കനാലുകൾ ശുചീകരിക്കാൻ പണം ഇല്ല; ഇക്കുറിയും ജലവിതരണം ഭാഗികമാകും

Mail This Article
കൊട്ടാരക്കര ∙ കെഐപി കനാലുകൾ ശുചീകരിക്കാൻ തയാറാകാതെ തദ്ദേശ സ്ഥാപനങ്ങൾ. വാർഷിക അറ്റകുറ്റപ്പണികൾക്ക് അനുവദിച്ച തുകയിൽ നിന്ന് വിഹിതം നീക്കി വച്ച് നാമമാത്രമായ അറ്റകുറ്റപ്പണി നടത്താൻ വകുപ്പ് അധികൃതർ. ഇത്തവണയും കനാലിലൂടെ ജലമൊഴുക്ക് ഭാഗികമാകുമെന്നാണു സൂചന. കനാലുകളുടെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വാർഷിക അറ്റകുറ്റപ്പണികൾക്കായി 4.30 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. മെയിൻ കനാലിൽ ഉൾപ്പെടെ തകരാറുകളുണ്ട്. ഇവ പരിഹരിച്ചശേഷം ബാക്കിയുള്ള തുകയാകും ശുചീകരണത്തിന് ഉപയോഗിക്കുന്നത്.
ശുചീകരണത്തിനു മാത്രം കുറഞ്ഞത് 8 കോടി രൂപ വേണമെന്നാണ് അധികൃതർ പറയുന്നത്. മൂന്ന് വർഷങ്ങളായി കനാലുകളിൽ ശുചീകരണം നടക്കുന്നില്ല. പാഴ്മരങ്ങൾ വളർന്ന് കാട് കയറിയ നിലയിലാണ് പല മേഖലകളും. നീർപ്പാലങ്ങളിലും വിള്ളലുകളുണ്ട്. കനാലുകളിൽ ചോർച്ച വ്യാപകമാകുന്നു. 36 വർഷം മുൻപ് കമ്മിഷൻ ചെയ്തതാണ് കനാൽ. പിന്നീട് കാര്യമായ സംരക്ഷണ നടപടികൾ നടന്നില്ല. വേനലിൽ തെക്കൻ ജില്ലകളിലെ കൃഷിയെ സംരക്ഷിക്കുന്നത് കനാലിൽ നിന്നുള്ള വെള്ളമാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 911.889 കിമീ നീളത്തിൽ വ്യാപിച്ച് കിടക്കുന്നതാണ് കല്ലട ജലസേചന പദ്ധതി കനാൽ. കനാൽ സംരക്ഷണത്തിന് സർക്കാർ സഹായം നാമമാത്രമായതോടെ കെഐപി അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ സമീപിച്ചു.
ജലസംരക്ഷണ പദ്ധതിയിലുൾപ്പെടുത്തി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച് കനാൽ ശുചീകരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് കത്ത് അയച്ചിരുന്നു. അനുകൂലമായി തദ്ദേശ സ്ഥാപനങ്ങൾ പ്രതികരിച്ചില്ലെന്നാണു വിവരം. ജനുവരി ആദ്യവാരത്തോടെ ജില്ലയിൽ ജലക്ഷാമം ഉണ്ടാകുമെന്നാണ് സൂചന. അതിന് മുൻപ് ശുചീകരണവും അറ്റകുറ്റപ്പണികളും പൂർത്തിയാക്കണം. പരമാവധി ജോലികൾ നടത്താൻ ശ്രമിക്കുന്നതായി കെഐപി എക്സി.എൻജിനീയർ കെ.കെ.ടെസിമോൻ പറഞ്ഞു.