പണി തീരാതെ കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവൻ
Mail This Article
കാഞ്ഞങ്ങാട് ∙കാലാവധി കഴിഞ്ഞിട്ടും പണി തീരാതെ കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവൻ. നിർമാണ കരാർ ഏറ്റെടുത്ത കരാറുകാരൻ അസുഖം ബാധിച്ച് ചികിത്സയിലായതിനെത്തുടർന്നാണ് പണി നിർത്തിവച്ചത്. അദ്ദേഹം രോഗം ഭേദമായി തിരിച്ചെത്തിയപ്പോഴേക്കും കെട്ടിടം നിർമാണം പൂർത്തിയാക്കേണ്ട കാലാവധി കഴിഞ്ഞിരുന്നു. കാലാവധി കഴിഞ്ഞതിനാൽ പുതുക്കിയ എഗ്രിമെന്റ് പ്രകാരമേ വീണ്ടും പണി തുടങ്ങാൻ കഴിയൂ.ഇതേ കരാറുകാരൻ തന്നെ പണി പൂർത്തിയാക്കാൻ തയാറായിട്ടുണ്ട്.എന്നാൽ അനുമതി വൈകുന്നതിനാൽ നിർമാണം പുനരാരംഭിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 3 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിൽ കോൺക്രീറ്റും പ്ലാസ്റ്ററിങ് വർക്കും പൂർത്തിയായി. ഇനി വൈദ്യുതീകരണം അടക്കം ഒരു കോടിയുടെ രൂപയുടെ ജോലികളാണ് ബാക്കിയുള്ളത്.
ഇത് പൂർത്തിയാക്കാൻ പുതുക്കിയ എഗ്രിമെന്റ് തയാറാക്കണം.ഇതിനുള്ള കാലതാമസമാണ് നിർമാണം വൈകാൻ കാരണമാകുന്നത്. കരാറുകാരൻ അസുഖ ബാധിതനായതിനെ തുടർന്നു 6 മാസത്തോളമാണ് നിർമാണം നിർത്തിവച്ചത്. ഡിവിഷന്‍ ഓഫിസ്, കാഞ്ഞങ്ങാട് സെക്‌ഷന്‍ ഓഫിസ്, കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ ഓഫിസ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ അടങ്ങിയതാണ് മിനി വൈദ്യുതി ഭവന്‍.നിലവില്‍ വാടക കെട്ടിടത്തിലാണ് വൈദ്യുതി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്.