കെട്ടിടങ്ങൾക്കു നമ്പർ ലഭിച്ചില്ല ; ദേശീയപാതയ്ക്ക് സ്ഥലം വിട്ടുനൽകിയവർ പെരുവഴിയിൽ

Mail This Article
കൊല്ലം ∙ നിർമാണച്ചട്ടം പാലിച്ചില്ലെന്ന പേരിൽ പുതിയ കെട്ടിടങ്ങൾക്കു നമ്പർ ലഭിക്കാത്തതിനാൽ ദേശീയപാതയ്ക്കു സ്ഥലം വിട്ടുനൽകിയവർ പെരുവഴിയിൽ. ജില്ലയിൽ 300 കെട്ടിടങ്ങളാണു പണി പൂർത്തിയാക്കി കെട്ടിട നമ്പറിനു കാത്തിരിക്കുന്നത്. പുതിയ നിർമാണത്തിനുള്ള അപേക്ഷകളും കെട്ടിക്കിടക്കുകയാണ്.
ജില്ലയിൽ 2800 കെട്ടിടങ്ങളാണു ദേശീയപാത വികസനത്തിനു വേണ്ടി പൊളിച്ചുമാറ്റിയത്. ഇതിനു പകരം കടമുറികൾ നിർമിച്ചവരും നിർമിക്കാൻ ശ്രമിക്കുന്നവരുമാണ് അനുമതി ലഭിക്കാതെ വലയുന്നത്. പാതയ്ക്കു വിട്ടുനൽകിയതിനു ശേഷം അവശേഷിച്ച സ്ഥലത്താണു മിക്കവരും കടമുറികൾ നിർമിച്ചത്. സ്ഥലപരിമിതി മൂലം ദേശീയപാതയിൽ നിന്നു നിശ്ചിത അകലം പാലിക്കാതെ ആയിരുന്നു നിർമാണം.
പാതയിൽ നിന്നു 3.5 മീറ്റർ അകലം പാലിച്ചില്ല. മതിയായ പാർക്കിങ് സൗകര്യമില്ല, അംഗപരിമിതർക്ക് ഓരോ നിലയിലേക്കും കയറുന്നതിനു റാംപ് നിർമിച്ചിട്ടില്ല. അംഗപരിമിതർക്കു ശുചിമുറികളും പാർക്കിങ് സൗകര്യവുമില്ല തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിക്കുന്നത്.
300 ചതുരശ്ര അടി വിസ്തീർണമുള്ള കടമുറിക്കു 3 കാറും 3 ബൈക്കും പാർക്ക് ചെയ്യുന്നതിനു സൗകര്യം, 3 ശുചിമുറി എന്നിവയ്ക്കു പുറമേ അംഗപരിമിതർക്കു പ്രത്യേക പാർക്കിങ് സൗകര്യം, ശുചിമുറി, റാംപ് എന്നിവ നിർമിക്കേണ്ടതുണ്ട്. കെട്ടിടത്തിന്റെ വിസ്തൃതി കൂടുന്നതിന് ആനുപാതികമായി പാർക്കിങ്, ശുചിമുറി സൗകര്യങ്ങൾ ഒരുക്കണമെന്നാണു ചട്ടം.
ദേശീയപാതയ്ക്കു സ്ഥലം വിട്ടുനൽകിയപ്പോൾ കെട്ടിടം ഭാഗികമായി മുറിച്ചു മാറ്റിയ ശേഷം അവശേഷിക്കുന്ന ഭാഗം കടമുറികളായി മാറ്റിയവർക്കും കെട്ടിട നമ്പർ ലഭിക്കുന്നില്ല. റോഡിൽ നിന്നു 3.5 മീറ്റർ അകലം പാലിക്കാത്തതിന്റെ പേരിൽ മാത്രമല്ല. നിർമാണച്ചട്ടത്തിലെ മറ്റു വ്യവസ്ഥകളും ചൂണ്ടിക്കാട്ടിയാണു തദ്ദേശ സ്ഥാപനങ്ങൾ നമ്പർ നിരസിക്കുന്നത്.
കെട്ടിട നിർമാണച്ചട്ടങ്ങൾ ലഘൂകരിക്കണമെന്നു കേരള വ്യാപാരി വ്യവസായ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ദേശീയപാതയ്ക്ക് ഏറ്റെടുത്ത ശേഷമുള്ള പരിമിതമായ സ്ഥലത്തു നിലവിലുള്ള ചട്ടം പാലിച്ചു കെട്ടിടം നിർമിക്കാൻ കഴിയാത്ത അവസ്ഥയാണെന്നു സമിതി ജില്ലാ സെക്രട്ടറി കെ.കെ.നിസാർ, പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു.