ADVERTISEMENT

കൊല്ലം ∙ സംസ്ഥാന ബജറ്റിൽ കൊല്ലം ജില്ലയ്ക്ക് മാത്രമായ പദ്ധതികൾ പരിമിതം. വിവിധ മേഖലകൾക്ക് പൊതുവായി വകയിരുത്തിയതിന്റെ വിഹിതത്തിൽ ഒതുങ്ങും ജില്ലയുടെ നേട്ടം.  മുൻ ബജറ്റുകളിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നെങ്കിൽ ഇത്തവണ അക്കാര്യത്തിൽ ധനമന്ത്രി പിശുക്കു കാട്ടി. ‘കശുവണ്ടി പുനരുജ്ജീവന പദ്ധതി’, കൊല്ലം നോൺ മേജർ തുറമുഖമായി വികസിപ്പിക്കും, അഷ്ടമുടിക്കായലിൽ സോളർ ബോട്ട്... തുടങ്ങിയവ പ്രധാന പ്രഖ്യാപനങ്ങളാണ്.

പരമ്പരാഗത തൊഴിൽ മേഖലകളായ ബീഡി, ഖാദി, മുള, ചൂരൽ, മത്സ്യബന്ധനവും സംസ്കരണവും, കശുവണ്ടി, കയർ, തഴപ്പായ, കരകൗശല നിർമാണം മുതലായ മേഖലകളിലെ തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിനുള്ള പദ്ധതി ജില്ലയ്ക്ക് സഹായമാകും. കൊല്ലം പിഎസ്‌സി ഓഫിസ് കെട്ടിട നിർമാണത്തിനു തുക വകയിരുത്തി. കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലാ പിഎസ്‌സി ഓഫിസുകൾക്ക് കെട്ടിടം നിർമിക്കുന്നതിന് 5.24 കോടി രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്.  

വിനോദ സഞ്ചാരം
അഞ്ഞൂറിനു മുകളിൽ ആളുകൾക്ക് കൂടിച്ചേരാനുള്ള സൗകര്യം ഒരുക്കുന്ന 2 ഡെസ്റ്റിനേഷനിൽ കൊല്ലം, മൺറോത്തുരുത്ത് എന്നിവ ഉൾപ്പെടുത്തിയതാണ് വിനോദ സഞ്ചാര മേഖലയിലെ നേട്ടം. 20 ഡെസ്റ്റിനേഷനുകൾക്കായി 50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൊല്ലം ഉൾപ്പെടെ സംസ്ഥാനത്തെ 4 ഡെസ്റ്റിനേഷനുകളിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററുകൾ, വിശ്രമകേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, ചെറു വിനോദത്തിനുളള ഇടങ്ങൾ, മോട്ടലുകൾ എന്നിവ ഉൾപ്പെടുന്ന മിനി മറീനകളും യാട്ട് ഹബ്ബുകളും വികസിപ്പിക്കും. തെന്മല ഇക്കോ ടൂറിസം പദ്ധതിക്കായി 2 കോടി രൂപ അധികമായി വകയിരുത്തി.  ഇക്കോ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 1.90 കോടി രൂപയും ഉത്തരവാദിത്ത ടൂറിസം മേഖലയ്ക്കായി 15 കോടി രൂപയും വകയിരുത്തിയതിന്റെ വിഹിതം ജില്ലയ്ക്ക് ലഭിക്കും.

മത്സ്യബന്ധനം
നീണ്ടകരയിലെ വല ഫാക്ടറിക്ക് 5 കോടി രൂപ അധികമായി വകയിരുത്തി. മത്സ്യബന്ധന മേഖലയ്ക്ക് ആകെ 227.12 കോടി രൂ വകയിരുത്തിയിട്ടുണ്ട്. പട്രോളിങ്ങിന് 20 ബോട്ടുകൾ വാടകയ്ക്ക് എടുക്കുന്നതിനും മത്സ്യവിഭവങ്ങളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്നതിനും 9 കോടി രൂപയും പഞ്ഞ മാസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം നൽകുന്ന പദ്ധതിക്ക് സംസ്ഥാന വിഹിതമായി 22 കോടി രൂപയും വകയിരുത്തി. രണ്ടും വർഷങ്ങളായി തുടരുന്ന പദ്ധതിയാണ്. 

സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന മേഖല ആണ് കൊല്ലം എങ്കിലും ജില്ലയ്ക്ക് കാര്യമായ പദ്ധതിയില്ല. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച, 300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഓഷ്യനേറിയത്തിന് തുകയും വകയിരുത്തിയില്ല. തീരദേശ വികസനത്തിനും ജില്ലയ്ക്കായി പ്രത്യേക പ്രഖ്യാപനം ഇല്ല.  ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്ക് വകയിരുത്തിയതിന്റെ വിഹിതവും ജില്ലയ്ക്ക് ലഭിക്കും. തീരത്തു നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിന് നടന്നു വരുന്ന പുനർഗേഹം പദ്ധതിക്ക് 40 കോടി രൂപ വകയിരുത്തി. ഇത് കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതത്തിന്റെ ഇരട്ടിയാണ്. 

കശുവണ്ടി മേഖല
ജില്ലയിലെ പ്രധാന പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖലയെയും തൊഴിലാളികളെയും സഹായിക്കുന്നതിനുള്ള പ്രത്യേക ‘കശുവണ്ടി പുനരുജ്ജീവന പദ്ധതി’ക്ക് 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് ഏറെക്കുറെ ജില്ലയ്ക്ക് മാത്രമായി ലഭിക്കും. കശുവണ്ടി മേഖലയ്ക്ക് 53.36 കോടി രൂപ വകയിരുത്തിയതും പ്രതീക്ഷ നൽകുന്നു. കേരള കശുമാവ് കൃഷി വികസന ഏജൻസിക്ക് 6.50 കോടി രൂപയും. ചെറുതും ഇടത്തരവുമായ കശുവണ്ടി ഫാക്ടറി യൂണിറ്റുകളുടെ പുനരുദ്ധാരണത്തിനും വരുമാന മാർഗം പുനഃസ്ഥാപിക്കുന്നതിനും  2 കോടി രൂപയും വകയിരുത്തി.

കൈത്തറി
കൈത്തറി ഗ്രാമങ്ങൾ രൂപീകരിക്കുന്നതിന് 4 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എത്ര ഗ്രാമങ്ങൾ ഇതിൽ ഉൾപ്പെടുത്തി എന്നത് സംബന്ധിച്ചു വ്യക്തത വരേണ്ടതുണ്ട്. കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സഹകരണ സ്പിന്നിങ് മില്ലുകളുടെ പ്രവർത്തന മൂലധനങ്ങൾക്ക് ഒറ്റത്തവണ സഹായം അടക്കം ടെക്സ്ഫെഡിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 9.85 കോടി രൂപ അനുവദിച്ചത് ചാത്തന്നൂർ സഹകരണ സ്പിന്നിങ് മില്ലിന് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ

കയർ വ്യവസായം
കയർ വ്യവസായ മേഖലയിലെ വിവിധ പദ്ധതികൾക്ക് 107.64 കോടി രൂപയുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ സംരംഭങ്ങൾ എന്നിവയുടെ പുനരുജ്ജീവനത്തിനും ആധുനികവൽക്കരണത്തിനുമായി 32 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 

തുറമുഖം
7.3 മീറ്റർ പ്രകൃതി ദത്ത ആഴമുള്ള കൊല്ലം തുറമുഖത്തിന്റെ ആഴം കൂട്ടിയും പുതിയ വാർഫുകൾ നിർമിച്ചും  പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിയും പ്രധാനപ്പെട്ട നോൺ മേജർ തുറമുഖമാക്കി വികസിപ്പിക്കും. ചരക്ക് നീക്കത്തിനും ഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും ഊന്നൽ നൽകി അഴീക്കൽ, ബേപ്പൂർ, കൊല്ലം, ആലപ്പുഴ, പൊന്നാനി തുറമുഖങ്ങളുടെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനത്തിന് 39.20 കോടി രൂപയുടെ വികസനം നടപ്പാക്കും. നീണ്ടകര, വലിയതുറ, കായംകുളം, മനക്കോടം, മുനമ്പം-കൊടുങ്ങല്ലൂർ, തലശ്ശേരി, കോഴിക്കോട്, കണ്ണൂർ, ചെറുവത്തൂർ-നീലേശ്വരം, കാസർകോട്, മഞ്ചേശ്വരം എന്നീ ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഉൾനാടൻ ജലഗതാഗതം
കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് കായൽ ടൂറിസം പദ്ധതിക്ക് രണ്ട് സോളർ ബോട്ടുകൾ വാങ്ങുന്നതിന് 5 കോടി രൂപ. 

ചാംപ്യൻസ് ബോട്ട് ലീഗ് 
കേരളത്തിന്റെ പരമ്പരാഗത ഉത്സവങ്ങളുടെ പ്രോത്സാഹനം, സംരക്ഷണം, കായൽതീരങ്ങളെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കൽ, വള്ളംകളിയെ രാജ്യാന്തര നിലവാരമുള്ള കായിക ഇനമാക്കി മാറ്റുന്നതിനുള്ളന  ചാംപ്യൻസ് ട്രോഫി ലീഗിനായി 9.96 കോടി രൂപ.

ബജറ്റിൽ ഇടം പിടിച്ച് റോഡുകൾ
കരുനാഗപ്പള്ളി ∙ നിയോജക മണ്ഡലത്തിലെ ചങ്ങൻകുളങ്ങര – വള്ളിക്കാവ് റോഡ് നിർമാണത്തിന് 2 കോടിയും കരുനാഗപ്പള്ളി – ആലുംകടവ് റോഡ് നിർമാണത്തിന് 3 കോടിയും 20 ശതമാനം വകയിരുത്തലോടെ ബജറ്റിൽ ഉൾപ്പെട്ടതായി സി.ആർ.മഹേഷ് എംഎൽഎ അറിയിച്ചു. കരുനാഗപ്പള്ളി കോടതി സമുച്ചയം, കരുനാഗപ്പള്ളി നഗരസഭയ്ക്കു പ്രത്യേക കുടിവെള്ള പദ്ധതി, റവന്യു ടവർ നിർമാണം, കരുനാഗപ്പള്ളി നഗരസഭ 3–ാം തഴത്തോട് പുനരുദ്ധാരണം, തഴവ, തൊടിയൂർ വട്ടക്കായൽ ബണ്ട് റോഡ് സംരക്ഷണം, കുഞ്ഞനാടിക്കുളം മഠത്തിൽ കാരായ്മ റോ‍ഡ്, കുലശേഖരപുരം പഞ്ചായത്തിലെ ടിബി ജംക്‌ഷൻ – പഞ്ചമിമുക്ക് റോഡ്, ക്ലാപ്പന പള്ളിമുക്ക് – മഞ്ചാടിമുക്ക് റോഡ്, മരുതൂർകുളങ്ങര – സംഘപ്പുരമുക്ക് റോഡ്, കന്നേറ്റി കരോട്ട്മുക്ക് – കോഴിക്കോട് എസ്‌വി മാർക്കറ്റ് റോഡ്, ചിറ്റുമൂല റെയിൽവേ ക്രോസ് – വിളയിൽ ക്ഷേത്രം – കാഞ്ഞിരപ്പള്ളി റോഡ്, ചേലക്കോട്ടുകുളങ്ങര – മാലുമേൽ റോഡ്, തഴവ കുലശേഖരപുരം പഞ്ചായത്തിലെ പാലത്തംകടവ് മുതൽ ചിറ്റുമൂല പാലം വരെ വശങ്ങൾ കെട്ടി സംരക്ഷണം, വേങ്ങറ എൽപി സ്കൂൾ കെട്ടിട നിർമാണം എന്നീ പദ്ധതികൾക്കു ടോക്കൺ വകയിരുത്തൽ നടത്തിയിട്ടുണ്ടെന്നും സി.ആർ.മഹേഷ് എംഎൽഎ അറിയിച്ചു.

