ADVERTISEMENT

കോട്ടയം ∙ സംസ്ഥാന സർക്കാർ ഏറ്റെടുത്ത എച്ച്എൻഎല്ലിനു പകരം സ്ഥാപിക്കുന്ന കമ്പനിക്കു മാതൃക തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തമിഴ്നാട് പേപ്പർ ലിമിറ്റഡ് (ടിഎൻപിഎൽ).  വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കരൂരിലെ ടിഎൻപിഎൽ പ്ലാന്റ്  സന്ദർശിച്ചു. ഈയാഴ്ചയോടെ പേപ്പർ കമ്പനിയുടെ രൂപീകരണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് വ്യവസായ വകുപ്പ് സർക്കാരിനു കൈമാറും.

വെള്ളൂരിൽ കൂടി പോകുന്ന ബസിൽ വെള്ളൂർ എച്ച്പിസി എന്ന ബോർഡ്.
വെള്ളൂരിൽ കൂടി പോകുന്ന ബസിൽ വെള്ളൂർ എച്ച്പിസി എന്ന ബോർഡ്.

രാജ്യാന്തര തലത്തിൽ വിജയകരമായി പ്രവർത്തിക്കുന്ന പൊതുമേഖലയിലെ പേപ്പർ കമ്പനിയാണ് ടിഎൻപിഎൽ. അവരുടെ വിജയഫോർമുല ഉൾക്കൊണ്ട് പുതിയ കമ്പനി രൂപീകരിക്കുന്നതിനാണ് അവിടെ സന്ദർശനം നടത്തിയതെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. വർഷം 6 ലക്ഷം മെട്രിക് ടൺ പേപ്പറാണ് ടിഎൻപിഎല്ലിന്റെ വാർഷിക ഉൽപാദനം. 6,000 ജീവനക്കാരുണ്ട്. ലക്ഷം ടണ്ണാണ് എച്ച്എൻഎല്ലിന്റെ ഉൽപാദന ശേഷി. കരിമ്പിൻ ചണ്ടിയാണ് ടിഎൻപിഎല്ലിന്റെ അസംസ്കൃത വസ്തു. മുളയും യൂക്കാലിറ്റസും അരച്ചുള്ള പൾപ്പാണ് എച്ച്എൻഎൽ അസംസ്കൃത വസ്തു. 

കമ്പനിയുടെ പേരു മാറി, ജീവനക്കാരുടെ  വിലാസമോ 

സർക്കാർ ഏറ്റെടുത്ത് പേരുമാറ്റിയെങ്കിലും എച്ച്എൻഎല്ലിലെ പഴയ ജീവനക്കാരുടെ ജോലി സംബന്ധിച്ച് തീരുമാനമായിട്ടില്ല. പുതിയ കമ്പനി ആരംഭിക്കുന്നതിന്റെ നടപടി ക്രമം പൂർത്തിയാകാത്തതാണ് കാരണം. കേരള പേപ്പർ ലിമിറ്റഡ്, കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് എന്നീ പേരുകളാണ് കമ്പനി റജിസ്ട്രാർക്ക് സംസ്ഥാന സർക്കാർ സമർപ്പിച്ചത്. അന്തിമ തീരുമാനമായില്ല. പഴയ കമ്പനിയിലെ ജീവനക്കാർക്ക് സാങ്കേതികമായെങ്കിലും ജോലി നഷ്ടപ്പെട്ടു. ഇവരെ പുനർനിയമിക്കണം. അതു സംബന്ധിച്ച് ചർച്ച സർക്കാരാണ് നടത്തേണ്ടത്. കരാർ തൊഴിലാളികൾ അടക്കം 513 ജീവനക്കാരാണ്  എച്ച്എൻഎല്ലിൽ  ഉണ്ടായിരുന്നത്. 

ജീവനക്കാരുടെ ആശങ്കകൾ 

∙ കമ്പനി ആസ്തി കൈമാറുന്നതിനൊപ്പം ജീവനക്കാരെ കൂടി കൈമാറണം. ആ നടപടി ആരംഭിച്ചിട്ടില്ല. എല്ലാ ജീവനക്കാരെയും നില നിർത്തുമോയെന്ന് ആശങ്ക.
∙ കമ്പനിയുടെ കൈമാറ്റം എതിർത്ത് ധനകാര്യ സ്ഥാപനങ്ങളും മറ്റും അപ്പീൽ നൽകി. ഇതു തുടർ നടപടികളെ ബാധിക്കുന്നു.
∙ ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ശമ്പളം, സീനിയോറിറ്റി എന്നിവയിൽ ആശങ്ക. 2007 ലാണ് അവസാനം ശമ്പള പരിഷ്കരണം നടന്നത്. 2017 ൽ ശമ്പള പരിഷ്കരണം നടക്കേണ്ടതായിരുന്നു. ശമ്പളം നിശ്ചയിക്കുന്ന മാനദണ്ഡം സംബന്ധിച്ചും അവ്യക്തത. ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് മാതൃകയാക്കണമെന്നും ആവശ്യം.
∙ ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച് അവ്യക്തത.
∙ വിരമിച്ചവർക്ക് പെൻഷൻ ആനൂകൂല്യം മുഴുവനായി ലഭിച്ചിട്ടില്ല. 35 ശതമാനം മാത്രമാണ് ലഭിച്ചത്.

പേരു മാറിയാലും മനസ്സിലെന്നും എച്ച്എൻഎൽ

വെള്ളൂർ ∙ വെള്ളക്കടലാസിൽ വെള്ളൂരിന്റെ വിലാസം അച്ചടിച്ചുനൽകിയത് എച്ച്എൻഎൽ എന്ന മൂന്നക്ഷരമാണ്. പേപ്പർ കമ്പനിയുടെ ബോർഡിൽ നിന്ന് എച്ച്എൻഎൽ എന്ന പേര് സർക്കാർ തന്നെ മായ്ക്കുകയാണ്. എന്നാൽ നാടിന്റെ മനസ്സിൽ എഴുതിച്ചേർത്ത പേര് അത്ര എളുപ്പം മായുമോ ? 

‘ഞങ്ങൾ എച്ച്പിസി എന്ന് ബോർഡിൽ എഴുതും, എന്നിട്ട് എച്ച്എൻഎൽ എന്നു വിളിച്ച് ബസിൽ ആളെ കയറ്റും ’ പേരുമാറ്റം എളുപ്പമല്ലെന്നു വൈക്കം–വെള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന ടീന ബസ് ഉടമ പി. പോൾ അലക്സ് പറഞ്ഞു. ‘ ബസുകളിൽ ഇപ്പോഴും ബോർഡ് എച്ച്പിസി എന്നാണ്. പിന്നെ എച്ച്എൻഎൽ എന്നു മാറ്റി. നാട്ടുകാർക്ക് ഈ സ്ഥലം എച്ച്പിസിയും എച്ച്എൻഎല്ലുമാണ്. അതങ്ങനെ തുടരില്ലേ.?’ പോൾ ചോദിക്കുന്നു. വെള്ളൂർ ഗ്രാമത്തിന്റെ വിലയും വിലാസവും ഈ കമ്പനിയാണ്. സർക്കാർ ഏറ്റെടുത്തതോടെ പേരു മാറ്റി. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) എന്ന പേരു മാറും. 

ആദ്യ പേര് ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ (എച്ച്പിസി) എന്നായിരുന്നു. പിന്നീട് ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡായി (എച്ച്എൻഎൽ).  മുഴുവൻ പേരു പറയേണ്ട എവിടെയും എച്ച്എൻഎൽ എന്നായി ക്രമേണ. ‘എച്ച്എൻഎല്ലിനെ തേടി ഇനിയും ആളുകൾ വരും’ പോസ്റ്റ് മാസ്റ്റർ നിഖിൽ മഹേശ്വർ പറഞ്ഞു. ‘എച്ച്എൻഎൽ എന്ന പേര് കമ്പനി ബോർഡുകളിൽ നിന്നു മായുമായിരിക്കാം. എന്നാൽ ജനങ്ങളിൽ നിന്നു മായില്ല. എച്ച്എൻഎൽ എന്ന പേരിൽ കത്തുകൾ ഇനിയും എത്തും– നിഖിൽ പറഞ്ഞു. 

ഔദ്യോഗിക പേര് ന്യൂസ് പ്രിന്റ് നഗർ എന്നാണ്. പക്ഷേ പറയാൻ എളുപ്പം എച്ച്എൻഎൽ എന്നായതിനാൽ നാട്ടുകാരും അതു സ്വീകരിച്ചു. കടകളുടെയും ബാങ്കിന്റെയും ആശുപത്രിയുടെയും ബോർഡുകളിലും സ്ഥാനം എച്ച്എൻഎല്ലിനു തന്നെ. എച്ച്എൻഎൽ മാറിയാൽ സ്റ്റിക്കറൊട്ടിച്ച് ബോർഡിലെ പേരു മറയ്ക്കുമെന്നാണ് ബേക്കറി ഉടമ ബേബി പറയുന്നത്. ബാങ്കിന്റെ പേരു മാറ്റുന്നത്തിൽ തീരുമാനമായിട്ടില്ല. എച്ച്എൻഎൽ എന്ന പേരിൽ ലഭിച്ചിരുന്ന അഭിമാനം പിൻകാലത്തു സഹതാപമായി മാറി.– സൂപ്പർ മാർക്കറ്റ് നടത്തുന്ന പ്രദീപ് പറയുന്നു. 

‘എച്ച്എൻഎൽ എന്ന പേരു നോക്കിയാണ് ഞങ്ങൾ എത്തിയത്’. എച്ച്എൻഎല്ലിനു മുന്നിലെ ആനന്ദഭവൻ ഹോട്ടൽ ഉടമ എസ് നമ്പിരാജ് പറഞ്ഞു. കന്യാകുമാരിയാണ് സ്വദേശം. കമ്പനിക്കു സമീപത്ത് ഹോട്ടൽ ആരംഭിച്ചാൽ ലാഭകരമാകുമെന്ന ചിന്തയാണ് നമ്പിരാജിനെ ഇവിടെ എത്തിച്ചത്. ‘  25 തൊഴിലാളികൾ ഉണ്ടായിരുന്നു. ദിവസേന 45 കിലോ അരി വച്ചാലും തികയില്ലാതിരുന്നിടത്ത് ഇന്നു പോയത് 7 ഊണാണ്– നമ്പിരാജ് പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com