പാഴ്വസ്തുക്കൾക്കൊണ്ട് പുഷ്പമേളയൊരുക്കി കാർത്യായനി
Mail This Article
പരപ്പ ∙ പാഴ്‌വസ്തുക്കളിൽനിന്നു വർണപുഷ്പങ്ങൾ വിരിയിച്ചു തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ നാട്ടിൽ താരമാകുന്നു. കിണാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളത്തെ ടി.വി.കാർത്യായനിയാണു പാഴ്‌വസ്തുക്കൾ കൊണ്ട് വിവിധയിനം പൂക്കൾ ഉണ്ടാക്കുന്നത്. കോവിഡ് കാലത്തെ അടച്ചിരിപ്പിന്റെ വിരസത മാറ്റാനായി തുടങ്ങിയതാണ് ഈ കരവിരുത്.
പ്ലാസ്റ്റിക് കവർ, മിഠായി കടലാസ്, ഡിസ്പോസബിൾ ഗ്ലാസ്, വിവിധ വലുപ്പത്തിലുള്ള പ്ലാസ്റ്റിക് കുപ്പികൾ എന്നിവ കൊണ്ടാണു നിർമാണം. കോവിഡ് കാലം കഴിഞ്ഞതോടെ ഒഴിവ് സമയം ഇതിനായി കണ്ടെത്തി. പൊതുപ്രവർത്തകകൂടിയായ കാർത്യായനി നാട്ടിലെ വിവിധ കലാമത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്.
സീനിയർ സിറ്റിസൻസ് ഫോറം വനിതാ വിങ് ജില്ലാ കമ്മിറ്റി അംഗവുമാണ്. കുടുംബശ്രീയിലും പിജി സ്മാരക വായനശാല, ത്രീസ്റ്റാർ ക്ലബ് എന്നിവയിലും സജീവ പ്രവർത്തകയാണ്. ഭാസ്കരനാണ് ഭർത്താവ്. മക്കളായ പ്രജിത്ത്, അനിൽകുമാർ, പ്രവീണ എന്നിവരുടെ പ്രോത്സാഹനവും കാർത്യായനിക്കു വേണ്ടുവോളമുണ്ട്.