ADVERTISEMENT

കോട്ടയം ∙ ഇടതു തരംഗത്തിലും ഹാട്രിക് വിജയത്തോടെ കോട്ടയം കോട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ കാത്തു. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ ലീഡ് നിലനിർത്തിയാണു വിജയം. വിജയരഹസ്യം ലളിതം, എന്നാൽ ശക്തം. കോട്ടയത്തു നടത്തിയ വികസനവും ജനങ്ങളുമായുള്ള ബന്ധവും. ഇവ വോട്ടാക്കുന്നതിൽ സഹായിച്ചതു ചിട്ടയായ പ്രചാരണവും. പോളിങ്ങിനു ശേഷം നടത്തിയ കണക്കെടുപ്പിലും കോട്ടയത്തു വിജയിക്കാൻ സാധ്യതയില്ലെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടൽ. സിപിഎമ്മിനും തിരുവഞ്ചൂരിന്റെ വിജയം സംബന്ധിച്ചു സംശയമുണ്ടായിരുന്നില്ല.

എൽഡിഎഫ് സ്ഥാനാർഥി കെ.അനിൽകുമാർ കടുത്ത മത്സരമാണു കാഴ്ചവച്ചത്. നദീസംയോജന പദ്ധതിയുടെ അമരക്കാരൻ എന്ന നിലയിലുള്ള പ്രവർത്തനമികവ് അനിൽകുമാറിനു തിരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്തു. ഇതു തിരിച്ചറിഞ്ഞ് തിരുവഞ്ചൂർ മുൻകൂട്ടി ചിട്ടയായ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ചതിനാലാണ് എൽഡിഎഫ് തരംഗത്തിലും ആടിയുലയാതെ നിൽക്കാൻ കഴിഞ്ഞത്. 

തകർക്കാൻ കഴിയാതെ ആകാശപ്പാത 

തിരുവഞ്ചൂരിനെ പൂട്ടാൻ സിപിഎം കണ്ടെത്തിയ ആയുധമായിരുന്നു പൂർത്തിയാകാത്ത ആകാശപ്പാതയ്ക്കെതിരായ വിമർശനം. അതേ ആയുധം വികസനമുരടിപ്പിന്റെ തെളിവായി തിരുവഞ്ചൂർ എൽഡിഎഫിനു നേരെ തിരിച്ചുവിട്ടു. മണ്ഡലത്തിൽ 8 മണ്ഡലം കമ്മിറ്റികൾ രൂപീകരിച്ചാണു തിരഞ്ഞെടുപ്പു പ്രവർത്തനത്തിന് അടിത്തറയിട്ടത്. കുടുംബയോഗങ്ങളായിരുന്നു ശക്തി. 2011ൽ അടൂരിൽ നിന്നു കോട്ടയത്തു സ്ഥാനാർഥിയായി എത്തുമ്പോൾ മണ്ഡലത്തിന്റെ മുഖഛായ മാറ്റുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. കേരളം ഉറ്റുനോക്കുന്ന മന്ത്രിയായി പ്രവർത്തിച്ചു.

വികസന പദ്ധതികളുമായി മുന്നോട്ടു പോയി. 2016–ൽ വീണ്ടും ജയിച്ചെങ്കിലും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പ്രതീക്ഷിച്ച രീതിയിൽ വികസനപ്രവർത്തനങ്ങൾ നടന്നില്ല. തുടങ്ങിവച്ച പദ്ധതികൾ പലതും പാതിവഴിയിൽ നിർത്തേണ്ടിവന്നു. വികസനമുരടിപ്പിന്റെ കാരണം എൽഡിഎഫ് സർക്കാരിന്റെ തെറ്റായ സമീപനമാണെന്ന വാദം ശക്തമായി ഉയർത്താൻ തിരഞ്ഞെടുപ്പു വേളയിലും അദ്ദേഹത്തിനു കഴിഞ്ഞു. മണ്ഡലത്തിലെ കോട്ടയം നഗരസഭയും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും യുഡിഎഫ് ആണു ഭരിക്കുന്നത്. തിരുവഞ്ചൂരിന്റെ ഭൂരിപക്ഷം കുറച്ചെന്നു സിപിഎമ്മിന് ആശ്വസിക്കാം.

പുറത്താകാതെ

വർഷം, മണ്ഡലം, ഭൂരിപക്ഷം 

നിയമസഭയിലേക്ക്

1987: കോട്ടയം– പരാജയം

1991: അടൂർ – 5,767

1996: അടൂർ – 9,201

2001: അടൂർ – 15,340

2006: അടൂർ – 18,468

2011: കോട്ടയം – 711

2016: കോട്ടയം – 33,632

2021: കോട്ടയം– 18743

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com