കൂണുകളുടെ പൂരവുമായി റാണിപുരം
Mail This Article
രാജപുരം∙വിവിധ തരം കൂണുകളുടെ ആവാസ കേന്ദ്രമായി റാണിപുരം വനമേഖല. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലും രൂപത്തിലുമുള്ള കൂണുകളാണ് റാണിപുരം വനത്തിലുള്ളത്. കഴിഞ്ഞ ദിവസം വനം വകുപ്പ് കാസർകോട് ഡിവിഷൻ, മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റി എന്നിവ ചേർന്ന് നടത്തിയ സർവേയിലാണ് കൂണുകളുടെ വൈവിധ്യം കണ്ടെത്തിയത്. മനുഷ്യർക്ക് ഭക്ഷണമാക്കാവുന്നതും, എന്നാൽ കൊടും വിഷമുള്ള കൂണുകളും ഇതിലുൾപ്പെടും. കൂരിരുട്ടിൽ മാത്രം ദൃശ്യമാകുന്ന പച്ച വെളിച്ചം പരത്തുന്ന കൂണുകളും കണ്ടെത്തിയിട്ടുണ്ട്. മഴക്കാലത്ത് മാത്രമാണ് കൂണുകൾ പ്രത്യക്ഷമാകുന്നത്.
ജൈവ ദീപ്തി പ്രകടമാക്കുന്ന ഫൈലോബൊളീറ്റസ് മാണിപ്പുലാരിസ് കൂണുകൾ, അതേ ഇനത്തിൽപെട്ട ഫൈലോബൊളീറ്റസ് കേരളൻസിസ്, രൂപത്തിലും നിറത്തിലും തക്കാളിയോട് സാമ്യമുള്ള ടൊമാറ്റോ മഷ്റൂം, ടെർമിറ്റോമൈസസ് ഇൻഡിക്കസ്, ടെർമിറ്റോമൈസസ് യൂറിസസ്, ഹീമിയോമൈസിസ് ടെന്യൂപസ്, ഔറിക്കുലാറിയ, ഡാക്രിമൈസിസ് സ്പൂത്തുലാറിയ, ഹീമിയോമൈസിസ്, ക്യാംപനെല്ലാ, ബേർഡ്സ് നെസ്റ്റ് (കിളിക്കൂട്), നാർസിസിയ, ലുക്കോകോപ്രിനസ് ഫ്രാഗിലസ്മസ് തുടങ്ങി അൻപതോളം തരം കൂണുകളാണ് സർവേയിൽ കണ്ടെത്തിയിട്ടുള്ളത്.
പലതും ഭക്ഷ്യയോഗ്യം
ഇതിൽ ടെർമിറ്റോമൈസസ് ഇൻഡിക്കസ്, ടെർമിറ്റോമൈസസ് യൂറിസസ് എന്നിവ ഭക്ഷ്യ യോഗ്യമായ കൂണുകളാണ്. ഇവ യഥാക്രമം വെട്ടിക്കാടൻ കൂൺ, പാവക്കൂൺ കൂൺ എന്നിങ്ങനെയാണ് പ്രാദേശികമായി അറിയപ്പെടുന്നത്.രൂപത്തിലെ മാറ്റം, ഗന്ധം എന്നിവ കൊണ്ടാണ് ഭക്ഷ്യ യോഗ്യമായവയെ തിരിച്ചറിയുന്നത്. ഇത് കൃത്യമായി മനസ്സിലാക്കാതെ ഭക്ഷണമാക്കിയാൽ വിഷബാധയേൽക്കാനുള്ള സാധ്യത കൂടുതലാണ്.
ഓരോ കൂണുകളും ആകൃതി, വലിപ്പം, ഗന്ധം, രുചി, ഘടന എന്നിവയിൽ വളരെയേറെ വ്യത്യസ്തമാണ്. മാലിന്യങ്ങൾ വിഘടിപ്പിക്കൽ, പോഷക സൈക്ലിങ്, പോഷക ഗതാഗതം തുടങ്ങി ആവാസ വ്യവസ്ഥയിൽ പ്രധാന പങ്കു വഹിക്കുന്നവയാണ് കൂണുകളെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്‍. മണ്ണ്, വീണ് കിടക്കുന്ന മരങ്ങൾ, മൃഗങ്ങളുടെ വിസർജ്യങ്ങൾ, എന്നിങ്ങനെ വ്യത്യസ്ത ഇടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ചവറുകളെയും മറ്റും നശിപ്പിക്കുകയും കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, മറ്റു ധാതുക്കൾ എന്നിവയെ സസ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും പ്രയോജനപ്പെടുത്തുന്നതിനായി വീണ്ടും ആവാസ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനും സഹായിക്കുന്നു.
ഒട്ടേറെ വൈവിധ്യം
ഒരു പ്രദേശത്ത് കാണപ്പെടുന്ന കൂണുകളുടെ വൈവിധ്യം ആ പ്രദേശത്തിന്റെ ആരോഗ്യം, മണ്ണിന്റെ ഫലഭൂയിഷ്ഠത എന്നിവയുടെ സൂചകങ്ങളാണെന്നു വിദഗ്ധർ പറയുന്നു.റാണിപുരത്തെ കൂണുകളുടെ വൈവിധ്യത്തെ കുറിച്ച് പഠിക്കാൻ കുടുതൽ പഠനങ്ങൾ നടത്താനുള്ള ശ്രമത്തിലാണ് മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റി പ്രവർത്തകരെന്ന് കമ്യൂണിറ്റി അംഗം കൂടിയായ നാച്വറലിസ്റ്റ് കെ.എം.അനൂപ് പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയിലുള്ളത്.