തെളിനീർ ആയിരുന്ന അഷ്ടമുടിക്കായൽ ഇപ്പോൾ ഇങ്ങനെ; കൊല്ലരുത് അഷ്ടമുടിയെ !
Mail This Article
കൊല്ലം ∙ ജില്ലയുടെ അഴകാണ് അഷ്ടമുടിക്കായൽ. കാഞ്ഞിരോട്ടു കായലിലെ കരിമീൻ വിശേഷവും കണ്ടൽക്കാടുകളും ദേശാടന പക്ഷികളുടെ ഇടത്താവളവും പൈതൃക ജൈവ വൈവിധ്യ മേഖലയും ഒക്കെ ചേർന്നു പറഞ്ഞാൽ തീരാത്ത പ്രത്യേകതകളുണ്ട് അഷ്ടമുടി കായലിന്. വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായ അഷ്ടമുടിക്കായൽ ഇന്നു കണ്ടാൽ ആരും കഷ്ടം എന്നു പറയും. തെളിനീർ ആയിരുന്ന അഷ്ടമുടിക്കായൽ ഇപ്പോൾ നഗരത്തിലെ ‘ ചണ്ടി ഡിപ്പോ’ ആണ്.
പ്ലാസ്റ്റിക് മുതൽ ആശുപത്രി മാലിന്യം വരെ കായലിൽ എത്തുന്നു. ഇതിനു പുറമേയാണ് കയ്യേറ്റം. സർക്കാർ ആശുപത്രികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യത്തിനു പുറമെ കായൽ തീരത്തെ വീടുകളിലെ ശുചിമുറി മാലിന്യവും കായലിലാണു തള്ളുന്നത്. അഷ്ടമുടി കായലിലെ മത്സ്യ സമ്പത്ത് ഇല്ലാതാകുന്നതിന് ഇതു പ്രധാന കാരണമാണ്. പല ഇനങ്ങൾക്കും വംശനാശം സംഭവിച്ചു. മൂന്നു പതിറ്റാണ്ട് മുൻപ് 97 ഇനം മത്സ്യങ്ങൾ ഇവിടെയുണ്ടായിരുന്നു. ഇപ്പോൾ അതു പതിനഞ്ചോളം ഇനങ്ങളായി ചുരുങ്ങി. കാഞ്ഞിരോട്ടു കായലിൽ നിന്നു ലഭിച്ചിരുന്ന ഏറ്റവും രുചികരമായ കരിമീൻ ഗണ്യമായി കുറഞ്ഞു.
കെഎസ്ആർടിസി ബസ് സ്റ്റേഷന് എതിർവശത്തു വഞ്ചിവീടുകളുടെ മറീനയും പരിസരവും കറുത്തു കിടക്കുകയാണ്. മാലിന്യം കെട്ടി നിൽക്കുന്ന ഇവിടെ അസഹ്യമായ ദുർഗന്ധവുമുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ മാത്രമല്ല, കായൽ മലിനമാക്കുന്നതിൽ സർക്കാർ സ്ഥാപനങ്ങളുമുണ്ട്. കോർപറേഷന്റെ അറവുശാലയിൽ നിന്നുള്ള മലിന ജലം കായലിലാണ് ഒലിച്ചിറങ്ങിയിരുന്നത്. ജില്ലാ ആശുപത്രി, ഗവ. വിക്ടോറിയ ആശുപത്രി, കെഎസ്ആർടിസി ഗാരിജ്, കുരീപ്പുഴ ചണ്ടി ഡിപ്പോ തുടങ്ങി അഷ്ടമുടിക്കായലിനെ മലിനമാക്കുന്നതിൽ പ്രതികൾ ഒട്ടേറെയുണ്ട്.കായൽ സംരക്ഷണത്തിന് ഒട്ടേറെ പ്രഖ്യാപനങ്ങളും പദ്ധതികളുമുണ്ടായി. തീരത്തുള്ള നിർമാണ പ്രവർത്തനത്തിനാണ് പദ്ധതി പണം. ഏറെയും ചെലവഴിക്കുന്നത്. കെട്ടിടം നിർമാണമാണ് കായൽ സംരക്ഷണമെന്നാണ് അധികൃതരുടെ ധാരണ. പ്രഖ്യാപനങ്ങൾ മിക്കതും ജലരേഖയായി മാറുകയും ചെയ്തു.