ബജറ്റിൽ 13 പുതിയ പദ്ധതികൾ
ചവറ ∙ സംസ്ഥാന ബജറ്റിൽ 13 പുതിയ പദ്ധതികൾ ഇടം പിടിച്ചതായി സുജിത്ത് വിജയൻ പിള്ള അറിയിച്ചു. നീണ്ടകര ഹാർബറിൽ പുതിയ വല നിർമാണ ഫാക്ടറിക്കായി അനുവദിച്ച തുകയ്ക്കു പുറമേ 5 കോടി രൂപ ബജറ്റിൽ വകയിരുത്തി. നീണ്ടകര പഞ്ചായത്ത് ഓഫിസ് - അമ്പിളി മുക്ക് റോഡിന് (ബിഎം ആൻഡ് ബിസി) 3.24 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മറ്റ് പദ്ധതികൾ: പന്മന ആണുവേലിൽ ഗവ. യുപിഎസിന് പുതിയ കെട്ടിടം, ശങ്കരമംഗലം ബോയ്സ് എച്ച്എസിന് ഓഡിറ്റോറിയം കം ഇൻഡോർ സ്റ്റേഡിയം, തേവലക്കര മൊട്ടയ്ക്കൽ ഗവ. യുപിഎസിനു പുതിയ കെട്ടിടം, തേവലക്കര ക്ഷേത്രം - ആറാട്ട് കുളം റോഡ് പുനർനിർമാണം, തേവലക്കര ആലയിറക്കം കുളം നവീകരണം, ചവറ മുക്കുത്തോട് ഗവ. യുപിഎസിനു പുതിയ കെട്ടിടം, ചവറ ഗവ. കോളജിനു പുതിയ ഗ്രൗണ്ട് നവീകരണം, ചവറ കണ്ടച്ചിനേഴുത്ത് മുക്ക് - കീപ്പട ജംക്‌ഷൻ റോഡ്  നവീകരണം, തെക്കുംഭാഗം തണ്ടളത്ത് മുക്ക് - ഗുഹാനന്ദപുരം റോഡ് നവീകരണം, കൊല്ലം കോർപറേഷൻ രാമൻകുളങ്ങര - മരുത്തടി റോഡ് നവീകരണം, ഓട നിർമാണം, ശക്തികുളങ്ങര അരുളപ്പൻ തുരുത്ത് പാലം - കണക്കൻ തുരുത്ത് പാലങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് എന്നിവയും ബജറ്റിൽ ഇടം നേടി.

മണ്ഡലങ്ങൾക്ക് കിട്ടിയത്
കൊല്ലം ∙ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക് പ്രഖ്യാപിക്കപ്പെട്ട പദ്ധതികളിൽ പ്രധാനപ്പെട്ടവ 

കുണ്ടറ 
കുണ്ടറ പഞ്ചായത്തിൽ സ്റ്റേഡിയത്തിനായി 1 കോടി,‌‌തൃക്കോവിൽവട്ടം എഫ്എച്ച്സിക്ക് കെട്ടിട നിർമാണത്തിനായി 1.5 കോടി കുണ്ടറ - കൊട്ടിയം റോഡിൽ കണ്ണനല്ലൂരിൽ നിന്നു കുണ്ടറ ഭാഗത്തേക്കുള്ള റോഡിന്റെ ഉപരിതലം ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന് 2.5 കോടി.

കൊട്ടാരക്ക‌
കൊട്ടാരക്കരയിൽ പുതിയ പൊതുമരാമത്ത് വിശ്രമകേന്ദ്രം നിർമാണം – 5 കോടി രൂപ
കരീപ്ര പഞ്ചായത്തിലെ കൽച്ചിറ പാലം നിർമാണം– 4 കോടി നെടുവത്തൂർ പഞ്ചായത്തിൽ സാംസ്കാരിക കേന്ദ്രം നിർമാണം-2 കോടി മണ്ഡലത്തിൽ സ്വന്തമായി സ്ഥലം ലഭ്യമായ അങ്കണവാടികൾക്ക് പുതിയ കെട്ടിടം നിർമാണം-2 കോടി 

പുനലൂർ
പുനലൂർ ബൈപാസ് – 250 കോടി 
സമ്പൂർണ ശുദ്ധജല പദ്ധതി –  250 കോടി താലൂക്ക് ആശുപത്രിയിൽ കാത്ത് ലാബ് – 5 കോടിറവന്യു ടവർ – 5 കോടി (എല്ലാം ഫണ്ട് ലഭിച്ചാൽ മാത്രം നടപ്പാക്കുന്ന ടോക്കൺ അ‍ഡ്വാൻസ് പദ്ധതികൾ)പുനലൂർ ചാലിയക്കര റോഡ് നിർമാണം – 12.80 കോടി 

