ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ രേഖകളില്ല; തിങ്കൾക്കരിക്കം വില്ലേജ് ഒാഫിസ് നിർമാണം പ്രതിസന്ധിയിൽ
Mail This Article
ആര്യങ്കാവ് ∙ പാലരുവി കവലയിലെ കാലപ്പഴക്കമുള്ള വില്ലേജ് ഒാഫിസിനു കെട്ടിടം പണിതു സ്മാർട് വില്ലേജ് ഒാഫിസ് ആയി ഉയർത്താൻ 45 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. സ്പെഷൽ അസിസ്റ്റന്റ് ടു സ്റ്റേറ്റ്സ് ഫോർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് സ്കീമിൽ ഉൾപ്പെടുത്തിയാണു സ്മാർട് വില്ലേജ് ഒാഫിസ് നിർമിക്കുക. എന്നാൽ, കുളത്തൂപ്പുഴയിലെ തിങ്കൾക്കരിക്കം വില്ലേജ് ഒാഫിസ് സ്മാർട് ആയി ഉയർത്തുന്നതിനുള്ള പ്രവൃത്തി വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്തിട്ടും കെട്ടിട നിർമാണം ഉപേക്ഷിച്ച നിലയിലാണ്. റവന്യു വകുപ്പിന്റെ ഭൂമിയിൽ 10 സെന്റ് അനുവദിച്ച് കെട്ടിടം പണിയാൻ തീരുമാനിച്ചു പണി തുടങ്ങിയപ്പോൾ വനം വകുപ്പ് തടയുകയായിരുന്നു.
കെട്ടിടം പണിയാൻ സ്മാർട് വില്ലേജ് ഒാഫിസിനു 40 ലക്ഷം രൂപയാണു സർക്കാർ അനുവദിച്ചത്. വനഭൂമിയാണെന്ന് അവകാശപ്പെടുന്ന സ്ഥലം സ്വന്തം ഭൂമിയാണെന്നു തെളിയിക്കാൻ റവന്യു വകുപ്പിന്റെ പക്കൽ തെളിവുകൾ ഇല്ലാത്തതാണു തിരിച്ചടി. ഒട്ടേറെ സംയുക്ത സർവേകൾ നടത്തിയിട്ടും റവന്യു വകുപ്പിനു തെളിവു ഹാജരാക്കാൻ കഴിഞ്ഞില്ല. തിങ്കൾക്കരിക്കം വില്ലേജ് ഒാഫിസ് ഏഴംകുളത്ത് വാടകക്കെട്ടിടത്തിലാണു നിലവിൽ പ്രവർത്തിക്കുന്നത്. മന്ത്രിതല ചർച്ചകൾ നടത്തിയിട്ടും 2 വർഷമായി സ്മാർട് വില്ലേജ് ഒാഫിസ് കെട്ടിടം പണി ത്രിശങ്കുവിലാണ്. പഴയ വില്ലേജ് ഒാഫിസ് കെട്ടിടത്തിൽ സൗകര്യം ഉണ്ടായിട്ടും വാടകക്കെട്ടിടത്തിൽ തുടരുന്നതിനാൽ ജനങ്ങൾക്കു യാത്രാദുരിതം വർധിച്ചതായും പരാതിയുണ്ട്. ഈ കെട്ടിടം അനാഥമായി കാടുകയറിയ നിലയിലാണിപ്പോൾ.