തീ അണയ്ക്കാൻ ഇറങ്ങിയ ഫയർ എൻജിനും കുടുങ്ങി; മേൽപാലം വേണമെന്നാവശ്യം ശക്തം

Mail This Article
കുന്നിക്കോട് ∙ തീ അണയ്ക്കാൻ ഇറങ്ങിയ ഫയർ എൻജിനും കുടുങ്ങി. കാവൽപ്പുരയിൽ റെയിൽവേ മേൽപാലം വേണമെന്നാവശ്യം ശക്തം. ഇന്നലെ ഉച്ചയ്ക്കു പിറവന്തൂരിൽ തീ പിടിച്ച കാര്യം അറിഞ്ഞ് അവിടേക്കു പോയ അഗ്നിരക്ഷാ സേന വാഹനമാണ് റെയിൽവേ ലവൽ ക്രോസിൽ കുടുങ്ങിയത്. കുന്നിക്കോട്–തലവൂർ–പട്ടാഴി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ ഭാഗമാണു കാവൽപ്പുര. ആവണീശ്വരം റെയിൽവേ സ്റ്റേഷന്റെ ഒരു വശത്തു സ്ഥിതി ചെയ്യുന്ന ഇവിടെ മേൽപാലം വേണമെന്നാവശ്യം ശക്തമാണ്. നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ ദിവസവും 14ൽ അധികം തവണയാണു ഗേറ്റ് അടച്ചിടുന്നത്. ഓരോ തവണയും 10 മുതൽ 15 മിനിറ്റ് വരെ ഈ രീതിയിൽ ഗേറ്റ് അടച്ചിടും.ആശുപത്രി, മറ്റ് അത്യാവശ്യ കാര്യങ്ങൾ എന്നിവയ്ക്കു പോകുന്നവരെല്ലാം ഇവിടെ കുടുങ്ങുകയാണു പതിവ്.റോഡിന് വീതി കുറവായതിനാൽ കൂടുതൽ വാഹനങ്ങൾ ഗേറ്റിന് ഇരുവശത്തും അണി നിരന്ന് കഴിഞ്ഞാൽ ഏറെ നേരം കഴിയും ഗതാഗതക്കുരുക്ക് ഒഴിവാകാനും. പത്തനാപുരം–വാളകം ശബരി ബൈപാസിൽ ആവണീശ്വരത്തു റെയിൽവേ മേൽപാലം നിർമിക്കുന്നതിനൊപ്പം ഇവിടെയും പാലം നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.