ചാത്തന്നൂർ 
ചിറക്കര, ആദിച്ചനല്ലൂർ, ചാത്തന്നൂർ, പൂതക്കുളം, പരവൂർ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനം – 10 കോടി 
നെല്ലേറ്റിൽ-കാപ്പിൽ പാലം നിർമാണം –  10 കോടി പരവൂർ-മയ്യനാട് കായൽ പാലം –  25 കോടി ചാത്തന്നൂർ ഗവ. ഐടിഐയുടെ അടിസ്ഥാന സൗകര്യ വികസനം – 10 കോടി കെഐപി പരവൂർ ഡിസ്ട്രിബ്യൂട്ടറി പൂർത്തീകരണം – 15 കോടി പരവൂർ കാപ്പിൽ പാലത്തിനു വടക്ക് പുലിമുട്ട് നിർമാണം – 15 കോടി 

ചവറ
നീണ്ടകര ഗ്രാമപ്പഞ്ചായത്ത് ഓഫിസ് അമ്പിളിമുക്ക് റോഡ് (ബിഎം ആൻഡ് ബിസി) – 3.24 കോടി 

ഇരവിപുരം
കൊല്ലം പബ്ലിക് ലൈബ്രറിയുടെ നവീകരണത്തിന് 2 കോടി രൂപ
കൊല്ലം കോർപറേഷൻ കിളികൊല്ലൂർ സോണിൽ അയത്തിൽ പെട്രോൾ പമ്പ്- ഇഞ്ചയ്ക്കൽ മൂർത്തി ക്ഷേത്രം- ഇലവന്തി- റെയിൽവേ ലൈൻ റോഡ് നവീകരണത്തിന് 3  കോടി രൂപ
വടക്കേവിള സോൺ മാടൻനട-തമ്പുരാൻമുക്ക്- വെളിയിൽ ക്ഷേത്രം- പാട്ടത്തിൽകാവ്, ശംഖുമുഖം- വേലംവയൽ റോഡ് നവീകരണത്തിന് 3  കോടി രൂപ വടക്കേവിള സോണിൽ ബൈപാസ്-എസ്എൻ പബ്ലിക് സ്‌കൂൾ- രണ്ടാംനമ്പർ റോഡ് നവീകരണത്തിന് 2 കോടി രൂപ പള്ളിമുക്ക് ഡിവിഷൻ ബ്ലൂസ്റ്റാർ ജംക്‌ഷൻ- കളീലിൽ ജംക്‌ഷൻ-അക്കരവിള ഓട നവീകരണത്തിനും കവറിങ് സ്ലാബ് നിർമാണത്തിനും 2 കോടി രൂപ മയ്യനാട് പഞ്ചായത്തിലെ ഉമയനല്ലൂർ മസ്ജിദ്-മാഞ്ഞാലിമുക്ക്- കളീലഴികത്ത് മുക്ക് റോഡ് നവീകരണത്തിന് ഒരുകോടി രൂപ

കൊല്ലം
കൊല്ലം ബീച്ചിലെ ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് – 10 കോടി കൊല്ലം ആശ്രാമം ഹെറിറ്റേജ് മേഖലയുടെ (ഗെസ്റ്റ് ഹൗസ് കോംപൗണ്ട്) സൗന്ദര്യവൽക്കരണത്തിനും ടൂറിസം വികസനത്തിനും – 6 കോടി. കൊല്ലം തുറമുഖത്ത് ചരക്ക് ഗതാഗതവും ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ആഴം വർധിപ്പിക്കുന്നതിനും വാർഫ് നിർമാണത്തിനുമായി 8 കോടി .കൊല്ലം പെരുമൺ എൻജിനീയറിങ് കോളജിൽ പുതിയ അക്കാദമിക് ബ്ലോക്ക് – 4 കോടി

കുന്നത്തൂർ 
സർക്കാർ എൻജിനീയറിങ് കോളജ്, കാലിത്തീറ്റ ഫാക്ടറി, ശാസ്താംകോട്ട കോർട്ട് കോംപ്ലക്സ്, ശൂരനാട് പള്ളിക്കലാറിനു കുറുകെ റഗുലേറ്റർ കം ബ്രിജ്, കാഞ്ഞിരത്തുംകടവ് പാലം, ചക്കുവള്ളി സ്റ്റേഡിയം എന്നിവയ്ക്ക് ഒരു കോടി രൂപ വീതം 

ചടയമംഗലം
കുമ്മിൾ സംഭ്രമം മുല്ലക്കര തച്ചോണം റോഡ്, കടയ്ക്കൽ ടൗൺ കിംസാറ്റ്, ബീഡിമുക്ക് ചണ്ണപ്പേട്ട, ഇളമാട് തേവന്നൂർ, പന്തളംമുക്ക് ചരിപ്പറമ്പ്, ചടയമംഗലം പാവൂർ മഞ്ഞപ്പാറ കോട്ടുക്കൽ ഗുഹാക്ഷേത്രം, പാങ്ങലുകാട് കൊണ്ടോടി തുളസിമുക്ക് റോഡുകളുടെ നവീകരണത്തിന് 15 കോടി രൂപ.

