വേമ്പനാട്ടു കായലിൽ മല്ലി കക്കാ ഖനനം; ദിവസങ്ങൾ മാത്രം വളർച്ച എത്തിയ ഇവ കൊണ്ടുപോകുന്നത് അയൽ സംസ്ഥാനത്തേക്ക്
Mail This Article
വൈക്കം ∙ മല്ലി കക്കാ ഖനനത്തിനെതിരെ പ്രതിഷേധം ഉയരുന്നു. ദിവസങ്ങൾ മാത്രം പ്രായമുള്ള കക്കകളാണ് മല്ലി കക്ക. വേമ്പനാട്ടു കായലിൽ നിന്നാണ് അനധികൃതമായി മല്ലി കക്ക ഖനനം ചെയ്യുന്നത്. ദിവസങ്ങൾ മാത്രം വളർച്ച എത്തിയ മല്ലി കക്കാ ഖനനം നടത്തുന്നതോടെ കായലിൽ കക്കയുടെ ലഭ്യത വളരെ കുറഞ്ഞു. കോവിഡിൽ നട്ടം തിരിയുന്ന പരമ്പരാഗത കക്കാ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്ന അവസ്ഥയാണ്.
സിമന്റ് കമ്പനി, വള നിർമാണ ശാല എന്നിവിടങ്ങളിലേക്കും അയൽ സംസ്ഥാനത്തേക്ക് കോഴിത്തീറ്റ തയാറാക്കാനാണ് മല്ലി കക്ക ഖനനം നടത്തുന്നത്. വെച്ചൂർ മുതൽ പൂത്തോട്ട വരെയുള്ള ഭാഗത്ത് ഒട്ടേറെ പേർ മല്ലി കക്കയുടെ ഖനനം നടത്തുന്നുണ്ട്. താൽക്കാലിക ലാഭം നോക്കി ആയാസമില്ലാതെ കക്കാ വാരി വള്ളം നിറച്ച് മിനിറ്റുകൾ കൊണ്ട് സ്ഥലം വിടുകയാണ് ഇവർ. മല്ലി കക്ക ഒരു കുട്ടയ്ക്ക് 50രൂപയും വലിയ കക്കയ്ക്ക് 70 രൂപയുമാണ് വില. എന്നാൽ വലിയ കക്കയ്ക്ക് സംഘങ്ങളിൽ സംഭരിക്കുമ്പോൾ നികുതി നൽകണം. മല്ലി കക്ക സംഘങ്ങൾ സ്വീകരിക്കില്ല.
സ്വകാര്യ വ്യക്തികൾ സംഭരിക്കുന്നതിനാൽ നികുതി നൽകാറില്ല. വേമ്പനാട്ട് കായലിൽ പല പ്രദേശങ്ങളിലായി 14 കക്ക പുനരുജ്ജീവന കേന്ദ്രങ്ങൾ ഫിഷറീസ് വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഈ സ്ഥലങ്ങളിലും ഫിഷറീസ് അധികൃതരുടെ പരിശോധന നടക്കാത്തതിനാലാണ് ഖനനം വ്യാപകമാകുന്നത്.
കഴിഞ്ഞ ദിവസം ടിവിപുരം പള്ളിപ്രത്തുശേരി ഭാഗത്ത് അനധികൃത മല്ലി കക്ക ഖനനത്തിൽ ഏർപ്പെട്ടവരും മൂത്തേടത്തുകാവ് കക്ക സംഘം പ്രവർത്തകരായ പരമ്പരാഗത തൊഴിലാളികളുമായി വാക്കേറ്റം ഉണ്ടായി. മല്ലി കക്ക വാരൽ നിർത്തലാക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പരമ്പരാഗത തൊഴിലാളികൾ പറഞ്ഞു.