ADVERTISEMENT

കൊല്ലം ∙ കാവടിയാട്ടത്തിന്റെ അഴകും ഹരഹരോ ഹരഹര.. ശരണമന്ത്രങ്ങളുമായി സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ തൈപ്പൂയ ഉത്സവം. പീലിക്കാവടിയും പാൽക്കാവടിയും ഭസ്മക്കാവടിയും വേൽക്കാവടിയുമായി പതിനായിരങ്ങൾ കാവടി ഘോഷയാത്രയിൽ അണിനിരന്നു. വിളക്കു വച്ചു നാടെങ്ങും കാവടി ഘോഷയാത്രയെ വരവേറ്റു. പ്രായഭേദം ഇല്ലാതെയാണ് കാവടി ഘോഷയാത്രയിൽ ഭക്തസമൂഹം പങ്കെടുത്തത്. ചില ക്ഷേത്രങ്ങളിൽ കനൽക്കൂനയ്ക്കു മുകളിൽ അഗ്നിക്കാവടി ആടി.

41 ദിവസം കഠിന വ്രതം അനുഷ്ഠിച്ചവരാണ് അഗ്നിക്കാവടി ആടിയത്. ഒട്ടേറെ ക്ഷേത്രങ്ങളിൽ പറവക്കാവടിയും നടന്നു. വിവിധ ക്ഷേത്രങ്ങളിൽ നിന്നു പുറപ്പെട്ടാണ് സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ കാവടി ഘോഷയാത്രകൾ എത്തിയത്. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ തൈപ്പൂയത്തിന് ആരാധനയെക്കാൾ ശ്രേഷ്ഠമായി കണക്കാക്കുന്നതു കാവടിയാട്ടമാണ്. ദിവസങ്ങൾക്ക് മുൻപു തന്നെ വ്രതാനുഷ്ഠാനം തുടങ്ങിയിരുന്നു. മകരത്തിലെ പൂയം നാളിൽ ആണ് തൈപ്പൂയ ആഘോഷം.

വെണ്ടാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയക്കാവടി ഘോഷയാത്രയ്ക്കും സ്വർണക്കാവടി എഴുന്നള്ളത്തിനും  തുടക്കം കുറിച്ചപ്പോൾ. ചിത്രം : മനോരമ
വെണ്ടാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയക്കാവടി ഘോഷയാത്രയ്ക്കും സ്വർണക്കാവടി എഴുന്നള്ളത്തിനും തുടക്കം കുറിച്ചപ്പോൾ. ചിത്രം : മനോരമ

ഭക്തിനിറവിൽ‌ വിലങ്ങറ കാവടിയാട്ടം
കൊട്ടാരക്കര∙‍ വിലങ്ങറ തൃക്കുഴിയൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രശസ്തമായ‌ വിലങ്ങറ കാവടിയാട്ടം ഭക്തനിറവിലാറാടി. ആയിരങ്ങൾ സായൂജ്യമടഞ്ഞു. 35 ലേറെ ക്ഷേത്രങ്ങളിൽ നിന്നു ചെറുപൂരം കണക്കെ ആരംഭിച്ച കാവടിഘോഷയാത്രകൾ പുലർച്ചെ മുതൽ നിരത്തുകളിൽ നിറഞ്ഞു. കാവടികളുമായി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രങ്ങളിൽ നിന്നും ഇണ്ടിളയപ്പൻ ക്ഷേത്രത്തിലേക്ക് നീങ്ങി. ചെറുഘോഷയാത്രകളുടെ സംഗമഭൂമിയായി ഇണ്ടിളയപ്പൻ ക്ഷേത്രം. ഉച്ചയ്ക്ക് ഒരുമണിയോടെ ഘോഷയാത്ര വിലങ്ങറയിലേക്ക് തിരിച്ചു.

കാവിയണിഞ്ഞ് കാവടികളുമായി ആയിരങ്ങൾ ക്ഷേത്രാങ്കണത്തിലേക്ക്. ആദ്യം ആറുമുഖക്കാവടി. തുടർന്ന് പീലിക്കാവടികളുമായി നൂറുകണക്കിന് ഭക്തർ. പിന്നാലെ സ്വർണ- പഞ്ചലോഹ കാവടി എഴുന്നള്ളത്ത്. ക്ഷേത്രത്തെ വലയം ചെയ്ത് കാവടിയാട്ടവും ക്ഷേത്രാങ്കണത്തിൽ ദേവരഥം എഴുന്നള്ളത്തും നടന്നു. ഇന്നലെ പുലർച്ചെപനിനീർകാവടിയാട്ടത്തോടെയാണ് ക്ഷേത്ര ചടങ്ങുകളുടെ തുടക്കം.

തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഇളനീർക്കാവടിയാട്ടം, ഇളനീർ അഭിഷേകം, പഞ്ചാമൃതാഭിഷേകം, നെയ്യഭിഷേകം, തേൻ അഭിഷേകം എന്നിവ നടന്നു. കാവടിയാട്ടത്തിന് ശേഷം ഉച്ചയ്ക്ക് കളഭാഭിഷേകവും രാത്രിയിൽ പുഷ്പാഭിഷേകം, ഭസ്മക്കാവടിയാട്ടം എന്നിവയും നടന്നു. തൈപ്പൂയം പ്രമാണിച്ച് ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക ബസ്‍ സർവീസുകൾ നടത്തി.  ഉച്ചയ്ക്ക് അന്നദാനവും നടത്തി. ഭാരവാഹികളായ സി.അനിൽകുമാർ, ദിനു ദാമോദരൻ, അനൂപ് മോഹൻ, അതുൽ മോഹൻ,ബി.രാജേന്ദ്രൻ പിള്ള, ജെ.മുരുകേഷ് കുമാർ‍ എന്നിവർ നേതൃത്വം നൽകി.

അഴക് വിടർത്തി വെണ്ടാർ കാവടിയാട്ടം 
പുത്തൂർ∙  ഹര..ഹരോ..ഹര.. ഹര’ മന്ത്രധ്വനികൾ ശബ്ദമുഖരിതമാക്കിയ വീഥിയിലൂടെ മകരസൂര്യൻ ചാർത്തിയ തങ്കക്കസവണിഞ്ഞു കടന്നു വന്ന വെണ്ടാർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയക്കാവടിയാട്ടവും സ്വർണക്കാവടി എഴുന്നള്ളത്തും ഭക്തമനസ്സുകൾക്കു സമ്മാനിച്ചത് അനുപമ ദർശന സായൂജ്യം. ആയിരങ്ങളാണ് ഇത്തവണ പീലിക്കാവടി ഏന്തിയത്. പൂക്കാവടിയും ഗോപുരക്കാവടിയും കിഴക്കൻ മാരൂരിൽ നിന്നുള്ള രഥവും ചുനക്കരയിൽ നിന്നുള്ള അഭിഷേകക്കുടങ്ങളേന്തിയ സ്വാമിമാരും വേലേന്തിയ സ്വാമിമാരും വാദ്യഘോഷങ്ങളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരും പ്രാർഥനാ നിരതരായ ഭക്തജനങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു.

രാവിലെ പത്തരയോടെ സുബ്രഹ്മണ്യ ക്ഷേത്ര സന്നിധിയിൽ നിന്നു പുറപ്പെട്ട ഘോഷയാത്ര മനക്കരക്കാവ് ഇണ്ടിളയപ്പൻ ക്ഷേത്ര സന്നിധിയിലേക്ക് എത്തുമ്പോൾ ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് വീഥികൾക്കിരുവശവും ഭക്തർ കാത്തുനിൽക്കുകയായിരുന്നു. 'ഘോഷയാത്ര ഇണ്ടിളയപ്പൻക്ഷേത്രത്തിലെത്തിയതോടെ വേൽധാരണത്തിനു തുടക്കമായി. ഇരുനൂറോളം സ്വാമിമാരാണ് വേൽ കുത്തിയത്.

വേൽധാരണം കഴിഞ്ഞതോടെ തിരികെ പേറുകാട് ശ്രീകൃഷ്ണ ക്ഷേത്രം, ദേവീ ക്ഷേത്രം, ശിവക്ഷേത്രം വഴി ഘോഷയാത്ര സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തിച്ചേർന്നു. ചുട്ടുപൊള്ളുന്ന റോഡിൽ വെള്ളമൊഴിച്ചു തണുപ്പിക്കാനും സംഭാരവും ശീതളപാനീയങ്ങളും ശുദ്ധജലവും വിതരണം ചെയ്യാനും കാര്യക്ഷമമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഥകളിരാവിനും ഇത്തവണ ആസ്വാദകരുടെ നിറഞ്ഞ സദസ്സായിരുന്നു.  ഉപദേശക സമിതി ഈ വർഷം ഏർപ്പെടുത്തിയ കലാമണ്ഡലം കൃഷ്ണൻനായർ കഥകളി പുരസ്കാരം മാർഗി വിജയകുമാറിനു സമ്മാനിച്ചു.

English Summary:

Thaipooya Kavadiyattam, a vibrant religious festival in Kollam, Kerala, showcases the captivating ritualistic dance of Kavadyattam at Subrahmanya temples. Thousands participate in processions carrying various types of Kavadis, demonstrating their unwavering devotion.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com