കൊല്ലം – ചെങ്കോട്ട മെമു സർവീസുകൾ ആരംഭിക്കണം; എംപിമാരുടെ യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ

Mail This Article
പുനലൂർ ∙ ചെങ്കോട്ട - പുനലൂർ റെയിൽവേ ലൈനിന്റെ വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തിയായ ശേഷം കൊല്ലം – ചെങ്കോട്ട മെമു സർവീസുകൾ ആരംഭിക്കുന്നതും ഈ പാതയിൽ ട്രെയിനുകളുടെ വേഗവും കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതും അടക്കം ഒട്ടേറെ ആവശ്യങ്ങൾക്ക് 29നു മധുരയിൽ നടക്കുന്ന എംപിമാരുടെ യോഗത്തിൽ തീരുമാനമാകുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ.
രാവിലെയും വൈകിട്ടും കൊല്ലം - തിരുനെൽവേലി – കൊല്ലം മെമു സർവീസുകൾ ആരംഭിക്കണമെന്നാണ് ആവശ്യം. ഇത് മീറ്റർഗേജ് കാലത്ത് നിലവിലുണ്ടായിരുന്നവയാണ്. ചെങ്കോട്ട - പുനലൂർ റെയിൽവേ ലൈനിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് നിലവിൽ 14 കോച്ചുകൾക്ക് മാത്രമേ അനുമതിയുള്ളൂ. കോച്ച് കപ്പാസിറ്റി വർധിപ്പിക്കാൻ ഈ ലൈനിൽ ഒരു ആർഡിഎസ്ഒ ട്രയൽ നടന്നിരുന്നു.
23 എൽഎച്ച്ബി കോച്ചുകൾ ഉപയോഗിച്ച് ജനുവരിയിലാണ് ട്രയൽ നടത്തിയത്. പക്ഷെ, ഇതുവരെ കോച്ചുകളുടെ എണ്ണം വർധിപ്പിച്ച് തീരുമാനം എടുത്തിട്ടില്ല. ഇപ്പോൾ രാവിലെ 8.10നു കൊല്ലം മെമു പോയിക്കഴിഞ്ഞാൽ പുനലൂരിൽ നിന്നു കൊല്ലത്തേക്കുള്ള അടുത്ത ട്രെയിൻ വൈകിട്ട് 5.15നു മാത്രമാണുള്ളത്. ഈ പ്രശ്നം പരിഹരിക്കാൻ രാവിലെ 7.15നു കൊല്ലത്തു നിന്നു പുനലൂരിലേക്ക് ഒരു പുതിയ മെമു സർവീസ് ആരംഭിക്കുകയും തിരികെ ഇത് ഉച്ചയ്ക്കു പുനലൂരിൽ നിന്നു കൊല്ലത്തേക്കു പോകുകയും ചെയ്യുന്ന തരത്തിൽ ക്രമീകരിക്കാമെന്നു യാത്രക്കാർ പറയുന്നു.
ശബരിമല സ്പെഷൽ ട്രെയിൻ
ചെന്നൈ എഗ്‌മൂർ - കൊല്ലം ട്രെയിനിൽ സീസൺ സമയത്തു നൂറുകണക്കിന് അയ്യപ്പഭക്തരാണ് ദിവസവും പുനലൂരിലേക്കു വരിക. കെഎസ്ആർടിസി പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പമ്പയിലേക്കും എരുമേലിയിലേക്കും ബസ് സർവീസ് നടത്താറുണ്ട്. എന്നാൽ, ദക്ഷിണ റെയിൽവേ ചെന്നൈയിൽ നിന്നു കൊല്ലത്തേക്കു പുനലൂർ വഴി ശബരിമല പ്രത്യേക ട്രെയിൻ സർവീസുകളൊന്നും നടത്തുന്നില്ല.
പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിലവിൽ 2 പ്ലാറ്റ്‌ഫോമുകൾ മാത്രമാണുള്ളത്. മധുര - പുനലൂർ - മധുര എക്സ്പ്രസും രാത്രിയിൽ പുനലൂർ - നാഗർകോവിൽ - പുനലൂർ എക്സ്പ്രസ് സ്പെഷലും നിർത്തിയിടുന്നുണ്ട്. അതിനാൽ മറ്റ് ട്രെയിൻ സർവീസുകളുടെ ക്രോസിങ് ഇവിടെ സാധ്യമല്ല. ഈ പ്രശ്നം ഒഴിവാക്കുന്നതിനായി പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലുള്ള രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്ന് മൂന്നാം പ്ലാറ്റ്‌ഫോം നിർമിക്കണം എന്നാണ് ആവശ്യം.
നിലവിൽ കൊല്ലം - ചെന്നൈ എഗ്മൂർ മെയിൽ കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് 12ന് പുറപ്പെട്ട് പുലർച്ചെ 03.05നു ചെന്നൈ എഗ്മൂറിൽ എത്തും. പുലർച്ചെയുള്ള ഈ വരവ് കാരണം കേരളത്തിൽ നിന്നു ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് വലിയ അസൗകര്യമാണ്. 12.20നു കൊല്ലത്ത് നിന്ന് ഗുരുവായൂർ - മധുര എക്സ്പ്രസ് പുറപ്പെടും. മധുരയിലേക്ക് 2 ട്രെയിൻ സർവീസുകൾ 20 മിനിറ്റിനുള്ളിൽ കടന്നുപോകുന്നത് ഒഴിവാക്കാൻ എഗ്മൂർ എക്സ്പ്രസ് പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.