നഗരം നടുങ്ങിയ രാത്രി, രക്തക്കളമായി വിളപ്പുറം; മകന്റെ മരണം അറിയാതെ അമ്മ, വിളപ്പുറത്ത് സംഭവിച്ചത്..

Mail This Article
കൊല്ലം∙ ഇന്നലെ സന്ധ്യയാകും മുൻപേ ഏറെ നാടകീയമായ ഒരു കൊലപാതകത്തിന്റെ ഞെട്ടലിലേക്കാണ് നഗരമെത്തിയത്. പിന്നാലെയുള്ള ആത്മഹത്യയാണ് കൂടുതൽ ഞെട്ടിച്ചത്. ഫാത്തിമാ മാതാ നാഷനൽ കോളജ് വിദ്യാർഥി ഫെബിൻ കൊല്ലപ്പെട്ടത് കൂട്ടുകാർക്കും ബന്ധുക്കൾക്കും വിശ്വസിക്കാനായില്ല. പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ തേജസ് രാജുവാണ് കൊലപാതകത്തിനു പിന്നിലെന്നതും അയാൾ അരമണിക്കൂറിനു ശേഷം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയെന്നതുമാണ് സംഭവത്തിലെ നാടകീയത.

പകയാണ് ഈ അരുംകൊലയ്ക്കു പിന്നിലെന്നാണു പൊലീസ് സംശയിക്കുന്നത്. വൈകിട്ട് 6.45 ഓടെയാണ് വെള്ള നിറമുള്ള കാറിൽ കറുത്ത വസ്ത്രം ധരിച്ചൊരാൾ ഫെബിന്റെ വീട്ടിലേക്ക് എത്തുന്നത്. ആരെന്നു തിരിച്ചറിയും മുൻപേ ഫെബിനു കുത്തേറ്റു. വീട്ടിൽ നിന്നെടുത്ത കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. തടയാൻ ശ്രമിക്കുന്നതിനിടെ പിതാവ് ജോർജ് ഗോമസിനും കുത്തേറ്റു. മാതാവ് ഡെയ്സിയുടെ മുന്നിൽവച്ചാണ് ഫെബിനു കുത്തേറ്റത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫെബിൻ റോഡിൽ വീണു. അതുവഴി എത്തിയ ബൈക്ക് യാത്രക്കാരൻ പറഞ്ഞത് അനുസരിച്ചെത്തിയ ഓട്ടോയിൽ ബന്ധുവിനൊപ്പം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവിടെനിന്നും കാറിൽ കടപ്പാക്കടയിൽ എത്തിയ തേജസ് ചെമ്മാൻമുക്ക് റെയിൽവേ ഓവർ ബ്രിജിനടിയിൽ എത്തി കാർ പാർക്കു ചെയ്തു. പിന്നീട് കാറിനുള്ളിലിരുന്ന് കൈത്തണ്ട മുറിച്ചശേഷം കൊല്ലത്തേക്ക് എത്തിയ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു.
രക്തക്കളമായി വിളപ്പുറം
കൊല്ലം∙ ഉളിയക്കോവിൽ വിളപ്പുറം മാതൃകാ നഗർ റോഡിലെ വീടിന്റെ മുറ്റത്തും റോഡിലും വശങ്ങളും എല്ലാം രക്തക്കറയാണ്. വീടിനുള്ളിൽ വച്ച് കുത്തേറ്റ ഫെബിൻ പുറത്തേക്ക് ഓടി, റോഡിലെത്തി. 20 മീറ്ററിനപ്പുറം കുഴഞ്ഞു വീഴുകയായിരുന്നു.റോഡിൽ കിടന്ന ഫെബിനെയും സമീപത്തുണ്ടായിരുന്ന മാതാപിതാക്കളെയും ഒരു ബന്ധുവിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതു ഫെബിന്റെ വീടിനു സമീപത്തെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ ഉണ്ണിമോൻ ആണ്. ബൈക്കിൽ എത്തിയ ഒരാൾ പെട്ടെന്ന് മാതൃകാ നഗർ ലൈനിലേക്കു എത്തണമെന്നും ആശുപത്രി കേസ് ആണെന്നും പറഞ്ഞതായി ഉണ്ണിമോൻ പറഞ്ഞു.
ഉടനെ അവിടെ എത്തുമ്പോൾ റോഡിനു സമീപത്തു കിടക്കുന്ന പയ്യനെയും അടുത്ത് ഇരിക്കുന്ന മാതാപിതാക്കളെയുമാണു കണ്ടത്. ഫെബിന്റെ പിതാവ് പറഞ്ഞത് അനുസരിച്ചാണു സ്വകാര്യ ആശുപത്രിയിലേക്കു പോയത്. ഈ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെ കാറിന്റെ ഡ്രൈവർ ആണ് താനെന്നും ഫെബിന്റെ പിതാവ് പറഞ്ഞതായി ഉണ്ണിമോൻ പറഞ്ഞു.

