ഓണസമ്മാനമായി തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതി

Mail This Article
കൊല്ലം∙ തങ്കശ്ശേരിയിൽ ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച പാർക്കിന്റെ ഉദ്ഘാടനം ഓണത്തിനു മുൻപ്. അവസാനഘട്ട നിർമാണം നടക്കുകയാണ്. വാഹന പാർക്കിങ് സൗകര്യത്തിനുള്ള ജോലികൾ അടുത്ത ദിവസം തുടങ്ങും. തങ്കശ്ശേരി പുലിമുട്ടിനുള്ളിൽ ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് 5 കോടി രൂപയോളം ചെലവഴിച്ചാണ് പാർക്ക് നിർമിച്ചത്. ടൂറിസം വകുപ്പാണ് നിർമാണച്ചെലവ് വഹിച്ചത്. ഹാർബർ എൻജിനീയറിങ് വിഭാഗമാണ് ഇതിന്റെ രൂപരേഖ തയാറാക്കിയത്.
കടലിലേക്ക് ഇറങ്ങിനിൽക്കാൻ ഡെക്ക് നിർമിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ബോട്ടിങ് ആരംഭിക്കാനാകും. കടൽക്കാഴ്ചയ്ക്കു വേണ്ടി പുലിമുട്ടിനോടു ചേർന്ന് ഉയരത്തിൽ ഗസീബോ നിർമിച്ചിട്ടുണ്ട്. പരിപാടികൾ നടത്താൻ കഴിയുന്ന തുറന്ന മിനി ഓഡിറ്റോറിയം എന്ന സങ്കൽപത്തിലാണ് ഗസീബോ. പുല്ലു നട്ടുപിടിപ്പിച്ച കുന്നുകൾ, ഇവയെ ബന്ധിപ്പിക്കുന്ന ആർച്ച് പാലം, സൈക്കിൾ ട്രാക്ക്, പുലിമുട്ടിൽ വരെ ഇരിപ്പിടങ്ങൾ, കുട്ടികൾക്കു കളിസ്ഥലം, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയിൽ തീരുന്നില്ല പാർക്കിന്റെ പ്രത്യേകത. റസ്റ്ററന്റ്, 3 ഷോപ്പുകൾ, ഇൻഫർമേഷൻ സെന്റർ, ശുചിമുറികൾ എന്നിവയും ഉണ്ട്.