ADVERTISEMENT

ഇത് ഏത് വിദേശരാജ്യമാണ്? പരവൂർ കായലിനോടു ചേർന്ന് ഒറ്റപ്ലാമൂടിനും നെടുങ്ങോലത്തിനും മധ്യേയുള്ള കണ്ടൽക്കാടുകളുടെ ചിത്രങ്ങൾ കാണുന്നവരുടെ മനസ്സിൽ ആദ്യമെത്തുന്ന ചോദ്യമാണിത്. ഇതു കൊല്ലം ജില്ലയിലാണെന്നും കൊട്ടിയത്തിനു സമീപമുള്ള പ്രദേശമാണെന്നും പറഞ്ഞാൽ ചിലപ്പോൾ കൊല്ലത്തുള്ളവർ പോലും വിശ്വസിച്ചേക്കില്ല.

വള്ളത്തിൽ മാത്രം എത്തിപ്പെടാവുന്ന സ്ഥലമായതിനാൽ ഇവിടുത്തെ കണ്ടൽക്കാടുകളുടെ ഭംഗി നുകർന്നിട്ടുള്ളവർ വളരെക്കുറവാണ്. ടൂറിസം കേന്ദ്രമാക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം യാഥാർഥ്യമായാൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായി ഇതു മാറും. 30 അടിയോളം ഉയരത്തിൽ വളർന്നു നിൽക്കുന്ന ഉപ്പൂറ്റിക്കണ്ടലാണ് ഇവിടുത്തെ പ്രത്യേകത. കണ്ടൽ ഇത്രയും ഉയരത്തിൽ വളർന്നു നിൽക്കുന്നത് അപൂർവ കാഴ്ചയാണ്. ഇരുവശത്തും കണ്ടൽ മൂടിയ ജലപാതയിലൂടെയുള്ള യാത്ര സമാനതകളില്ലാത്ത അനുഭവം.

ചുറ്റുമുള്ള ജലപ്പരപ്പിനു നടുക്കുള്ള പച്ചത്തുരുത്തുകൾ അപൂർവ പക്ഷികളുടെയും ജലജീവികളുടെയും ആവാസ കേന്ദ്രം കൂടിയാണ്. കണ്ടൽക്കാടുകൾ ഇരുൾ വീഴ്ത്തുന്നതിനാൽ ഒരു ഗുഹയിലൂടെ യാത്ര ചെയ്യുന്ന അനുഭൂതി നൽകും .പരവൂർ നഗരസഭയുടെയും ആദിച്ചനല്ലൂർ, ചിറക്കര, മയ്യനാട് പഞ്ചായത്തുകളുടെയും അതിർത്തി പങ്കിടുന്നതാണ് ഈ പ്രദേശം. നെടുങ്ങോലം, കൊട്ടിയം ഒറ്റപ്ലാമൂട്, മയ്യനാട് പുല്ലിച്ചിറ എന്നിവിടങ്ങളിൽ നിന്ന് വള്ളത്തിൽ എത്താം.

വയലിൽ കിളിർത്ത വലിയ കണ്ടൽ

കായൽ പോലെ തോന്നിക്കുമെങ്കിലും ഈ പ്രദേശം പതിറ്റാണ്ടുകൾക്കു മുൻപ് വയലായിരുന്നു. ഇത്തിക്കരയാറ് ഒഴുകുന്നതിലും താഴ്ന്ന പ്രദേശത്തായിരുന്നു ഇത്തിക്കര വയൽ. വലിയ ബണ്ടുകൾ കെട്ടിയാണ് കൃഷി നടത്തിയിരുന്നത്. തുടർച്ചയായ ബണ്ട് പൊട്ടൽ മൂലം കൃഷി നശിച്ചു. അതിനു മുൻപു വരെ സമൃദ്ധമായി നെല്ലും തേങ്ങയും വിളഞ്ഞിരുന്നു . ഇപ്പോൾ തെങ്ങുകൾ ഉൾപ്പെടെ വെള്ളത്തിലാണ്. ഇതിനിടെ പലരും മത്സ്യക്കൃഷിയിലേക്കു തിരിഞ്ഞു. കുറച്ചു പേ‍ർ അത് ഇപ്പോഴും തുടരുന്നു. വെള്ളത്തിൽ ഇടയ്ക്കു നാട്ടിയിട്ടുള്ള മരക്കുറ്റികൾ പണ്ട് ഇവിടെ പാടമായിരുന്നെന്നും കുറ്റി ഓരോരുത്തരുടെ വസ്തുവിന്റെ അതിരായിരുന്നെന്നും ഓർമിപ്പിക്കുന്നു. പാടങ്ങളിൽ വെള്ളം നിറഞ്ഞപ്പോൾ, സ്വകാര്യവ്യക്തിയാണ് ഇവിടെ ആദ്യം കണ്ടൽ നട്ടത്. അതു പിന്നീട് പല ഭാഗത്തേക്കും പടർന്നു.

പ്രതീക്ഷയായി ടൂറിസം

നെടുങ്ങോലത്ത് വിനോദസഞ്ചാര പദ്ധതി നടപ്പാക്കുമെന്ന് ജി.എസ്.ജയലാൽ എംഎൽഎ പറയുന്നു. വലിയ ഉയരത്തിൽ വളർന്നു നിൽക്കുന്ന അപൂർവ കണ്ടൽക്കാടിന്റെ സൗന്ദര്യം സഞ്ചാരികളിലെത്തിക്കുന്ന തരത്തിലാകും പദ്ധതി . കൊട്ടിയം ഒറ്റപ്ലാമൂടിനെക്കൂടി ഉൾപ്പെടുത്തി പരവൂർ കായൽ ടൂറിസം പദ്ധതി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയം പൗരവേദി ടൂറിസം മന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിരുന്നു. കൊട്ടിയത്തിന്റെ വികസനസാധ്യകൾ ഇതു വർധിപ്പിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ടൂറിസം സാധ്യതകൾ പഠിക്കാൻ ഡിടിപിസി അധികൃതരും ഉടൻ പ്രദേശം സന്ദർശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com