കവിത; ഞാനറിഞ്ഞ കടൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാര ജേതാവ് അനഘ ജെ.കോലത്ത്

Mail This Article
കോട്ടയം ∙ ‘നിനക്കു ജീവൻ നൽകാനല്ലേ പൊലിച്ചു ഞാനെൻ സ്വപ്നം. നിന്നിലുണർന്നു ജ്വലിക്കാനല്ലോ കൊതിച്ചതെന്റെ വികാരം’: കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരത്തിന് അർഹയായ അനഘ ജെ.കോലത്തിന്റെ ‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന കവിത തുടങ്ങുന്നത് ഈ വരികളിലാണ്.രണ്ടാം ക്ലാസ് മുതൽ കവിത എഴുതിത്തുടങ്ങിയ അനഘ, പാലാ കൈരളി ശ്ലോക രംഗത്തിലൂടെയാണ് എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് എത്തിയത്. വല്യച്ഛൻ കെ.എൻ.വിശ്വനാഥൻ നായരുടെ പ്രേരണയിൽ ശ്ലോകങ്ങൾ ചൊല്ലിക്കേൾക്കാൻ ആരംഭിച്ചു. പതിയെ എഴുത്തിന്റെ വഴിയിലേക്കു വന്നു.
താൽക്കാലിക പ്രണയത്തെക്കാൾ ശാശ്വത പ്രണയത്തിനാണു ലോകത്തു വിലയെന്നുറപ്പിക്കുന്ന വരികളാണ് അനഘയുടേത്. കുട്ടിക്കാലത്തു തന്നെ പാലാ നാരായണൻ നായർ, വിഷ്ണു നാരായണൻ നമ്പൂതിരി തുടങ്ങിയവകർ കവിത ചൊല്ലുന്നതു കേൾക്കാനും അവരെ പരിചയപ്പെടാനും ഭാഗ്യം സിദ്ധിച്ചു. അതു ജീവിതത്തിൽ വലിയ ഭാഗ്യമായി അനഘ കരുതുന്നു. മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി രണ്ടാമത്തെ സമാഹാരമാണ്. 2019ൽ ഒഎൻവി യുവ സാഹിത്യ പുരസ്കാരം ഇതിനു ലഭിച്ചിട്ടുണ്ട്. ആദ്യ സമാഹാരം ‘ഞാനറിഞ്ഞ കടൽ’ ആയിരുന്നു. രണ്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള പഠനകാലയളവിൽ എഴുതിയ കവിതകൾ സമാഹരിച്ചതാണ് പുസ്തകം.
ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം നേടിയ അനഘ എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നു മലയാളത്തിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. അച്ഛൻ കെ.എൻ.ജയചന്ദ്രൻ ജില്ലാ സഹകരണ ബാങ്കിൽ ഡപ്യൂട്ടി ജനറൽ മാനേജറായി വിരമിച്ചു. അമ്മ ടി.ജി.ശ്യാമളാ ദേവി (റിട്ട. അധ്യാപിക). സഹോദരിമാർ: അഞ്ജന, അർച്ചന.