ആദ്യം ആത്മഹത്യാവാർത്ത; പിന്നാലെ കൊലപാതകം
കൊല്ലം∙ ഒരാൾ ട്രെയിൻ തട്ടി മരിച്ചുവെന്നാണ് കൊല്ലം റെയിൽവേ പൊലീസിനു ലഭിച്ച സന്ദേശം. ട്രെയിൻ തട്ടിയത് ഓവർ ബ്രിജിന് സമീപമാണെങ്കിലും മൃതദേഹം തപ്പി ഏറെ നേരം പൊലീസ് അലഞ്ഞു. അപ്പോഴാണ് പാലത്തിന് അടിയിൽ രക്തക്കറ പുരണ്ട കാർ ശ്രദ്ധയിൽപ്പെടുന്നത്. ആ കാറിൽ എത്തിയയാൾ ആകാം ട്രെയിൻ തട്ടി മരിച്ചതെന്ന നിഗമനത്തിലാണ് ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചത്.
ഇതിനിടെ ഉളിയക്കോവിലിൽ വിദ്യാർഥിക്ക് കുത്തേറ്റെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഘം അവിടേക്ക് പോയിരുന്നു. അപ്പോഴാണ് ട്രെയിൻ തട്ടി ഒരാൾ മരിച്ചെന്ന വിവരവും പൊലീസിനെ തേടിയെത്തിയത്. പൊലീസ് എത്തി കാറും കാറിന്റെ വിവരങ്ങളും പരിശോധിച്ചപ്പോഴാണ് ഡിസിആർബിയിൽ ജോലി ചെയ്യുന്ന രാജുവിന്റെതാണ് കാറെന്നും കണ്ടെത്തിയത്.തുടർന്നു നടന്ന അന്വേഷണത്തിലാണ് ട്രെയിൻ തട്ടി മരിച്ചത് രാജുവിന്റെ മകൻ തേജസ്സാണെന്നു സ്ഥിരീകരിച്ചത്. ഒടുവിൽ ഉളിയക്കോവിലിൽ വിദ്യാർഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയതു തേജസാണെന്നും പൊലീസ് കണ്ടെത്തി.
ചെമ്മാൻമുക്ക് റെയിൽവേ മേൽപാലത്തിനു താഴെ ആരെയോ കാറിൽ കുത്തി കൊലപ്പെടുത്തി ഇട്ടിരിക്കുന്നു എന്നാണ് ആദ്യം പുറത്തു വന്ന വിവരമെങ്കിലും പിന്നീടാണു കാർ ഇവിടെ ഇട്ടശേഷം ആരോ റെയിൽവേ പാളത്തിൽ കയറി ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. കാറിന്റെ മുൻപിലും പിറകിലും ഉള്ളിലും എല്ലാ രക്തം കട്ടപിടിച്ച നിലയിലായിരുന്നു.
ഏറെ പ്രിയപ്പെട്ടവൻ ഫെബിൻ
ഫെബിനെയും വീട്ടുകാരെയും കുറിച്ചു നാട്ടുകാർക്കും അയൽവാസികൾക്കും പറയാൻ ഉള്ളത് ഒറ്റ വാക്കാണ് ‘വളരെ നല്ല കുടുംബം ആണ്, എല്ലാരും നല്ല ആളുകളും. ഫെബിനെക്കുറിച്ചു കോളജിലെ അധ്യാപകർക്കും ഇതേ അഭിപ്രായമാണ്. ഫെബിൻ കോളജിൽ പോയി വന്ന ശേഷം ഓൺലൈൻ ഫുഡ് ഡെലിവറി ചെയ്യുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന പണം കൊണ്ടാണു പഠിക്കുന്നത്.
അച്ഛൻ ജോർജ് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡ്രൈവറാണ്. അമ്മ ഡെയ്സി നേരത്തേ അങ്കണവാടിയിൽ ജോലി ചെയ്തിരുന്നു.ഇപ്പോൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മറ്റൊരു ജോലി ശരിയായതായി അറിയിച്ചിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഫെബിന്റെ സഹോദരി ഫ്ലോറി കോഴിക്കോട് ഫെഡറൽ ബാങ്കിൽ ജീവനക്കാരിയാണ്.
മകന്റെ മരണം അറിയാതെ അമ്മ
ഫെബിന്റെയും പിതാവ് ജോർജിന്റെയും ഒപ്പം കൊല്ലത്തെ ആശുപത്രിയിൽ എത്തിയ ഫെബിന്റെ അമ്മ ഡെയ്സി, ഓപ്പറേഷൻ തിയറ്ററിനു മുൻപിൽ നിറകണ്ണുകളോടെ പ്രാർഥിച്ച് ഇരിക്കുകയാണ്. ഫെബിനും പിതാവ് ജോർജിനും പരുക്ക് ഉണ്ടെന്നും ശസ്ത്രക്രിയ നടക്കുകയാണെന്നും മാത്രമാണ് അമ്മയെ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. ഫെബിന്റെ മരണവിവരം അമ്മ ഡെയ്സിയെ അറിയിച്ചിട്ടില്ല. ഫെബിന്റെ സഹോദരി ബാങ്ക് ഉദ്യോഗസ്ഥയായ ഫ്ലോറി കോഴിക്കോട് ആണു ജോലി ചെയ്യുന്നത്. ഫ്ലോറിയെ ബന്ധുക്കൾ അറിയിച്ചതനുസരിച്ച് അവിടെ നിന്നു പുറപ്പെട്ടതായാണു വിവരം.
പിതാവിന് അടിയന്തര ശസ്ത്രക്രിയ
അക്രമം നടക്കുമ്പോൾ ഫെബിന്റെ പിതാവ് ജോർജ് ഗോമസിനും (ജോജി) കുത്തേറ്റിരുന്നു. ആദ്യം ചെറിയ കുത്ത് ആണെന്നു കരുതിയെങ്കിലും ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് ആന്തരിക രക്തസ്രാവം ഉള്ളതായി കണ്ടെത്തി. ഉടനെ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നു.