കാന്താരിയിട്ട ‘വനസുന്ദരി’; മൈസൂർ മസാലദോശ...

Mail This Article
കൊല്ലം∙ ആശ്രാമം മൈതാനത്തിന്റെ നടുവിലിരുന്നു പടിഞ്ഞാറു ഗുജറാത്തിലെയും കിഴക്ക് അരുണാചൽ പ്രദേശത്തിന്റെയും വടക്ക് ഹിമാചൽ പ്രദേശത്തിന്റെയും രുചികൂട്ടുകൾ നുണയാൻ അവസരമൊരുക്കുകയാണ് സരസ് മേളയിലെ കഫേ കുടുംബശ്രീ ഇന്ത്യ കോർട്ട്. രാജസ്ഥാൻ താലി മീൽസും ചോള ബട്ടൂരയും രുചിച്ചു തീർന്നാൽ തൊട്ടടുത്ത സ്റ്റാളിൽ രാജസ്ഥാനിൽ നിന്ന് രണ്ടായിരത്തിലേറെ കിലോമീറ്ററുകൾ അകലെയുള്ള അസമിലെ ചിക്കൻ സൗമീനും അസം ടീയും ലഭ്യമാകുന്നതാണ് സരസ് മേള ഫുഡ് കോർട്ടിനെ രുചിവൈവിധ്യത്തിന്റെ കലവറയാക്കുന്നത്.

കർണാടകയുടെ മൈസൂർ മസാല ദോശ, സുൽത്താന ബിരിയാണി, അരുണാചൽ പ്രദേശിന്റെ മില്ലറ്റ് നൂഡിൽസ്, ചിക്കൻ മോമോ, തയ്പ്പോ, പഞ്ചാബിന്റെ പെത്ത കസാബ്ജി ചപ്പാത്തി, ആലൂപറാത്ത, ഉത്തർ പ്രദേശിന്റെ മുറാദാബാദി ബിരിയാണി, ഹരിയാനയുടെ മിക്സ് ബജ് പക്കോഡ, ഗുജറാത്തിന്റെ പൂരി ബാജി, വടാ പാവ്, മഹാരാഷ്ട്രയുടെ ഷബുദാരാ വട എന്നിവയെല്ലാം രുചിയുടെ പൂരം തീർക്കാൻ സന്ദർശകരെ കാത്തു സ്റ്റാളുകളിൽ തയാറായി കൊണ്ടിരിക്കുകയാണ്, മറ്റ് സംസ്ഥാനങ്ങളുടേതിനു പുറമെ കേരളത്തിന്റെ 14 ജില്ലകളുടെയും ഭക്ഷണ വൈവിധ്യവും ഫുഡ് കോർട്ടിലൂടെ അനുഭവിച്ചറിയാം.
ഇവയിൽ അട്ടപ്പാടിയിലെ സൊലൈ മിലനും വനസുന്ദരിക്കും ആരാധകരേറെയാണ്. കാന്താരിയും ഇഞ്ചിയും പുതിനയും സുഗന്ധദ്രവ്യങ്ങളും ചേർത്ത് അരപ്പ് കോഴിയിറച്ചയിൽ ചേർത്തു പൊരിച്ചെടുക്കുന്ന എരിവേറിയ ഭക്ഷണമാണ് വനസുന്ദരി. സുഗന്ധദ്രവ്യങ്ങൾക്കൊപ്പം ധാന്യങ്ങളും ചേർത്തു കല്ലിൽ ചൂടാക്കി കൂവയിലയിൽ പൊതിഞ്ഞു മുളങ്കുറ്റിയിൽ പുഴുങ്ങിയെടുക്കുന്ന വിഭവമാണ് സോലൈ മിലൻ. ആദിവാസ സമൂഹത്തിന്റെ പരമ്പരാഗത രുചികൂട്ടുകളും അട്ടപ്പാടിയിൽ സുലഭമായ സുഗന്ധദ്രവ്യങ്ങളും ധാന്യങ്ങളുമാണ് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത്.
സരസ് മേളയിൽ ഇന്ന്
∙ രാവിലെ 10ന് കൊട്ടാരക്കര ബ്ലോക്ക്, മുൻസിപ്പാലിറ്റി, വെട്ടിക്കവല ബ്ലോക്ക് എന്നീ കുടുബശ്രീ സിഡിഎസ്സുകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികൾ, വൈകിട്ട് 4.30 നു സരസ് തദ്ദേശ സംഗമം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
∙ വൈകിട്ട് 6.30നു ബുണ്ടു ഖാനും സംഘവും അവതരിപ്പിക്കുന്ന രാജസ്ഥാനി ഫോക് പെർഫോമൻസ് മംഗാണിയാർ മ്യൂസിക് ആൻഡ് കാൽ ബെലിയ നൃത്തം. 8.30 നു രൂപ രേവതിയും സംഘവും അവതരിപ്പിക്കുന്ന ലൈവ് വയലിൻ കച്ചേരി.