വഴിമുട്ടി മെമു ഷെഡ് വികസനം: സ്ഥലം നൽകാമെന്ന വാക്ക് റെയിൽവേ പാലിച്ചില്ലെന്ന് മേയർ

Mail This Article
കൊല്ലം∙ കോർപറേഷൻ സ്ഥലം വിട്ടു നൽകാത്തതു കൊണ്ട് മെമു ഷെഡ് വികസനം വഴിമുട്ടി. ടി.എം.വർഗീസ് സ്മാരക പാർക്കായിരുന്ന കോർപറേഷന്റെ 1.13 ഏക്കർ സ്ഥലം വിട്ടുനൽകിയാൽ പകരം സ്ഥലം നൽകണമെന്ന വാക്ക് റെയിൽവേ പാലിച്ചില്ലെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. തിരുവനന്തപുരം ഡിവിഷനിലെ മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്ക് ഉൾപ്പെടെയുള്ള ജോലികൾക്കാണ് 24 കോടി ചെലവിൽ മെമു ഷെഡ് വികസിപ്പിക്കുന്നത്. കോർപറേഷൻ വക സ്ഥലം നൽകിയാൽ 16 കോച്ചുകൾ വരെയുള്ള മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ കൊല്ലം ഷെഡിൽ പൂർത്തിയാക്കാനാകും. ലഭ്യമായ സ്ഥലത്ത് നിലവിൽ നിർമാണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ വർഷം റെയിൽവേ ഈ സ്ഥലം വൃത്തിയാക്കാൻ ശ്രമിച്ചപ്പോൾ മേയർ ഉൾപ്പെടെയുള്ളവർ എത്തി തടഞ്ഞിരുന്നു. കോർപറേഷന്റെ കൈവശ രേഖ എത്തിച്ചാണ് തർക്കം പരിഹരിച്ചത്. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ പകരം സ്ഥലം അന്നു റെയിൽവേ വാഗ്ദാനം ചെയ്തിരുന്നു. അതു പാലിച്ചില്ലെന്നാണ് കോർപറേഷൻ അധികൃതർ ഇപ്പോൾ പറയുന്നത്. മെമു ഷെഡിന്റെ വികസനം യാഥാർഥ്യമായാൽ ഡിവിഷനിൽ കൂടുതൽ മെമു ട്രെയിനുകൾ ഓടിക്കാനാകുമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സംഘടന പറയുന്നു.
നിലവിൽ 8 കോച്ചുകളുള്ള ട്രെയിനുകളാണ് ഓടിക്കുന്നത്. ഷെഡ് വികസിപ്പിച്ചാൽ 12 മുതൽ 16 കോച്ചുകൾ വരെയുള്ള മെമു ട്രെയിനുകൾ ഓടിക്കാനാകുമെന്നും ഭൂമി സംബന്ധിച്ച തർക്കം എത്രയും വേഗം പരിഹരിക്കപ്പെടണമെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ജെ. ലിയോൺസ് ആവശ്യപ്പെട്ടു. മെമു ഷെഡ് വികസനത്തിലൂടെ ഇൻസ്പെക്‌ഷൻ ഷെഡ്, റിപ്പയർ ഷെഡ്, സർവീസിങ് കെട്ടിടം, വാഷിങ് പിറ്റ്, വീൽ ലെയ്ത് ഷെഡ് തുടങ്ങിയവ ലഭ്യമാകും. നിലവിൽ ചില ജോലികൾ കൊച്ചുവേളിയിലാണ് നടത്തുന്നത്. അതുകൊണ്ടു തന്നെ ഏറെ സമയ നഷ്ടമുണ്ടാകുമെന്നും മെമു ഷെഡ് അധികൃതർ പറഞ്ഞു.