‘ആനച്ചന്തവും മേളപ്പെരുമയും’: പൂരത്തിൽ ആറാടി പുരുഷാരം

Mail This Article
ചവറ∙ അമ്പലത്തിന്റെ വടക്കേ മൈതാനത്ത് നിരന്ന ഗജവീരൻമാരെയും വർണകുടമാറ്റവും മുന്നിലെ മേളപ്പെരുക്കവും കൺനിറയെ കണ്ടു മനം നിറഞ്ഞ് പൂരപ്രേമികൾ. വടക്കുംതല പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവ കൊടിയേറ്റു ദിവസമായ ഇന്നലെ പനയന്നാർകാവ് ആനപ്രേമി സംഘം നടത്തിയ ‘ആനച്ചന്തവും മേളപ്പെരുമയും’ എന്ന പനയന്നാർകാവ് പൂരമാണ് ഉത്സവപ്രേമികളും ഭക്തജനങ്ങളും ആഘോഷമാക്കിയത്. പനയന്നാർകാവ് കാളിദാസൻ ഭഗവതിയുടെ തിടമ്പേറ്റി.കാളിദാസനെ നടയ്ക്കിരുത്തിയതിന്റെ 12–ാം വാർഷികാഘോഷം കൂടിയായിരുന്നു ഇത്തവണത്തെ പൂരം. അകമ്പടിയേകി പുത്തൻകുളം അനന്തപത്മനാഭൻ, കീഴൂട്ട് ശ്രീകണ്ഠൻ, തടത്താവിള രാജശേഖരൻ, പുത്തൻകുളം മോദി, ആനയടി അപ്പു, കീഴൂട്ട് വിശ്വനാഥൻ, പുത്തൻകുളം കേശവൻ, പനയ്ക്കൽ നന്ദൻ എന്നീ ഗജവീരൻമാരുമെത്തി.കല്ലൂർ ഉണ്ണിക്കൃഷ്ണൻ, കടവൂർ അഖിൽ, തിരുവാങ്കുളം രഞ്ജിത്ത് മേനോൻ, മുരിയമംഗലം രാജു, ഊരകം ജിനേഷ്, പള്ളിപ്പുറം ശ്രീകുമാർ എന്നിവർ ഒരുക്കിയ പഞ്ചാരിമേളപ്പെരുക്കത്തിൽ കുടമാറ്റവും വർണക്കാഴ്ചയായി. ആയിരക്കണക്കിനു പേരാണ് പൂരം കാണാൻ എത്തിയത്. രാവിലെ ആനയൂട്ട് , ചമയപ്രദർശനം, പഞ്ചാരിമേളം എന്നിവ ഉണ്ടായിരുന്നു.
പൂരത്തിനു സൗത്ത് ഇന്ത്യൻ വിനോദ് ദീപം തെളിച്ചു.ക്ഷേത്രത്തിലെ മീന ഭരണ ഉത്സവത്തിനു തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലം എസ്.ദാമോദരൻ നമ്പൂതിരി, മേൽശാന്തി സുധാംശു നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റി. എല്ലാ ദിവസവും രാവിലെ 8.30ന് പഞ്ചഗവ്യ നവക കലശപൂജകൾ, രാവിലെയും വൈകിട്ടും ശ്രീഭുതബലി, ശ്രീബലി, വൈകിട്ട് 6ന് സോപാന സംഗീതം. ഇന്ന് രാത്രി 7.30ന് നാടകം. നാളെ രാത്രി 7.30ന് നാടകം.26ന് വൈകിട്ട് 7.30ന് ഗാനമേള, 27ന് വൈകിട്ട് 7.30ന് നൃത്തം. 28ന് വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, 7.15ന് നങ്ങ്യാർക്കൂത്ത്, 7.30ന് ഗാനമേള.29ന് രാവിലെ 9ന് ഉത്സവബലി, 12ന് അന്നദാനം, വൈകിട്ട് 6ന് നൃത്തം, 7.30ന് നാടകം, 30ന് രാവിലെ സർപ്പപൂജ, നൂറും പാലും, 7.30ന് ഗാനമേള. 31ന് വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര, 7.30ന് ബംപർ ചിരി മേളം 12ന് പള്ളിവേട്ട,.ഏപ്രിൽ 1ന് വൈകിട്ട് 5ന് കെട്ടുകാഴ്ച, ആറാട്ട്, രാത്രി ചൂട്ടേറ് കളി, നൃത്തനാടകം എന്നിവയോടെ ഉത്സവം സമാപിക്കും.