃതരുടെ ഭാഗത്തു നിന്നു നടപടി ഇല്ലാത്തതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റെയിൽവേ ട്രാക്ക് വികസിപ്പിക്കുമ്പോഴാണു ട്രാക്കിൽ മെറ്റൽ നിരത്താനും മറ്റുമായെത്തിയ മെഷീനുകൾക്കു കടന്നുപോകാൻ ട്രോളി പാത്ത് ഇളക്കി മാറ്റിയത്.
എന്നാൽ ട്രാക്കിലെ ജോലിയൊക്കെ പൂർത്തിയായി റെയിൽവേയുടെ ഉന്നത അധികാരികൾ ഇതുവഴി പലതവണ കടന്നു പോയിട്ടും ട്രോളി പാത്ത് പുനർനിർമിക്കാൻ മാത്രം നടപടി ഉണ്ടായില്ല. ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയ്ക്കായെത്തുന്ന രോഗികൾക്കും അംഗപരിമിതർക്കും ട്രോളി പാത്ത് ഇല്ലാത്തതു ഉണ്ടാകുന്ന ദുരിതം പരിഹരിക്കാൻ ഉടൻ വേണ്ട നടപടി ഉണ്ടാകുമെന്നാണു റെയിൽവേ അധികൃതരുടെ വിശദീകരണം.