സുരക്ഷ കാറ്റിൽപറത്തി അറുപറ സംരക്ഷണ ഭിത്തി നിർമാണം

Mail This Article
കോട്ടയം ∙ സുരക്ഷാ സംവിധാനങ്ങൾ കാറ്റിൽ പറത്തി കുമരകം റോഡിലെ അറുപറ സംരക്ഷണ ഭിത്തി നിർമാണം. നിർമാണത്തിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ച് താറുമാറായി. 51 മീറ്റർ നീളത്തിലാണ് സംരക്ഷണ ഭിത്തി നിർമാണം. റോഡിന്റെ ഒരുഭാഗം മുഴുവൻ പൊട്ടിപ്പൊളിഞ്ഞതിനാൽ വാഹനങ്ങൾ ക്രമം തെറ്റിച്ചാണ് പോകുന്നത്. പകൽ ഗതാഗതക്കുരുക്ക് രൂക്ഷം. തോടിന്റെ വശത്ത് മണ്ണിട്ട് ഉയർത്തിയാണ് നിർമാണം. ഇവിടെയും വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങളില്ലാത്തതിനാൽ യാത്രക്കാർ അപകട ഭീഷണിയിലാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുന്നത് നിത്യസംഭവം.

2 ദിവസത്തിനുള്ളിൽ 6 ബൈക്ക് യാത്രികർ ഇവിടെ അപകടത്തിൽപ്പെട്ടു. സുഗമമായ ഗതാഗതത്തിനു നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. മണ്ണുമാന്തി ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും റോഡിന്റെ വശത്താണ് ഇട്ടിരിക്കുന്നത്. തെരുവ് വിളക്കുകളുടെ അഭാവവും രാത്രിയിലെ അപകടത്തിനു കാരണമാകുന്നു.മീനച്ചിലാറിന്റെ കൈവഴിയായ തോട് കുറച്ച് ഭാഗം നികത്തി റോഡിനു വീതി കൂട്ടുകയും സംരക്ഷണ ഭിത്തി നിർമിക്കാനുമാണ് പദ്ധതി. തോട്ടിലേക്കു 2 അടി വീതിയിൽ നികത്തിയാണ് സംരക്ഷണ ഭിത്തി നിർമാണം.
തോടിന്റെ വീതി കുറച്ചു റോഡിനു വീതി കൂട്ടുന്നു.തോട്ടിൽ നാട്ടിയ തെങ്ങിൻ തൂണുകളെ ബന്ധിച്ച് പനമ്പ് മറ വച്ച ശേഷം പൂഴിമണ്ണിട്ടാണു തോട് നികത്തിയത്. നികത്തിയ ഭാഗം നിലവിലുള്ള റോഡുമായി ചേർത്ത് ഗതാഗത യോഗ്യമാക്കും. അറുപറ പാലം വരെ സംരക്ഷണ ഭിത്തിവേണമെന്നു ആവശ്യം പരിഗണിച്ചിട്ടില്ല. തോടിന്റെ സമീപത്തെ റോഡിന്റെ അപകട സ്ഥിതി മാറണമെങ്കിൽ പാലം വരെയെങ്കിലുമുള്ള സ്ഥലം വീതി കൂട്ടി സംരക്ഷണ ഭിത്തി കെട്ടണം. ഇതിനു നടപടിയായിട്ടില്ല. ഒന്നര വർഷം മുൻപ് കരാർ നൽകി. 6 മാസം മുൻപാണ് പണികൾ തുടങ്ങിയത്.