കരുനാഗപ്പള്ളി 
ചങ്ങൻകുളങ്ങര – വള്ളിക്കാവ് റോഡ് നിർമാണത്തിന് 2 കോടി കരുനാഗപ്പള്ളി – ആലുംകടവ് റോഡ് നിർമാണത്തിന് 3 കോടി (20 ശതമാനം വകയിരുത്തൽ)

നിരാശാജനകം: കോൺഗ്രസ്

ജില്ലയെ പ്രതിനിധീകരിക്കുന്ന ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് കൊല്ലത്തിന് തീർത്തും നിരാശാജനകമാണെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് പ്രഖ്യാപിച്ച തുക അപര്യാപ്തമാണ്. പരമ്പരാഗത വ്യവസായ മേഖലയെ തീർത്തും അവഗണിച്ചു. മത്സ്യബന്ധന മേഖലയിലും തോട്ടം മേഖലയിലും പ്രതീക്ഷിച്ച തുക ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമഗ്ര വികസനത്തിന്: സിപിഎം
ജില്ലയുടെ സമഗ്രവികസനത്തിന് ശക്തിപകരുന്നതാണ് സംസ്ഥാന ബജറ്റെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ‍. കശുവണ്ടി, കയർ, മത്സ്യം ഉൾപ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളുടെയും വിനോദസഞ്ചാരം, തുറമുഖ വികസനം തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങളുമുൾപ്പെടുന്ന മേഖലകളുടെയും വിപുലീകരണത്തിന് സഹായകരമായ പദ്ധതിയാണ് ബജറ്റിലുള്ളത്. കേന്ദ്രസർക്കാർ പൂർണമായും അവഗണിച്ച എല്ലാ മേഖലകളെയും സംസ്ഥാന ബജറ്റ് പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രഹസനം: ആർഎസ്പി
സംസ്ഥാന ബജറ്റ് വെറും പ്രഹസനമായി മാറുകയാണെന്നും വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ യൂണിവേഴ്സിറ്റികളും വിദേശ യൂണിവേഴ്സിറ്റികളും കൊണ്ടുവരാനുള്ള തീരുമാനം ഇടതുപക്ഷ നയമാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു.

കള്ളക്കണക്ക് മാത്രം: ബിജെപി
നിയമസഭയിൽ അവതരിപ്പിച്ചത് ബജറ്റല്ലെന്നും ധനമന്ത്രിയുടെ വാചാടോപമാണ് കേട്ടതെന്നും കഴിഞ്ഞ രണ്ടു വർഷം സ്വന്തം ജില്ലയ്ക്ക് പ്രഖ്യാപിച്ച ഒരു പദ്ധതി പോലും നടപ്പാക്കാൻ കഴിയാത്ത മന്ത്രി കള്ളക്കണക്കുകൾ നിരത്തുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ പറഞ്ഞു.

തൊഴിലാളി പക്ഷ ബജറ്റ്: സിഐടിയു
സംസ്ഥാന ബജറ്റ് തൊഴിലാളി പക്ഷ ബജറ്റാണെന്നും കേന്ദ്രം അവതരിപ്പിച്ച തൊഴിലാളി വിരുദ്ധ ബജറ്റ് രാജ്യം മുഴുവൻ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ കേരളം തൊഴിലാളി പക്ഷത്തിന് മാതൃകയാണെന്നും സിഐടിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പറഞ്ഞു. ‌

ജീവനക്കാരെ പറ്റിച്ചു: എൻജിഒ അസോസിയേഷൻ
ജീവനക്കാർക്കായി ഒന്നും നീക്കി വയ്ക്കാത്ത ബജറ്റ് വഞ്ചനാപരമാണെന്ന് കേരള ബജറ്റിനെതിരായ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജെ.സുനിൽ ജോസ് പറഞ്ഞു. എ.ആർ.ശ്രീഹരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സരോജാക്ഷൻ, ശ്രീജിത്ത്, സൈജു അലി, ഫിറോസ്, എം.ആർ.ദിലീപ്,നിസാറുദ്ദീൻ, രഞ്ചു, പൗളിൻ, ലെനിൻ ഡോൺ ബോസ്കോ, അജിത്ത്, ജിൻസി, ഐബി, സൈഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

പദ്ധതികളില്ല: ഏകോപന സമിതി 
ചെറുകിട വ്യാപാര മേഖലയ്ക്ക് സമഗ്രമായ ഉത്തേജന പദ്ധതി ഇല്ലാത്തത് ബജറ്റിന്റെ വലിയ കുറവാണെന്നും കോടതിക്ക് പുറത്ത് ഒരു ആംനെസ്റ്റിയിലൂടെ വ്യവഹാരങ്ങൾ തീർപ്പാക്കുന്നത് ബജറ്റിൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്.മനോജ് പറഞ്ഞു.

നിരാശാജനകം: കൗൺസിൽ 
എഴുന്നൂറോളം കശുവണ്ടി ഫാക്ടറികൾ അടഞ്ഞു കിടക്കുമ്പോൾ  അവതരിപ്പിച്ച ബജറ്റ് വ്യവസായികൾക്കും തൊഴിലാളികൾക്കും നിരാശാജനകമാണെന്ന് കാഷ്യു ഇൻഡസ്ട്രി പ്രൊട്ടക്‌ഷൻ കൗൺസിൽ (സിഐപിസി) പ്രതികരിച്ചു. 

നിരാശപ്പെടുത്തി: എൻടിയു
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ പൂർണമായി നിരാശപ്പെടുത്തിയ ബജറ്റാണ് അവതരിപ്പിച്ചതെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയവർ ഏഴര വർഷം ഭരിച്ചിട്ടും ഒന്നും ചെയ്യാതെ ഇനിയും പഠിക്കുമെന്ന പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവാണെന്നും എൻടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്ഗോപകുമാർ പറഞ്ഞു. 

തുക അപര്യാപ്തം: അസോസിയേഷൻ
വ്യവസായ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന ബജറ്റ് സ്വാഗതാർഹമാണെന്നും വ്യവസായ പാർക്കുകൾക്കും എസ്റ്റേറ്റുകൾക്കും തുക നീക്കി വച്ചത് ഉപകാരമാവുമെന്നും എംഎസ്എംഇ മേഖലയ്ക്ക് നീക്കിവച്ച തുക അപര്യാപ്തമാണെന്നും സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീനും ജനറൽ സെക്രട്ടറി പി.ജെ.ജോസും പറഞ്ഞു.

സർക്കാർ ജീവനക്കാരെ വഞ്ചിച്ച ബജറ്റ് : കെജിഇയു
കുണ്ടറ∙ ക്ഷാമബത്ത ഇത്രയും കുടിശികയുള്ളപ്പോൾ ആദ്യ ഗഡു മാത്രം പ്രഖ്യാപിച്ച് ധന മന്ത്രി വീണ്ടും സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന് കെജിഇയു കൊല്ലം ജില്ലാ കമ്മിറ്റി. 21 ശതമാനമാണ് കുടിശിക. എന്നാൽ സർക്കാർ ജീവനക്കാരെ പറ്റിക്കുന്നതിന് 2 ശതമാനം മാത്രമാണ് ബജറ്റിൽ അനുവദിച്ചത്.

സർക്കാർ ജീവനക്കാരും സാധാരണക്കാരും വിലക്കയറ്റത്താൽ പൊറുതി മുട്ടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.  കുടിശികയുടെ പകുതി പോലും അനുവദിക്കാതെ ജീവനക്കാരുടെ ജീവിതം ദുഃസഹമാക്കിയ സർക്കാരിന്റെ വഞ്ചന ജീവനക്കാർ തിരിച്ചറിയണം. ഇതിന് എതിരെ ഭരണപക്ഷ സംഘടനകൾ ഉൾപ്പെടെ സംയുക്ത സമരപരിപാടികൾക്ക് നേതൃത്വം നൽകണമെന്നും കെജിഇയു കൊല്ലം ജില്ലാ പ്രസിഡന്റ് ജെ. ആരിസ്, സെക്രട്ടറി ശ്യാംദേവ് ശ്രാവണം എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com