ADVERTISEMENT

കാസർകോട് ∙ കാരിരുമ്പിന്റെ നിറവും കരുത്തുമുള്ള പോത്തുകൾ ട്രാക്കിൽ വേഗത കൊണ്ടു വിസ്മയം തീർക്കുന്ന കാഴ്ച കാണാൻ ഇതാ തയാറായിക്കൊള്ളൂ. വേഗതയിൽ സാക്ഷാൽ ഉസൈൻ ബോൾട്ടിനെ പോലും വെല്ലുന്ന പോത്തുകൾ അണിനിരക്കുന്ന തുളുനാടിന്റെ സ്വന്തം കായിക വിനോദമായ ‘കമ്പള’ അഥവാ പോത്തോട്ട മത്സരത്തിനു കർണാടകയിൽ ട്രാക്കുണർന്നു.

നിയമങ്ങൾ കടുപ്പിച്ചതോടെ ജില്ലയിലെ കമ്പള മത്സരങ്ങൾ പേരു മാത്രമായെങ്കിലും ഇവിടെ നിന്നുള്ള അഞ്ചിലേറെ ടീമുകൾ കർണാടകയിലെ കമ്പളയിൽ സജീവ സാന്നിധ്യമാണ്. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയും ഉൾപ്പെടുന്ന തുളു നാടിന്റെ സാംസ്കാരിക തനിമ കൂടി വിളിച്ചോതുന്നതാണ് ഓരോ കമ്പളയും. ദക്ഷിണ കന്നഡ ജില്ലയിൽ ചെറുതും വലുതുമായ ഒട്ടേറെ മത്സരങ്ങൾ ഓരോ വർഷവും നടക്കുന്നു. 150 ൽ ഏറെ ടീമുകൾ അണിനിരക്കുന്ന പുത്തൂർ കമ്പളയാണ് ഇതിൽ ഏറ്റവും ആകർഷണം.

മുള്ളേരിയ കാർലെ കട്ടദമനെ കമ്പള സമിതി മത്സരത്തിനുപയോഗിക്കുന്ന പോത്തുകൾ.
മുള്ളേരിയ കാർലെ കട്ടദമനെ കമ്പള സമിതി മത്സരത്തിനുപയോഗിക്കുന്ന പോത്തുകൾ.

ജില്ലയിൽ കുറഞ്ഞു
കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ പത്തിലേറെ കമ്പളകൾ നടക്കാറുണ്ടായിരുന്നു. പൈവളിഗെ, മുള്ളേരിയ കാർലെ തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ടവ. എന്നാൽ കമ്പളയ്ക്കായി പോത്തുകളെ ഓടിക്കുമ്പോൾ അതിനെ അടിക്കുന്നതിനെതിരെ മൃഗസ്നേഹികളുടെ സംഘടന സുപ്രീംകോടതിയെ സമീപിക്കുകയും 2014 ൽ കോടതി ഇതു നിരോധിക്കുകയും ചെയ്തു.പോത്തുകളെ ഉപദ്രവിക്കുന്നില്ലെന്നു പറഞ്ഞ് ഇതിൽ ഓർഡിനൻസിലൂടെ ഭേദഗതി വരുത്തിയാണു കർണാടക സർക്കാർ ഇതു തുടരാൻ അനുമതി നൽകിയത്.

2018 ൽ പൈവളിഗെയിൽ നടന്ന കമ്പളയ്ക്കു ജില്ലാ ഭരണകൂടം അനുമതി നൽകിയത് പോത്തുകളെ അടിക്കാൻ വടി എടുക്കാൻ പാടില്ലെന്ന ഉപാധികളോടെയായിരുന്നു. പൈവളിഗെ അണ്ണ തമ്മ ജോഡ്കളു കമ്പള സമിതിയുടെ നേതൃത്വത്തിലായിരുന്നു അത്. കാർലെയിൽ ഉണ്ടായിരുന്ന ട്രാക്ക് പൂർണമായും ഇല്ലാതായി. കേരള–കർണാടക അതിർത്തിയായ അരിബയലിൽ ഈ മാസം 4 നു കമ്പള നടന്നതാണു ഏറ്റവും ഒടുവിലത്തേത്. ഇവിടെ സൗകര്യമില്ലാത്തതിനാൽ, കർണാടകയിലെ അതിർത്തി പ്രദേശങ്ങളിലെ ട്രാക്കുകളിൽ കൊണ്ടുപോയാണു ജില്ലയിലെ ടീമുകൾ പോത്തുകളെ പരിശീലിപ്പിക്കുന്നത്.

ജില്ലയിലെ പ്രധാന ടീമുകൾ 
മഞ്ചേശ്വരത്തെ കുളൂർ പൊയ്യൽ, കൗഡൂർ ബീഡു, കാറഡുക്കയിലെ കാർലെ കട്ടദമനെ, ബെള്ളിഗെ എടപ്പാടി, ഉദ്യാവർ പൊണ്ണെ, പത്വാടി, കടമ്പാർ, പാവൂർ എന്നിവയാണു ജില്ലയിലെ പ്രധാന ടീമുകൾ. ആദ്യത്തെ 3 ടീമുകൾ കർണാടകയിലെ ഭൂരിഭാഗം മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. പോത്തുകളുടെ കഴുത്തിൽ നുകം കെട്ടിയും കലപ്പ കെട്ടിയും ഉൾപ്പെടെ 6 ഇനങ്ങളിലാണ് മത്സരങ്ങൾ. കാസർകോട്ടെ കമ്പള പ്രേമികളും ഇതിലേക്കു ഒഴുകിയെത്താറുണ്ട്.

കർണാടകയിൽ നടക്കാനിരിക്കുന്ന പ്രധാന കമ്പള മത്സരങ്ങൾ
ഡിസംബർ 22– മുൽകി.∙ ഡിസംബർ 28– മംഗളൂരു. ∙ ഡിസംബർ 29– ബള്ളമഞ്ച. ∙ 2025 ജനുവരി 4– മിയാറു.∙ ജനുവരി 11– നരിങ്ങാന. ∙ ജനുവരി 18– അഡ്വെ ∙ ജനുവരി 25– മൂഡബിദ്രി.∙ ഫെബ്രുവരി1– ഐക്കള. ∙ ഫെബ്രുവരി 8– ജപ്പു.∙ ഫെബ്രുവരി 15– തിരുവയൽ ഗുത്തു. ∙ ഫെബ്രുവരി 22– കട്ടപ്പാടി. ∙ മാർച്ച് 1– പുത്തൂർ. ∙ മാർച്ച് 8–  ബണ്ട്വാള. ∙ മാർച്ച് 15– ബങ്കാടി. ∙ മാർച്ച് 22– ഉപ്പിനങ്ങാടി. ∙ മാർച്ച് 29– വേനൂർ.∙ ഏപ്രിൽ 5– ബൽമഞ്ച. ∙ ഏപ്രിൽ 12– ഗുരുപുര. ∙ ഏപ്രിൽ 19– ശിവമൊഗ്ഗ.

English Summary:

Kambala, the exciting buffalo race of Tulu Nadu, features strong oxen competing at breakneck speed. Despite stricter regulations impacting Kasargod's participation, teams from the district continue to compete in various Kambala races across Karnataka.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com