പൂമരുതിക്കുഴിയിൽ കാട്ടാനയുടെ ആക്രമണം; 2 പേർക്കു പരുക്ക്

Mail This Article
പത്തനാപുരം∙ പൂമരുതിക്കുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പഞ്ചായത്തംഗം ഉൾപ്പെടെ രണ്ട് പേർക്കു പരുക്ക്. കലഞ്ഞൂർ പഞ്ചായത്തംഗം സലാം മൻസിലിൽ സജീവ് റാവുത്തർ(39), അരുണോദയത്തിൽ രാജേന്ദ്രൻ(54) എന്നിവർക്കാണ് പരുക്കേറ്റത്. സജീവ് റാവുത്തറെ കോന്നിയിലെ സർക്കാർ ആശുപത്രിയിലും തലയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായർ അർധരാത്രിയാണ് സംഭവം.

ആന ഇറങ്ങിയതായി നാട്ടുകാർ അറിയിച്ചതനുസരിച്ച് സമീപവാസിയായ രാജേന്ദ്രന്റെ സ്കൂട്ടറിൽ സംഭവ സ്ഥലത്തേക്കു പോകുകയായിരുന്നു സജീവ് റാവുത്തർ. പോകുന്ന വഴിയരികിൽ ചക്ക തിന്നു കൊണ്ടു നിന്ന ആന ഇവരുടെ മുൻപിലേക്കു പാഞ്ഞെത്തി തുമ്പിക്കൈ കൊണ്ട് സ്കൂട്ടറിൽ തട്ടി. സജീവ് റാവുത്തറും രാജേന്ദ്രനും ദൂരേക്കു തെറിച്ചു വീണു.
താഴ്ചയുള്ള ഭൂമിയായതിനാൽ നിരങ്ങി ഇറങ്ങുന്നതിനിടെ ആനയുടെ കാൽ കല്ലുകളുടെ ഇടയിലായി. ഈ അവസരം മുതലാക്കി ഇരുവരും താഴേക്കു ഉരുണ്ടു നീങ്ങി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ടു ആളുകൾ ഓടിയെത്തിയിട്ടും ആന പിന്മാറിയില്ല. നാട്ടുകാരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ കാട്ടിലേക്കു മടക്കിയത്. വനം ഉദ്യോഗസ്ഥർ എത്താൻ വൈകിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു.
നാട്ടിലിറങ്ങി ആനയും പുലിയും
പകൽ സമയങ്ങളിൽ പോലും കാട്ടാനയും പുലിയും വിഹരിക്കുകയാണ് നാടെങ്ങും. കാർഷിക വൃത്തി കൊണ്ടു ജീവിതം നയിക്കുന്ന ഇവർക്കു വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. നേരത്തെ കാട്ടു പന്നിയും മ്ലാവും ഒക്കെയായിരുന്നു ശല്യം. ജീവൻ അപഹരിക്കുന്ന മൃഗങ്ങളെ എങ്ങനെ നേരിടണമെന്നു അറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
പേടിച്ചു നാടു വിടുന്നു
പുലിയും കാട്ടാനയും ഇറങ്ങുന്നത് പതിവായതോടെ പലരും നാടു വിടുകയാണ്. ഗ്രാമത്തിൽ പതിനഞ്ചോളം കുടുംബങ്ങളാണ് ആകെ ഇത്തരത്തിൽ മറ്റിടങ്ങളിലേക്കു മാറി താമസിച്ചത്. പലരും ജീവിതം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വന്തം ഭൂമിയും വീടും ഉപേക്ഷിച്ചാണ് പോയത്. വാടകയ്ക്ക് വീട് എടുക്കാൻ പോലും ശേഷിയില്ലാത്തവരാണ് ഇവിടെ അവശേഷിക്കുന്നത്.
സുരക്ഷിതമല്ല, ഒന്നും
രണ്ട് മാസമായി ഉറക്കിമില്ലാത്ത അവസ്ഥയാണെന്നു പ്രദേശവാസി രാജൻ പറഞ്ഞു. പുലർച്ചെ ടാപ്പിങ്ങിനു പോയപ്പോൾ ആനയുടെ മുൻപിൽ പലതവണ പെട്ടിട്ടുണ്ട്. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്. വീടിനു മുന്നിൽ കെട്ടിയിട്ടിരുന്ന പശുക്കുട്ടിയെ പുലി പിടിച്ച കഥ പറയുമ്പോൾ കുഞ്ഞമ്മയുടെ മുഖത്തെ ഭയം വിട്ടു മാറിയിട്ടില്ല. ഒറ്റ രാത്രി കൊണ്ട് ആനക്കൂട്ടം നശിപ്പിച്ചത് സുഷമയുടെ രണ്ടര ഏക്കറിലെ വാഴക്കൃഷിയാണ്. കമുകും, തെങ്ങും റബറും ഉൾപ്പെടെ വലിയ മരങ്ങൾ വരെ പിഴുതാണ് ആന കലി അടക്കുന്നതെന്നു കാർത്തിക ഭവനിൽ അജിത പറയുന്നു.
പെരുകുന്നു നഷ്ടക്കണക്കുകൾ
എംഎൽഎയും വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സാന്ത്വനിപ്പിക്കാറുണ്ടെങ്കിലും കർഷകന്റെ നഷ്ടത്തിനു മാത്രം പരിഹാരമില്ല. വളർത്തു മൃഗങ്ങൾ കൊല്ലപ്പെടുകയോ, ലക്ഷങ്ങളുടെ കൃഷിനാശം ഉണ്ടാകുകയോ ചെയ്യുമ്പോൾ ചെറിയ സഹായം നൽകുകയാണ് പതിവ്. നഷ്ടത്തിന്റെ നാലിലൊന്നു പോലും സഹായമായി ലഭിക്കില്ല.