സ്മാർട്, ഹൈടെക് പൊലീസ് സ്റ്റേഷൻ

Mail This Article
പുത്തൂർ ∙ നാടിനു പുതുവർഷ സമ്മാനമായി സ്മാർട്ടും ഹൈടെക്കും ജനസൗഹൃദപരവുമായ പുതിയ പൊലീസ് സ്റ്റേഷൻ മന്ദിരം. ജനുവരി 4ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി മന്ദിരം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങ് സംബന്ധിച്ച ആലോചനായോഗം നാളെ വൈകിട്ട് 4ന് പുത്തൂർ വ്യാപാരഭവനിൽ നടത്തും.
പി.അയിഷപോറ്റി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 95 ലക്ഷം രൂപ സ്റ്റേഷൻ മന്ദിരത്തിന് അനുവദിച്ചിരുന്നു. എന്നാൽ 68 ലക്ഷം രൂപയ്ക്കാണ് കരാറെടുത്തത്. ഫർണിച്ചറും കംപ്യൂട്ടർ അടക്കമുള്ള മറ്റ് സൗകര്യങ്ങളും കൂടാതെയാണിത്. നെടുവത്തൂർ പഞ്ചായത്ത് വിട്ടുനൽകിയ 25 സെന്റിൽ നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തോടു ചേർന്നാണു 3400 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടം.പൊലീസ് സ്റ്റേഷനുകളുടെ പതിവു ശൈലിയിൽ നിന്നു വിട്ട് അത്യാധുനിക രീതിയിലാണ് ഉൾവശം ക്രമീകരിച്ചിരിക്കുന്നത്.
മികച്ച ഇരിപ്പിടങ്ങളും മനോഹരമായ രൂപകൽപനയും ഉൾവശത്തെ തികച്ചും വ്യത്യസ്തമാക്കുന്നു. സ്റ്റേഷനിലെത്തുന്നവർക്ക് മനസ്സിനിണങ്ങുന്ന അന്തരീക്ഷം ഉള്ളിലും പുറത്തും ഉണ്ടാകണമെന്ന നിഷകർഷയിലാണ് രൂപകൽപ്പനയെന്നു റൂറൽ എസ്പി ഹരിശങ്കർ പറഞ്ഞു. പൊലീസുകാർ നിന്നു ജോലി ചെയ്യുന്ന സമ്പ്രദായമുണ്ടാകില്ല. എല്ലാ പൊലീസുകാർക്കും സ്വന്തമായി ഒരു ഇരിപ്പിടവും ഫയൽ സൂക്ഷിക്കാൻ ഇടവും ഉണ്ടാകും. ഇത്തരം സൗകര്യമുള്ള ജില്ലയിലെ ആദ്യത്തെ സ്റ്റേഷനാണ് ഇത്. അനുബന്ധ സൗകര്യങ്ങളിലും ഒരു പടി മുന്നിലാണ് പുതിയ കെട്ടിടം.