പഞ്ചായത്തംഗത്തിന്റെ ശ്രമം: ശ്യാമിന് ഇനി സുന്ദര പാതയിലൂടെ യാത്ര ചെയ്യാം

Mail This Article
കൊല്ലം∙ പുറം ലോകത്തെ കാഴ്ചകൾ കാണാൻ സുന്ദര പാതയിലൂടെ ശ്യാമിന് ഇനി സുരക്ഷിതമായി യാത്ര ചെയ്യാം. ഭിന്നശേഷിക്കാരനായ മയ്യനാട് വലിയവിള കൊന്നയിൽ വീട്ടിൽ ശ്യാമി (38)നാണ് പഞ്ചായത്തംഗത്തിന്റെ ശ്രമഫലമായി പാത ഒരുക്കിയത്. കുണ്ടും കുഴിയുമായ പാതയിലൂടെ ഇഴഞ്ഞു നീങ്ങിയപ്പോൾ കാൽമുട്ടുകൾക്കുണ്ടായ മുറിവുകളുടെ വേദന ഇന്നും മനസ്സിലുണ്ട്. അതിനൊക്കെ പരിഹാരമായതിന്റെ സന്തോഷത്തിലാണ് ശ്യാം. പ്രധാന റോഡിൽ നിന്ന് ഏകദേശം 50 മീറ്ററോളം അകത്ത് താഴ്ചയിലാണ് ശ്യാമിന്റഎ വീട്.
നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയ ജീവിതം. സുഹൃത്തുക്കളെയും നാട്ടുകാരെയും സഹപാഠികളെയും കാണാനും സമീപത്തെ ക്ഷേത്ര ദർശനത്തിന് എത്താനുമുള്ള ആഗ്രഹം എന്നും മനസ്സിലുണ്ടായിരുന്നു. പരിമിതമായ ഈ ആഗ്രഹങ്ങൾക്കു തടസ്സമായതു നല്ലൊരു പാതയാണ്. കുണ്ടുംകുഴിയും നിറഞ്ഞ പാതയിലൂടെ ശ്യാമിനെ എടുത്തു കൊണ്ടു വരിക എന്നതു വീട്ടുകാർക്കും വെല്ലുവിളിയായിരുന്നു. നല്ലൊരു പാത നിർമിച്ചു നൽകണമെന്ന വർഷങ്ങളായുള്ള ആവശ്യം പഞ്ചായത്തംഗം ആർ.എസ് അബിൻ യാഥാർഥ്യമാക്കി കൊടുത്തു.
ചെറിയ വർക്ക് ആയതിനാൽ പാതയുടെ നിർമാണം ഏറ്റെടുക്കാൻ ആരും തയാറായില്ല. ഒടുവിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 40,000 രൂപ ചെലവഴിച്ചു പാത നിർമിച്ചു നൽകുകയായിരുന്നു. അമ്മയും സഹോദരിയും സഹോദരി ഭർത്താവും കുട്ടികളും ഉൾപ്പെടുന്നതാണ് ശ്യാമിന്റെ കുടുംബം. പിതാവ് വർഷങ്ങൾക്കു മുൻപ് മരിച്ചു. അമ്മയാണ് ശ്യാമിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ട്. അതിനെല്ലാം സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശ്യാം.