റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഇന്ധനമോഷ്ടാക്കൾ!

Mail This Article
കൊല്ലം ∙ റെയിൽവേ സ്റ്റേഷന് സമീപത്തു പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്നു വ്യാപകമായി ഇന്ധനം മോഷ്ടിക്കുന്നുവെന്ന് പരാതി. ട്രെയിനിൽ ദൂരയാത്ര പോകുന്ന യാത്രികർ സ്റ്റേഷനു പുറത്തെ റോഡിൽ പാർക്ക് ചെയ്തിട്ടു പോകുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്നാണു പെട്രോൾ മോഷ്ടിക്കുന്നത്. ബൈക്കുകളിൽ കുപ്പിയുമായി എത്തുന്ന മോഷണ സംഘം ഇരുചക്ര വാഹനങ്ങളിലെ പെട്രോൾ വാൽവ് തുറന്നു കുപ്പിയിലേക്കു ഘടിപ്പിച്ച ശേഷം അവിടെ നിന്നു മാറി നിൽക്കും. അൽപസമയം കഴിഞ്ഞു കുപ്പിയിൽ ശേഖരിച്ച പെട്രോളുമായി മുങ്ങും. ഇതാണു പതിവ്.
ഇങ്ങനെ ചെയ്യുന്നതിലൂടെ പലപ്പോഴും വാഹനത്തിലെ പെട്രോൾ പൂർണമായും നഷ്ടമാവും. വാഹന ഉടമകൾ വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ മാത്രമാണ് മോഷണം അറിയുക. വാഹനത്തിൽ അൽപമെങ്കിലും ഇന്ധനം ശേഷിക്കുന്നവർ വാഹനം ഓടിച്ചു പോകുമ്പോൾ യാത്രാമധ്യേ ഇന്ധനം തീർന്നു വഴിയിൽ കുടുങ്ങുകയും ചെയ്യും. വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചതാണെന്നാണു ചിലർ കരുതുക. ഇനി മോഷണം ആണെന്ന് മനസ്സിലായാലും ചെറിയ നഷ്ടമല്ലേ എന്ന് കരുതി ആരും പൊലീസിൽ പരാതി നൽകാത്തതാണ് ഇത്തരത്തിൽ മോഷണം വ്യാപകമാകാൻ കാരണമാകുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു തവണ ഇത്തരത്തിൽ പെട്രോൾ മോഷ്ടിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തി പൊലീസിന് കൈമാറിയിട്ടുണ്ട്. മുൻപും റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് കവർച്ച സംഘം വ്യാപകമായിരുന്നു, ഇരുചക്രവാഹനങ്ങൾ മോഷണം നടത്തിയിരുന്ന ഒരു സംഘത്തെ അന്ന് പൊലീസ് പിടികൂടിയിരുന്നു. വിഷയത്തിലും ശക്തമായ പൊലീസ് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
ശക്തമാക്കണം പട്രോളിങ്
കൊല്ലം റെയിൽവേ സ്റ്റേഷനു ഇരു ടെർമിനലുകൾക്കു സമീപത്തെയും റോഡുകളിൽ നൂറുകണക്കിനു ഇരുചക്ര വാഹനങ്ങളും കാറുകളുമാണു നിത്യേന പാർക്ക് ചെയ്യുന്നത്. റെയിൽവേ സ്റ്റേഷൻ– കർബല റോഡ്, ക്യുഎസി റോഡ് എന്നിവിടങ്ങളിലാണു പെട്രോൾ ഊറ്റൽ വ്യാപകം. ഈസ്റ്റ് പൊലീസ് സ്റ്റേഷനു സമീപത്തെ റെയിൽവേയുടെ പാർക്കിങ് ഗ്രൗണ്ടിലും അനേകം വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. രണ്ടാം ടെർമിനലിനു മുന്നിലെ കൊല്ലം– ചെങ്കോട്ട റോഡിലും നൂറുകണക്കിനു വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. ഇവിടങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം.