കുണ്ടുമൺ അനി വധക്കേസ്: 6 പ്രതികൾക്ക് ജീവപര്യന്തം

Mail This Article
കൊല്ലം ∙ ഉത്സവപ്പറമ്പിനു സമീപം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 6 പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും. 18 പ്രതികളുണ്ടായിരുന്ന കേസിൽ ഒന്നാം പ്രതി ഒളിവിലാണ്. വിചാരണയ്ക്കിടെ 2 പ്രതികൾ ജീവനൊടുക്കുകയും ഒരാൾ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു. 8 പ്രതികളെ കോടതി വിട്ടയച്ചു. ചാത്തന്നൂർ ചിറക്കര വില്ലേജ് കാരംകോട് ചരുവിള പുത്തൻവീട്ടിൽ അനിൽകുമാറിനെ (കുണ്ടുമൺ അനി–31 ) വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്ത് ഉളിയനാട് കണ്ണേറ്റ ജിതേഷ് ഭവനിൽ രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണു വിധി.
മൂന്നാം പ്രതി നെടുങ്ങോലം പൊയ്കയിൽ തൊടിയിൽ വീട്ടിൽ ലാലു (42), നാലാം പ്രതി ചാത്തന്നൂർ കോയിപ്പാട്ട് വാടകയ്ക്ക് താമസിക്കുന്ന ഏറം പണ്ടാരത്തോപ്പ് വീട്ടിൽ രതീഷ് (41), അഞ്ചാംപ്രതി കല്ലുവാതുക്കൽ വരിഞ്ഞം അടുതല മൂർത്തി ക്ഷേത്രത്തിനു സമീപം ചരുവിള വീട്ടിൽ സാബു (58), ആറാം പ്രതി കോയിപ്പാട് രാജീവ് ഗാന്ധി കോളനിയിൽ രേഷ്മ ഭവനിൽ വിഷ്ണു (ഇങ്കു– 32), ഏഴാം പ്രതി വരിഞ്ഞം സുന്ദരം മുക്ക് സൂര്യ ഭവനിൽ സുജിത്ത് (ഉണ്ണിക്കുട്ടൻ–38), ഒൻപതാം പ്രതി കല്ലുവാതുക്കൽ വില്ലേജ് വരിഞ്ഞം ചാവരുകാവിനു സമീപം കാവിൽ വീട്ടിൽ ഹണി (36) എന്നിവരെയാണ് കൊല്ലം അഞ്ചാം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
ഒന്നാം പ്രതി ചിറക്കര വില്ലേജിൽ മീനാട് വാഴത്തോപ്പ് വീട്ടിൽ പ്രജുവിനെ വീട്ടിൽ കയറി കുണ്ടുമൺ അനി വെട്ടിപ്പരുക്കേൽപിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. 2015 ഫെബ്രുവരി 12നായിരുന്നു കേസിനാസ്പദമായ സംഭവം. വരിഞ്ഞം വയലിക്കട ക്ഷേത്രത്തിലെ ഉത്സവത്തിന് നാടൻപാട്ട് കേൾക്കാൻ എത്തിയതായിരുന്നു കുണ്ടുമൺ അനിയും രാജേഷും. ഉത്സവ സ്ഥലത്ത് പ്രതികൾ സംഘം ചേർന്നു നിൽക്കുന്നതു കണ്ടു. ആക്രമിക്കാനാണെന്നു മനസ്സിലാക്കിയ അനിയും രാജേഷും സ്കൂട്ടറിൽ മടങ്ങിപ്പോകവെ ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുണ്ടുമൺ അനിയെ പിന്തുടർന്നെത്തി കുളത്തിനു സമീപത്തു വച്ചു വെട്ടിപ്പരുക്കേൽപ്പിച്ചു.
അനിയുടെ ശരീരത്തിൽ 110 മുറിവുണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിന്റെ വിചാരണ തുടങ്ങിയപ്പോൾ ആദ്യ ദിവസം കോടതിയിൽ ഹാജരായ ഒന്നാം പ്രതി പിന്നീട് ഒളിവിൽ പോയി. രണ്ടാം പ്രതി സേതു, 13–ാം പ്രതി വിനു, 17–ാം പ്രതി സന്തോഷ് എന്നിവരാണ് വിചാരണയ്ക്കിടെ മരിച്ചത്. രാഹുൽ (എട്ടാം പ്രതി), ജയിൻസ് (10–ാം പ്രതി), വിഷ്ണു (11–ാം പ്രതി), ജയകുമാർ (12–ാം പ്രതി), സന്തോഷ് (14–ാം പ്രതി), രാജേഷ്(15–ാം പ്രതി), ബൈജു(16–ാം പ്രതി), രാകേഷ് (18–ാം പ്രതി) എന്നിവരെയാണു വിട്ടയച്ചത്. കൊല്ലപ്പെട്ടയാളും പ്രതികളിൽ പലരും മറ്റു കേസുകളിൽ പ്രതികളാണ്. ചാത്തന്നൂർ എസ്ഐ ഫിറോസ് റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ വി.ജോഷി, അജയനാഥ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ കമലാസനൻ കോടതിയൽ ഹാജരായി. സിവിൽ പൊലീസ് ഓഫിസർ അഭിലാഷ് പ്രോസിക്യൂഷൻ സഹായിയായി.

മുങ്ങിയ പ്രതികൾ ഇന്നലെ കോടതിയിലെത്തി, കേസ് വിളിക്കുന്നതിന് തൊട്ടുമുൻപ്
കൊല്ലം∙ കുണ്ടുമൺ അനി കേസിന്റെ വിചാരണ തുടങ്ങിയ ദിവസം കോടതിയിൽ ഹാജരായ ഒന്നാം പ്രതി പ്രജു പിന്നീട് ഒളിവിൽ പോയതിനു പുറമേ വിധി പറയുന്ന ദിവസം മറ്റു രണ്ടു പ്രതികൾ കൂടി ഒളിവിൽ പോയി. ആറാം പ്രതി വിഷ്ണു (ഇങ്കു– 32), ഏഴാം പ്രതി സുജിത്ത് (ഉണ്ണിക്കുട്ടൻ–38) എന്നിവരാണ് കേസിൽ കുറ്റക്കാർ എന്നു വിധി പറഞ്ഞ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാതിരുന്നത്. പ്രതികൾക്ക് ശിക്ഷ വിധിക്കുന്നതിനു കേസ് മാറ്റുകയും ഇന്നലെ ഉച്ചയ്ക്ക് 12.30നു മുൻപ് 2 പ്രതികളെയും ഹാജരാക്കുന്നതിനു കോടതി വാറണ്ട് നൽകുകയും ചെയ്തു.
ഉച്ചയ്ക്ക് കേസ് വിളിച്ചപ്പോഴും പ്രതികൾ ഉണ്ടായിരുന്നില്ല. ഉച്ചകഴിഞ്ഞ് 2.30നു പ്രതികളെ ഹാജാരാക്കാമെന്നു പ്രതിഭാഗം അറിയിച്ചതിനെ തുടർന്നു കേസ് മാറ്റി വച്ചു. 2.30നു കേസ് വിളിക്കുന്നതിനു തൊട്ടുമുൻപ് അഭിഭാഷകനോടൊപ്പം 2 പ്രതികളും എത്തി. തുടർന്നു ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി പ്രതികളോടു ചോദിച്ചു. ‘ഒന്നുമില്ല’ എന്നായിരുന്നു മറുപടി. പിന്നീട് 6 പ്രതികൾക്കു ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു.