ADVERTISEMENT

ചാത്തന്നൂർ/കൊട്ടാരക്കര ∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കാറിൽ ഘടിപ്പിച്ചിരുന്ന 2 വ്യാജ നമ്പർ പ്ലേറ്റുകൾ കഷണങ്ങളാക്കിയ നിലയിൽ ആര്യങ്കാവ്- കുളത്തൂപ്പുഴ റോഡരികിൽ കണ്ടെത്തി. പ്രതികൾ നൽകിയ സൂചന അനുസരിച്ചു നടത്തിയ പരിശോധനയിലാണ് കാടു പിടിച്ചു കിടന്ന സ്ഥലത്ത് നിന്ന് ഇവ കണ്ടെത്തിയത്. രക്ഷപ്പെടാനുള്ള തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവ ഉപേക്ഷിച്ചത്. വീട്ടിലെ കട്ടർ ഉപയോഗിച്ചാണ് ഇവ കഷണങ്ങളാക്കിയതെന്നാണു മൊഴി.

കെഎൽ 04 എഫ് 3239, കെഎൽ 29 ഇ 6628 വ്യാജ നമ്പർ പ്ലേറ്റുകളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ചതെന്നാണു വിവരം. ഇന്നലെ തെങ്കാശിയിൽ ഇവർ തങ്ങിയ ലോഡ്ജിലും ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് ഇന്നലെ രാത്രിയിലും തുടർന്നു.

പ്രതികളുടെ ഫാം ഹൗസിൽ നടത്തിയ തെളിവെടുപ്പിൽ പകുതിയിലേറെ കത്തിക്കരിഞ്ഞ നോട്ടുബുക്കും ഇൻസ്ട്രുമെന്റ് ബോക്സും കണ്ടെത്തി. ആറുവയസ്സുകാരിയുടെ ബുക്ക് ആണോയെന്ന് സംശയം ഉണ്ട്. 

മുതിർന്ന കുട്ടികൾക്കു സമാനമായ കയ്യക്ഷരമാണ് ബുക്കിലുള്ളത്. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിത കുമാരി (39), മകൾ പി.അനുപമ (21) എന്നിവരുമായി ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാവിലെയാണു ചിറക്കര പഞ്ചായത്തിലെ പോളച്ചിറ തെങ്ങുവിളയിലെ ഫാം ഹൗസിൽ തെളിവെടുപ്പിന് എത്തിയത്.

ഫാം ഹൗസിൽ പട്ടിക്കൂടിനു മുന്നിൽ ചപ്പുചവറുകൾ സ്ഥിരമായി കത്തിക്കുന്ന ഭാഗത്താണ് കത്തിയ ബുക്ക് കണ്ടെത്തിയത്. തീ കത്തിക്കുന്ന ഭാഗത്ത് നിന്നുള്ള തെളിവുകൾ ഫൊറൻസിക് അധികൃതർ ശേഖരിച്ചു. ഫാം ഹൗസിന്റെ ചുറ്റുമതിലിനു പുറത്തു പട്ടിക്കൂടിനു പിന്നിൽ നിന്നാണ് ഒഴിഞ്ഞ ഇൻസ്ട്രുമെന്റ് ബോക്സ് കണ്ടെടുത്തത്.

തെളിവെടുപ്പിന് അനിതകുമാരിയെ മാത്രമാണ് വാനിൽ നിന്നു പുറത്തിറക്കിയത്. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഫാം ഹൗസിലെ തെളിവെടുപ്പ് ഒന്നര മണിക്കൂറോളം നീണ്ടു. ഫാം ഹൗസിലെ ജീവനക്കാരി കന്നുകാലിക്കുള്ള തീറ്റവാങ്ങുന്നത് സംബന്ധിച്ചു അനിതകുമാരിയോടു വിവരം ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി അവർ നൽകിയില്ല.

കുട്ടിയെ തട്ടിയെടുത്ത ദിവസം രാത്രി കുട്ടിക്കു നൽകാൻ ഭക്ഷണം പാഴ്സൽ വാങ്ങിയ ചാത്തന്നൂരിലെ ഹോട്ടലിലും പത്മകുമാറിനെ എത്തിച്ചു തെളിവെടുത്തു. കഴിഞ്ഞ ദിവസം മാമ്പള്ളിക്കുന്നത്തെ വീട്, പാരിപ്പള്ളി കിഴക്കനേലയിലെ തട്ടുകട, ദേശീയപാതയിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനു സമീപം എന്നിവിടങ്ങളിൽ എത്തിച്ചു തെളിവെടുത്തിരുന്നു.

കഴിഞ്ഞ മാസം 27ന് വൈകുന്നേരമാണ് പ്രതികൾ ബാലികയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ആശ്രാമം മൈതാനത്തെ ഒഴിഞ്ഞ ബെഞ്ചിൽ ബാലികയെ ഉപേക്ഷിച്ചു പ്രതികൾ കടന്നു കളഞ്ഞു. ഈ മാസം ഒന്നിന് തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണു പ്രതികളെ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികളെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്.

English Summary:

The number plates were cut into pieces using a household cutter; The notebook has handwriting similar to that of older children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com