ADVERTISEMENT

കൊല്ലം∙ നാടകങ്ങളുടെ ഈറ്റില്ലമായ കൊല്ലത്തിന്റെ യശസ്സ് നാടകവേദിയിൽ ഒരുപടി മുന്നിൽ തന്നെയായിരുന്നു. സോപാനം ഓഡിറ്റോറിയത്തിൽ നടന്ന ഹൈസ്കൂൾ വിഭാഗം നാടക മത്സരം കാണാൻ ആസ്വാദക മനസുകൾ ഒഴുകി എത്തി. അത്രയ്ക്ക് ജനത്തിരക്കിനായിരുന്നു സോപാനം ഓഡിറ്റോറിയവും പരിസരവും സാക്ഷിയായത്.

കോഴിക്കോട് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഓസ്കാർ പുരുഷു ആസ്വാദക ശ്രദ്ധ നേടി. മണികെട്ടിയ ശേഷം പൂച്ചയുടെയും എലികളുടെയും ജീവിതം എന്ന വീരാൻ കുട്ടിയുടെ കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശിവദാസ് പൊയിൽക്കാവ് രചനയും സംവിധാനവും ഗാനരചനയും സംഗീതവും നിർവഹിച്ച നാടകം അരങ്ങിൽ ആഘോഷമാക്കുകയായിരുന്നു.

 പൂച്ചയ്ക്ക് മണി കെട്ടുന്നതോടെ തീരുന്നതാണ് പഴയ കഥ.  എന്നാൽ കവിതയിൽ മണി കെട്ടുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയാണ്. മണിയൊച്ചയിൽ എലിക്കുഞ്ഞുങ്ങളുടെ ഉറക്കം നഷ്ടപ്പെട്ട് സമനില നഷ്ടമാകുന്നു. മണിയൊരിക്കലും തിരിച്ചു ചോദിക്കരുത് എന്ന പൂച്ചയുടെ അപേക്ഷയിൽ കവിത അവസാനിക്കുമെങ്കിലും നാടകം പുതിയകാല യാഥാർത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു. കരുതിയിരുന്ന് പ്രതിരോധിച്ചാൽ ശത്രുവിന്റെ ഉപായങ്ങളെ അതിജീവിച്ച് കരുത്തരാകാനുള്ള കഴിവുണ്ടെന്ന് നാടകം സമൂഹത്തെ ഓർമിപ്പിക്കുന്നു.  വാളയാർ പീഡനവും നാടകവേദിയിൽ ശ്രദ്ധേയമായ ചർച്ചയായി. ഉള്ളിലെ നാടകക്കാരനെ മുറുകെപ്പിടിച്ച് നാടക കലാകാരന്മാർക്ക് പ്രോത്സാഹനവുമായി എം മുകേഷ് എംഎൽഎയും വേദിയിൽ എത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com